Thursday, October 13, 2011

വോയിസ് ബേസ്ട് നാവിഗേഷന്‍


തലക്കെട്ട് കണ്ടിട്ട്, ഇവനിതെന്തുപറ്റി ,ടെക്`നിക്കലിലേക്ക് കടന്നോ ? നന്നാവാന്‍ തീരുമാനിച്ചോ? അല്ല എലിപ്പനി പിടിച്ചോ ? എന്നൊന്നും തെറ്റിദ്ധരിച്ചു കളയല്ലേ. തലക്കെട്ടിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കുതന്നെ നല്ല നിശ്ചയമില്ല, വായിച്ചുകഴിഞ്ഞിട്ടു നിങ്ങള്‍ക്കെങ്കിലും മനസ്സിലാവുമോ എന്നു നോക്കൂ.


ഇത്തവണ മലപ്പുറത്തിന്റെ മുത്തായ ജമാലും അവന്റെ കൂടെ, ഇനിയുമൊരങ്കത്തിന്  കൂടി ബാല്യമുണ്ടെന്ന് തെളിയിച്ചുകൊണ്ട് ഡില്ലുമോനും, ഒപ്പം നിങ്ങളുടെ കണ്ണിലുണ്ണിയായ കുട്ടപ്പനും മടങ്ങി വരുന്നു


(ഈ കഥാപാത്രങ്ങള്‍ ആരെന്നറിയാത്ത ചരാചരങ്ങള്‍ എന്റെ മുന്‍ പോസ്റ്റുകളില്‍ മുങ്ങിത്തപ്പുക, മുകളില്‍പ്പറഞ്ഞ ജന്മങ്ങള്‍ എവിടെയെങ്കിലുമൊക്കെ ഒളിച്ചിരിപ്പുണ്ടാകും)


16850309...എന്റര്‍...


ലോഡിംഗ്...


പ്രോഗ്രസ്സ് ബാറിന്റെ പച്ചപ്പ് കൂടി കൂടി വരുന്നു...


മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റം...


'പേജ് കാനോട്ട് ബി ഡിസ്പ്ലേയ്ട്'...എന്നു തെളിഞ്ഞത് ആവശ്യമില്ലാഞ്ഞിട്ടു കൂടി വായിച്ചു. 


ഹോ നാശം...


റിഫ്രഷ്...


16850309...എന്റര്‍...


ലോഡിംഗ്...


പേജ് ലോഡാവുന്നതും നോക്കി സൈറ്റിന്റെ മുന്നിലിരുന്ന അവന്റെ മനസ്സില്‍ ഉയര്‍ന്നു കേട്ടത് ഒരേയൊരു പ്രാര്‍ത്ഥന മാത്രം...'ദൈവമേ ഇത്തവണ കിട്ടണേ'.


ഇത് അവസാനത്തെ ചാന്‍സാണ്. ഇനിയൊരു പ്രാവശ്യം ബാങ്ക് പരീക്ഷ എഴുതാന്‍ പ്രായം അനുവദിക്കില്ല. കഴിഞ്ഞ ഒന്നൊന്നര കൊല്ലത്തിനിടയ്ക്ക് ജമാലിന് ഇത് പത്താമത്തെ ബാങ്ക് ടെസ്റ്റ്.    


ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍പ്പെട്ടു അവന്‍ തന്റെ ഒന്നാമത്തെ ബാങ്ക് ടെസ്റ്റിന്റെ ഞായറാഴ്ചയില്‍ ചെന്നെത്തി നിന്നു. 
.........................................................................................................
ട്രിങ്ങ് ട്രിങ്ങ്...ട്രിങ്ങ് ട്രിങ്ങ്


ഏത് ഹമുക്കാണ്‍ടാ ഈ കൊച്ചുവെളുപ്പാന്‍കാലത്ത്... ഒറക്കം കളയാനെക്കൊണ്ട് 
'നിതിന്‍ കോളിങ്ങ്'     


ജമാല്‍ :ഹലോ...എന്താ സൈത്താനേ..നേരം വെളുത്തല്ലെയുള്ളൂ.     


