Monday, December 24, 2012

സീക്രട്ട്


അങ്ങനെ കാത്ത് കാത്തിരുന്ന ആ കല്യാണം വന്നെത്തി. ഓഫീസിലെ സഹപ്രവര്‍ത്തകനായിരുന്ന സജിത്തിന്റെ കല്യാണം. അധികസമയവും ഉറക്കത്തിലായിരുന്നെങ്കിലും ഓഫീസിലുള്ള കാലത്ത് സജിത് ഒരു പ്രസ്ഥാനമായിരുന്നു. അപ്പൊ അവന്റെ കല്യാണം ഒരു പ്രതിഭാസം ആവണ്ടെ? നിസ്സംശയം വേണം.
നാട്ടുനടപ്പനുസരിച്ച് ഗിഫ്റ്റ് കൊടുക്കണം.ഗിഫ്ട്ടയിട്ടു എന്താണ് വേണ്ടത് എന്ന് സജിത് തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞുറപ്പിച്ചതാണ്. അപ്പൊ കാര്യങ്ങള്‍ എളുപ്പമായി എന്ന് കരുതിയെങ്കില്‍ തെറ്റി. കാര്യങ്ങള്‍ വഷളാവാന്‍ തുടങ്ങിയിട്ടേ ഉള്ളു. ഗിഫ്റ്റ് വാങ്ങാനായിട്ടു  നിയോഗിക്കപ്പെട്ടത് കുട്ടപ്പനായിരുന്നു. അതോടെ അവന്റെ ഉറക്കം നഷ്ട്ടപ്പെട്ടു തുടങ്ങി. 

കുട്ടപ്പന്‍ : ഫാസിലേ, നീയും കൂടി വാ. 
ഫാസില്‍ : എന്തിന് ? 
കുട്ടപ്പന്‍ : ഗിഫ്റ്റു വാങ്ങാന്‍.
ഫാസില്‍ : എന്നെത്തന്നെ വിളിക്കാന്‍ കാരണം.
കുട്ടപ്പന്‍ : പോകേണ്ടത് സ്ത്രികളുടെ ഇന്നര്‍ വെയര്‍ ഷോപ്പിലേക്കാണ്!
ഫാസില്‍ : അതിനു ഞാന്‍ സ്ത്രീ അല്ലല്ലോ! 
കുട്ടപ്പന്‍ : രണ്ടു കൊല്ലമായിട്ടു ഒരു ഭാര്യയെ പോറ്റുന്നില്ലേ, അതുകൊണ്ടു കാര്യങ്ങളൊക്കെ വശമുണ്ടാവുമല്ലോ.
ഫാസില്‍ : എടാ , എന്നിട്ട് ഞാന്‍ ഇന്ന് വരെ നീ പറഞ്ഞ ഷോപ്പില്‍ പോയിട്ടില്ല.
കുട്ടപ്പന്‍ : (വെറുതെ  അല്ല കുട്ടികള്‍ ഉണ്ടാവാത്തത്) നീ വന്നെ പറ്റു. എനിക്ക് ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. 
ഫാസില്‍ : ശരി. എന്താ വാങ്ങേണ്ടത് ? 
കുട്ടപ്പന്‍ : സ്വച്ചന്ദമായ പ്രകാശസംക്രമണം നടക്കുന്ന നിശാവസ്ത്രം.              
ഫാസില്‍ : ഇപ്പറഞ്ഞത്‌ മലയാളാ ?
കുട്ടപ്പന്‍ :  ഓ... സീത്രൂ നൈറ്റ് ഡ്രസ്സ്.             
ഫാസില്‍ : സുഹാനള്ള! ഇപ്പൊ എന്റെ ധൈര്യത്തിലും ഒരു കുറവ് അനുഭവപ്പെടുന്നുണ്ട്. 
കുട്ടപ്പന്‍ : എന്തായാലും പോയിനോക്കാം. 
ഫാസില്‍ : എവടെള്ള കടയാ ? 
കുട്ടപ്പന്‍ : വൈ.എം.സി.എ  റോഡില്‍ ഒരു ഷോറും തന്നെയുണ്ട്‌.   
ഫാസില്‍ : അതൊക്കെ അറിയാല്ലേ !
കുട്ടപ്പന്‍ : എനിക്ക് അകത്തു കയറാനെ പേടിയുള്ളൂ, പുറത്ത് നിന്ന് നോക്കാന്‍ സന്തോഷമേയുള്ളൂ. 