നിതിന്‍: നിന്റെ നാട്ടില്‍ 8.30 ന് ആണോ നേരം വെളുക്കുന്നത് ?   


ജമാല്‍ : ഞായറാഴ്ച ചെലപ്പം 9.30 ആവും, ജ് കാര്യം പറ. ന്ന്ട്ട് വേണം നിക്ക് കണ്ടോണ്ടിരുന്ന  കിനാവ് മുയുവനാക്കാന്‍.      


നിതിന്‍ :ഡാ മരക്കഴുതേ, നിനക്കു ഇന്ന് ബാങ്ക് ടെസ്റ്റ് ഇല്ലേ ?


ജമാല്‍ :പടച്ചോനേ...പറഞ്ഞപോലെ ഇന്നാണല്ലാ ബാങ്ക് പരീക്ഷ...


നിതിന്‍ : 9.30 തുടങ്ങും, പുതുതായി കണ്ടുപിടിച്ച ന്യൂട്രീനോയുടെ വേഗത്തില്‍ ഓടിയാല്‍ അപ്പോഴേക്കും ഹാളിലെത്താം


ജമാല്‍ :ഡാ സുവര്‍ , ഞാനപ്പം പരൂക്ഷ കഴിഞ്ഞിട്ടു ബിളിക്കാം   


നിതിന്‍ :എന്തൊക്കെ കൊണ്ടുപോകണം എന്നറിയാമോ ?


ജമാല്‍ : ബൈക്ക് ,മൊബൈല് പിന്നെ ഒരു പെന്ന്                                  


നിതിന്‍ : വേണ്ടെടാ, പെന്ന് ഹാളില്‍ അടുത്തിരിക്കുന്ന ആള്‍ തരും

ജമാല്‍ : ശരിയാ , അപ്പോ നേരെ അങ്ങ് പോയ മതി അല്ലേ! അല്ലെങ്കി വേണ്ട ,  പെന്ന് കൊണ്ടോവാം, അടുത്തിരിക്കുന്നവനും എന്റടുത്തൂന്ന് പെന്ന് വാങ്ങി എഴുതാം എന്ന് ബിചാരിച്ച് വന്നതാണെങ്കിലാ ?...     
എന്നും പറഞ്ഞു ജമാല്‍ ഫോണ്‍ കട്ട് ചെയ്തു.    



9 മണി ആയപ്പോഴേക്കും റെഡിയായി ബൈക്ക് എടുത്തു. 


അള്ളാ...കോള്‍ ലെറ്റര്‍ വേണല്ലാ ! ഇനിയിപ്പം എവടന്ന് ഡൌണ്‍ലോട് ചെയ്യും?...അഭിയെ വിളിച്ചു പറയാം...ഓനാവുമ്പ പ്രിന്‍റൌട്ടും എടുത്തുവെക്കും.


വായു വേഗത്തില്‍ കരിഷ്മ ജമാലിനെ അഭിയുടെ വാതിലില്‍ എത്തിച്ചു.         


സമയം 9 മണി...ഹാളില്‍ കയറണ്ട സമയം...എന്തായാലും അഭിയുടെ വീട്ടിലെ ഹാളില്‍ കയറാം.


അഭി : വാ ജമാലെ , ഇരിക്ക്


ജമാല്‍ : വാലിന് തീ പിടിച്ക്ക്`ണ് ...ജ് വേഗം ഐറ്റം കൊണ്ടാ


അഭി : ഇതാ പ്രിന്‍റൌട്ട്, രണ്ടു പേജുണ്ട്, ഞാന്‍ സൈറ്റില്‍ നോക്കിയപ്പോള്‍ ഇതിന്റെ കൂടെ ഐ.ഡി.ന്റെ കോപ്പി വേണം, പിന്നെ ഫോട്ടോ.  


ജമാല്‍ : അതൊക്കെ ഞമ്മക്ക് എന്തെങ്കിലും ചെയ്യാ...ഒക്കെ, എറങ്ങട്ടെ.


അഭി : കഴിഞ്ഞിട്ടു വിളിക്കണേ  


ജമാല്‍ : ഞാന്‍ ശ്രമിക്കാ...ഒറപ്പ് പറയാമ്പറ്റില്ല 


സമയം 9.30. ഹാളില്‍ പരീക്ഷ തുടങ്ങുന്നതിനുള്ള മണി മുഴങ്ങിയതും ഓടുന്ന വണ്ടിയിലേക്ക് ചാടിക്കയറിയവനെപ്പോലെ ജമാല്‍ ഹാളിലേക്ക് കടന്നതും ഒരേ നിമിഷാര്‍ദ്ധത്തില്‍ തന്നെ. 
പരീക്ഷാ നിരീക്ഷകന്‍ ദേഷ്യം കലര്‍ന്ന ഭയത്തോടെ ജമാലിനെ ഒന്നു നോക്കി.


'സാറേ ഞാനും കൂടിണ്ട് പരീക്ഷ എയ്`താന്‍'


എക്സാമിനാര്‍ : കാള്‍ ലെറ്റര്‍ , ഐ.ഡി. ഒറിജിനല്‍, സെറോക്സ്, ഫോട്ടോ, ചാലാനിന്റെ വൌച്ചര്‍ പിന്നെ പെന്‍സില്‍ ,റബ്ബര്‍, ഒരു പെന്‍.


ജമാല്‍ : ഒരു ഗ്ലാസ് വെള്ളം.


എക്സാമിനാര്‍ : ക്വസ്റ്റ്യന്‍ പേപ്പര്‍ കാണുമ്പോ ഒരു ലിറ്റര്‍ വെള്ളം നീ കുടിച്ചോളും. ഞാന്‍ പറഞ്ഞതൊക്കെ എടുത്തു മേശപ്പുറത്ത് വെക്ക് , എന്നാ  ഓ.എം.ആര്‍ തരാം അതിനു ശേഷം ക്വസ്റ്റ്യന്‍ പേപ്പര്‍.


ജമാല്‍ : സാറേ...ങ്ങള് എടങ്ങാറാക്കല്ലേ, ഇപ്പം മണിയടിച്ചത് പരീക്ഷ എഴുതാനല്ലേ? 
സാറിന് വേണ്ടതൊക്കെ ഞാന് ഉച്ചയാവുമ്പഴത്തേക്ക് എത്തിക്കാ. ങ്ങള് ബേഗം ഐറ്റം കൊണ്ടരീന്‍! 


എക്സാമിനാര്‍ : എന്താ നിന്റെ പേര് ? (അറ്റന്‍ഡന്‍സ് റെജിസ്റ്റര്‍ നോക്കുന്നു) ഓ , മൊഹമ്മദ് ജമാല്‍! അപ്പൊ ജമാലേ , ഇത് ആദ്യത്തെയാ ?       


ജമാല്‍ : ഇതെന്താ പ്രസവോ , എണ്ണം പറഞ്ഞുകളിക്കാന്‍ ! സമയം പോണ് മാഷേ , ഞാനിതിന് പൈസ 350 എണ്ണി കൊ ട്ത്തുക്ക്`ണ്. 


എക്സാമിനാര്‍ : ആണല്ലേ ! ഓഫീസില്‍ ചെന്ന്, പ്രിസൈഡിങ്ങ് ഓഫീസറെ ഒന്ന് കണ്ടിട്ടു വാ . എന്നിട്ട് തീരുമാനിക്കാം  നീ പരീക്ഷ എഴുതണോ വേണ്ടയോ എന്ന്. 


ജമാലിന്റെ ഭാഗ്യത്തിന് പ്രിസൈഡിങ്ങ് ഓഫീസര്‍ അപ്പൊ ആ വഴി വന്നു.


'എന്താണ് ഇഷ്യൂ ?'  


മുറിവേറ്റ സിംഹത്തെപ്പോലെ നില്ക്കുന്ന ജമാലിനെ കാണുന്നു...



'നീ അഹമ്മദ് സാറിന്റെ മകനല്ലേ'  


'പടച്ചോനേ, ങ്ങക്ക് ബാപ്പാനെ അറിയ്വോ! '


എക്സാമിനാര്‍ കാര്യം അവതരിപ്പിക്കുന്നു.


ഓഫീസര്‍ : കാള്‍ ലെറ്ററും , ഐ.ഡി.യുമുണ്ടല്ലോ, സെറോക്സ് ഇവിടുന്ന് എടുക്കാം, ഫോട്ടോ ഉണ്ടോ ? 



ജമാല്‍ : തീവണ്ടിന്റെ സീസണ്‍ ടിക്കറ്റ്ന്ന് പറിച്ച് തരാ.         


(എക്സാമിനാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നു)

ഓഫീസര്‍ : എന്ന ഇവന്‍ അറ്റന്‍ഡ് ചെയ്യട്ടെ.  ജമാലെ , പോകുന്നതിന് മുന്‍പ് ഒന്ന് കാണണേ. 


പെന്‍സില്‍ തല്ക്കാലം ഇത് മതി
എന്നും പറഞ്ഞ് അടുത്തിരിന്ന് എഴുതുന്ന കുട്ടിയുടെ പെന്‍സില്‍ വലിച്ചെടുക്കുന്നു...ആ കുട്ടി അഹമ്മദ് സാറിനെ ഒരു രണ്ടു പേജ് തെറി വിളിച്ചുകാണണം.
സബൂറാക്ക് മോളെ, പരീക്ഷ കഴിഞ്ഞിട്ടു പെന്‍സില് ഇക്ക കൂര്‍പ്പിച്ചു തരാ.    


സെറോക്സ് എടുക്കാനായി എക്സാമിനാര്‍ ഐ.ഡി യുമായി പുറത്തേക്ക് പോകാനൊരുങ്ങുന്നു.


ജമാല്‍ : സാറേ, ഗെയിറ്റിന്റെ അടുത്ത് ഒരു കരിഷ്മ നെലത്ത് വീണു കെടക്കുന്നുണ്ടാകും...അതൊന്നു സ്റ്റാന്‍ഡിലിടണേ, തെരക്കിട്ട് വന്നപ്പം സമയം കിട്ടീല്ല.


എക്സാമിനാര്‍ : നീ പരീക്ഷ പാസായാല്‍ ബാങ്കിന് അതൊരു മുതല്‍ക്കൂട്ടായിരിക്കും. നിന്റെ സേവനം ബാങ്കിനെ ഉയര്‍ച്ചയില്‍ നിന്നു ഉയര്‍ച്ചയിലേക്ക് നയിക്കും. 


(ഇയ്യാളെന്തിനാ ഈ വേദാന്തം വിളമ്പുന്നത് , പോയി കോപ്പിയെടുക്കടോ)  
 ഓ.എം.ആര്‍ ഫില്ല് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ചോദ്യക്കടലാസ് കിട്ടി. 

അള്ളാ...ഇതെന്താണ് ഒട്ടിച്ചുബച്ചേക്കുന്നത്. ഇത് മുറിക്കണെങ്കി വല്ല കൊടുവാളും വേണ്ടിവരും! 
തല്ക്കാലം ഈ സൈഡിലുള്ള സ്റ്റേപ്ലറിന്റെ പിന്ന് വലിച്ചൂരാം     


എന്നും പറഞ്ഞു ജമാല്‍ ഒരു സൈഡ് ഒട്ടിച്ച, മറുസൈഡില്‍ പിന്‍ ചെയ്ത ചോദ്യക്കടലാസിന്റെ പിന്‍ വലിച്ചൂരി. 


അല്‍ഹംദുലില്ലാ...ഇതെല്ലാം കൂടി പപ്പടക്കെട്ടായല്ലാ.     

 അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ ഒപ്പ് വാങ്ങാന്‍ വന്ന എക്സാമിനാര്‍ അത് കാണുന്നു.

എക്സാമിനാര്‍: ഇതെന്തോന്നാ?

ജമാല്‍ : കരിമ്പിന്‍ കാട്ടില് ആന കേറീതാ

എക്സാമിനാര്‍: കഴിയുമ്പോ ഞാനൊരു മുറവും കൊണ്ടുവരാം...എല്ലാം വാരിയെടുക്കണമല്ലോ.
...

അവിസ്മരണീയമായ ആ അരങ്ങേറ്റത്തിന് ശേഷം ജമാല്‍ പിന്നെയും ടെസ്റ്റുകള്‍ എഴുതിക്കൊണ്ടിരുന്നു, ഓരോന്നും മറക്കാനാവാത്തത് തന്നെ...

കുറച്ചു മാസങ്ങള്‍ക്ക് ശേഷം...വീണ്ടുമൊരു ഞായറാഴ്ച...

ഹലോ...

'ഹലോ...എന്താണ് ജമാല്‍ക്കാ'

ഡില്ലുമോനെ, നെന്റെ ഒരു സഹായം വേണം.

'പറയെടാ'

എന്നെ ഒന്ന്  ടെസ്റ്റ്  സെന്ററില്‍ ആക്കി തരണം ,  ബൈക്കില് എണ്ണയില്ല. 

'ഓക്കെ, ഞാന്‍ വണ്ടിയെടുത്ത് വരാം, നി സ്റ്റാന്‍ഡിന്റെ മുന്നില്‍ നിന്നോ'.

ഇത്തവണ ജമാല്‍ പരീക്ഷ എഴുതാന്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് എറങ്ങിയിരിക്കുന്നത് , പഠിക്കുന്നതുള്‍പ്പെടെ!

ഡില്ലുമോന്‍ തന്റെ സ്വിഫ്റ്റില്‍ വ
ന്ന് അവനെ പിക്ക് ചെയ്യുന്നു.

പിറകിലത്തേ സീറ്റില്‍ കുട്ടപ്പന്‍ സൈഡായി കിടക്കുന്നുണ്ട് !

ജമാല്‍ : ഇവനെ എവടന്ന് കിട്ടി ?

ഡില്ലു :  സജിത്തിന്റെ റൂമില്‍ നി
ന്ന് . ഇന്നലത്തെ കെട്ടു വിട്ടിട്ടില്ല. 

വാ കയറ്. എവിടെയാ നിന്റെ സെന്‍റര്‍?

ജമാല്‍ : കുന്നുംപുറം ഹൈസ്കൂള്‍. എനിക്ക് സ്ഥലം നല്ല എയിമില്ല. ഓടെ ഒരു ഡ്രൈവിംഗ് സ്കൂളുണ്ട് , അതിനടുത്തേടെയോ ആണ്.

ഡില്ലു : ഓക്കെ. ജസ്റ്റ് എ മിനിറ്റേ...

ഡില്ലു തന്റെ എഫ്.ടി.സി യുടെ പുത്തന്‍ മൊബൈല്‍ പുറത്തെടുക്കുന്നു, എന്തൊക്കെയോ കുത്തികുറിക്കുന്നു.      

ജമാല്‍ : ഇത് പുത്യേതാ ?

ഡില്ലു: യസ്, ബ്രാന്‍ഡ് ന്യൂ. യൂ.എസ് ല്‍ നിന്നു ആണ്‍കിള്‍ കൊണ്ടുവന്നതാ!

ജമാല്‍ : ഏതാ ഇനം?

ഡില്ലു: എഫ്.ടി.സി സെന്‍സേഷന്‍.          

ജമാല്‍ : കണ്ടിട്ടു ഒരു ആനച്ചന്തമുണ്ട് , എന്ത് കൊടുത്ത് ?

ഡില്ലു: തേര്‍ട്ടി കെ, ഡ്യൂഡ് !

ജമാല്‍ : അയ്നുമാത്രം പണിയെടുക്വോ ?

ഡില്ലു: പിന്നേ..........ഇപ്പൊതന്നെ ഞാന്‍ നിന്റെ സെന്‍റര്‍ ഈ 'ആപ്പി'ല്‍ ഫീഡ് ചെയ്തു. ഇപ്പോ ഇത് പ്ലേസ് ലൊകേറ്റ് ചെയ്തോണ്ടിരിക്കുവാ. ഇനി ഇത് വഴി കാണിച്ചുതരും.

കുട്ടപ്പന്‍ : പെരുവഴിയായിരിക്കും.    

ഡില്ലു: മിണ്ടാതെ കിടക്കെടാ.
ഇനി എഫ്.ടി.സി ആയിരിക്കും വണ്ടി കണ്ട്രോള്‍ ചെയ്യുന്നത് !

ജമാല്‍ : എന്താ ഈ ലാസ്റ്റ് പറഞ്ഞ ഐറ്റത്തിന്റെ പേര് ?

ഡില്ലു: വോയിസ് ബേസ്ട് നാവിഗേഷന്‍

ജമാല്‍ : സുഹാനള്ളാ

ഡില്ലു എഫ്.ടി.സിയില്‍ ഒരു സ്വിച്ച് ഞെക്കുന്നു . നല്ല അമേരിക്കന്‍ സ്ലാങ്ങില്‍ ഒരു സുന്ദരിക്കുട്ടി സംസാരിക്കാന്‍ തുടങ്ങി.

'യുവര്‍ ഡെസ്റ്റിനേഷന്‍ ഇസ് 10 കിലോമീറ്റേഴ്സ് എവേ, അപ്രോക്സിമേറ്റ് ടൈം ടു റീച്ച് ഡെസ്റ്റിനേഷന്‍ ഇസ് 18 മിനി
ട്ട്`സ്

ജമാല്‍ : ഈ ചരക്കെന്താ ഇപ്പം പറഞ്ഞത് ?

ഡില്ലു : അമേരിക്കന്‍ സ്ലാങ്ങ് മനസിലായില്ല !  ഇപ്പോ പറഞ്ഞത് നിന്റെ സെന്‍ററിലേക്കുള്ള വഴി.

ജമാല്‍ : ഇന്‍ഷാള്ളാ...എന്ന പൂവ്വാ.

വോയിസ് ബേസ്ട് നാവിഗേഷന്‍ അവരെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു.

'ടേക്ക് ലെഫ്റ്റ് ടേണ്‍ ആഫ്റ്റര്‍ 784 മീറ്റേഴ്സ് '  


'ജംങ്ഷന്‍ എഹെഡ് അറ്റ് 450 മീറ്റേഴ്സ്'


'യുവര്‍ സ്പീഡ് ഇസ് 35 കിലോമീറ്റേഴ്സ് പെര്‍ ഹവര്‍'

ഡില്ലു ആഹ്ലാദം കൊണ്ട് മതിമറന്നു.
'പൊളിച്ചളിയാ പൊളിച്ച്!'

കുട്ടപ്പന്‍ : പൊളിച്ചെങ്കിലൊഴിക്ക്

ഡില്ലു : ഡാ അവന്റെ വായിലോട്ട് വല്ല പഴവും വെച്ചുകൊടുക്ക്

ജമാല്‍ : കുട്ടപ്പാ ജ് ഒന്ന് മിണ്ടാണ്ടെ  കെടക്ക്
...

അങ്ങനെ അവര്‍  എഫ്.ടി.സിയുടെ കാരുണ്യം കൊണ്ട് കുന്നുംപുറത്തെത്തുന്നു. ഒരു മൈതാനവും അതിനടുത്ത് ഒരു വീടും കാണുന്നു.

ജമാല്‍ : ഡാ , അധികം ടൈമില്ലാട്ടാ. പരൂക്ഷ 15 മിനിറ്റ് തൊടങ്ങും.

ഡില്ലു :  അത് നിനക്കു പുത്തരിയല്ലല്ലോ!

വീടിന് മുന്നിലെത്തിയപ്പോള്‍
'ഡെസ്റ്റിനേഷന്‍ റീച്ച്ട്, ടൈം ടേക്കണ്‍ 22 
മിനിട്ട്`സ്
എഫ്.ടി.സി നയം വ്യക്തമാക്കി.

ഗെയിറ്റിനടുത്ത് മുണ്ടും നേര്യതും ഉടുത്ത്, മുറുക്കിചുവപ്പിച്ച വായുമായി ഒരു സ്ത്രീ നില്‍പ്പുണ്ട്.

ജമാല്‍ : ഇതാരുടെ പൊരയാ?

ഡില്ലു : ഏത ഈ പെണ്ണുംമ്പിള്ളാ ?

സ്ത്രീ : കേറിവാ സാറന്മാരേ...എന്താ ഞായറാഴ്ച രാവിലെതന്നെ!

ഡില്ലു : എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കുണ്ടല്ലോ.
 ഡാ കുട്ടപ്പാ , നീ ഒന്ന് നോക്കിയേ.

ജമാല്‍ : സ്കൂളിലേക്കുള്ള വഴി?

കുട്ടപ്പന്‍ : (എണീറ്റ് കണ്ണു തിരുമ്മി നോക്കുന്നു) ഇത് കുന്നുംപുറം ശാന്തയല്ലേ!

ഡില്ലു : കര്‍ത്താവേ...

കുട്ടപ്പന്‍ : നീ നിന്റെ വോയിസ് ബേസ്ട് നായ്ക്കാട്ടത്തില്‍ എന്താ ഫീഡ് ചെയ്തത് ?

ഡില്ലു : കുന്നുംപുറം ഡ്രൈവിംഗ് സ്കൂള്‍.

കുട്ടപ്പന്‍ : അപ്പൊ കറക്റ്റാ!

ഡില്ലു :  നീ ഈ സ്കൂളീന്ന ഡ്രൈവിംഗ് പഠിച്ചത് അല്ലേ !

കുട്ടപ്പന്‍ : നിന്റെ 'ആപ്പി'ന് നല്ല ബുദ്ധിയാണല്ലോ !

ശാന്തേച്ചി : വഴിയൊക്കെ ഞാങ്കാണിച്ച് തര സാറേ , കേറിവരീന്‍

ജമാല്‍ : 'അപ്പ്'കാരണം ആപ്പിലായല്ല പടച്ചോനേ...ജ് വേഗം വിടെടോ.

ഡില്ലു വായുവേഗത്തില്‍ വണ്ടി മുന്നോട്ടെടുക്കുന്നു.
'യു ആര്‍ മൂവിംഗ് ഇന്‍ ദ റോങ്ങ് ഡയറക്ഷന്‍...ഹാള്‍ട്ട് ദ വെഹിക്കിള്‍'

ജമാല്‍ : സെന്‍സേഷന് ഇത്ര സെന്‍സ് ഇല്ലാണ്ടായിപ്പോയല്ല!    

കുട്ടപ്പന്‍ : ആ പണ്ടാരമെടുത്ത് ദൂരെക്കള

ഡില്ലു : എന്റെ എഫ്.ടി.സി യെ ഞാന്‍ തള്ളിപ്പറയില്ല

ജമാല്‍ : റബ്ബുലമീനായ  തമ്പിരാനേ, ഒരു വഴികാണിച്ച് തരണേ...

'ഡെസ്റ്റിനേഷന്‍ ഇസ് 2 കിലോമീറ്റേഴ്സ് ബിഹൈന്‍‌ഡ് ,ടേക്ക് ദ ലെഫ്റ്റ് ടേണ്‍'
അമേരിക്കന്‍ കുട്ടി നിര്‍ത്താനുള്ള ഭാവമില്ല

ഡില്ലു : അവളെ വായില് വല്ല പൂവ്വമ്പഴവും കുത്തികയറ്റ് !!!

ജമാല്‍ : നേരത്തെ കുട്ടപ്പന്റെ വായിലോട്ട് കുത്തികയറ്റിയ പഴം തന്നെ എടുക്കാ ?

കുട്ടപ്പന്‍ : ബാരക്ക് ബനാനാ...  

ഡില്ലു : ഭാരമുള്ള ബനാനാ എന്നാണ് ഉദ്ദേശിച്ചത്...പകുതി ബോധത്തില്‍ ഓരോ
ന്ന് പറഞ്ഞോളും.

ജമാല്‍ : എന്റെ ബോധം ഇപ്പൊ പോവും...സമയം 9.30 ആയി...എന്റെ ബാങ്ക് ടെസ്റ്റ്

കുട്ടപ്പന്‍ : ഓടെ കൊറച്ച് നേരം കൂടി നിന്നിരുന്നെങ്കില് ബാങ്ക് ടെസ്റ്റല്ല നിന്റെയൊക്കെ എച്ച്.ഐ.വി ടെസ്റ്റ് നടത്തേണ്ടി വന്നേനെ.

ജമാല്‍ : ദ ആ കാണുന്നതായിരിക്കും സ്കൂള്...പടച്ചോന്‍ കാത്ത്!
...


ബാങ്ക് ടെസ്റ്റുകള്‍ പിന്നെയും പലമുഖങ്ങളുമായി ജമാലിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു... കാലം അവനെ വിദ്യകള്‍ ഒന്നൊന്നായി പഠിപ്പിച്ചു...എങ്കിലും ആധികള്‍ക്ക് കുറവൊന്നുമില്ല. ഒരു ജോലിയില്ലാതെ എത്രകാലം പിടിച്ചു നില്ക്കാന്‍ പറ്റും...എത്ര കാലം ബാങ്ക് ടെസ്റ്റിന്റെ കാര്യം പറഞ്ഞു ഉപ്പയേയും ഉമ്മയേയും സമാധാനിപ്പിക്കാന്‍ പറ്റും...എത്രകാലം അവര്‍ മകന്റെ മുന്നില്‍ കണ്‍നിറയാതെ അഭിനയിക്കും...

...............................................................

16850309...എന്റര്‍...

ലോഡിംഗ്...

'സൈറ്റ് ഇസ് ഡൌണ്‍...പ്ലീസ് ട്രൈ ആഫ്റ്റര്‍ സം ടൈം'.

മാങ്ങാത്തൊലി   

 റിഫ്രഷ്...

16850309...എന്റര്‍...

ലോഡിംഗ്...

ബാങ്കിന്റെ ലോഗോ സ്ക്രീനില്‍ തെളിഞ്ഞു വരുന്നു

കൈവിടല്ലേ പടച്ചോനേ        

'കാണ്‍ഗ്രച്ചുലേഷന്‍സ്. യു ആര്‍ സെലെക്‍റ്റഡ് , വെല്‍ക്കം ടു സ്റ്റേറ്റ് ബാങ്ക് ഫാമിലി'.

ജമാലിന്റെ ക്‍ണ്ണീരേറ്റുവാങ്ങി  കീബോര്‍ഡ് നനഞ്ഞു...വേനലില്‍ പെയ്ത ആദ്യ മഴയില്‍ നനഞ്ഞ ആലിന്‍തൈ പോലെ.