അന്ന് ഉച്ചക്ക് അവര്‍ കടയുടെ മുന്നില്‍ എത്തുന്നു
    
കുട്ടപ്പന്‍ : ദൈവമേ ! ഇതിനകത്ത് മുഴുവന്‍ പെണ്ണുങ്ങളാണല്ലോ. ഞാന്‍ വരൂല്ല എന്റെ മുട്ടിടിയ്ക്കുന്നു.  
ഫാസില്‍ : അതുശരി ! പിന്നെ ഞാന്‍ ഒറ്റയ്ക്ക് പോകാനോ!!
കുട്ടപ്പന്‍ : അല്ലെങ്കില്‍ നമുക്ക് മാവൂര്‍ റോഡിലുള്ള ആ കടയില്‍ പോയാലോ? അവിടെ തിരക്കുണ്ടാവില്ല.   
ഫാസില്‍ : കോഴിക്കോട് ജില്ലയിലുള്ള എല്ലാ കടകളും മന:പ്പാഠമാ അല്ലേ ! 
കുട്ടപ്പന്‍ : എല്ലാ കടയുമല്ല. ചില പ്രത്യേക ഗണത്തില്‍ പെടുന്ന എല്ലാ കടകളും. 
ഫാസില്‍ : എന്തായാലും മാവൂര്‍ റോഡിലും കൂടി നോക്കാം. 

അനന്തരം അവര്‍ മാവൂര്‍ റോഡിലെ ടി- കടയില്‍ എത്തുന്നു.
   
കുട്ടപ്പന്‍ : ഭാഗ്യം കടയില്‍ തിരക്കില്ല. ദൈവമേ, സെയില്‍സില്‍ പെണ്ണുങ്ങളാണല്ലോ.   
ഫാസില്‍ : പിന്നെ! സ്ത്രികളുടെ അടിവസ്ത്രം വില്‍ക്കുന്ന കടയില്‍ ആണുങ്ങളാല്ലോ ഉണ്ടാവുക! 
കുട്ടപ്പന്‍ : എന്താന്നറിയില്ല , ഏ. സി ആണെങ്കില്‍പ്പോലും ഞാന്‌ വല്ലാണ്ടു വിയര്‍ക്കുന്നല്ലോ!  
ഫാസില്‍ : അത് ആദ്യമായിട്ടല്ലേ...അതാ. ആദ്യത്തെ പ്രാവശ്യം വിയര്‍പ്പും വിറയലും ഒക്കെ പതിവാ.   
കുട്ടപ്പന്‍ : അനുഭവം ആയിരിക്കും. 
ഫാസില്‍ : നീ വന്ന കാര്യം നോക്ക്. വേഗം പോവാ. അറിയുന്ന ആരെങ്കിലും കണ്ടാ പിന്നെ അതുമതി.   
കുട്ടപ്പന്‍ : എങ്ങനെയാ ഇപ്പൊ ചോദിക്യാ....

സെയില്‍സ് ഗേള്‍ അവിടെ വരുന്നു.  

കുട്ടപ്പന്‍ : അതേയ്, ഈ സ്ത്രീകള്‍ ഉപയോഗിക്കുന്ന...ലത്...ഇല്ലേ.    
സെയില്‍സ്: സ്ത്രീകള്‍ ഉപയോഗിക്കുന്നതു മാത്രമേ ഇവിടെ ഉള്ളൂ. 
കുട്ടപ്പന്‍ : അത് തന്നെ...ഞങ്ങള്‍ക്ക് ഗിഫ്റ്റ് കൊടുക്കാന...ഈ ...കല്യാണം...   
സെയില്‍സ്: (പാവം, വിക്കിന്റെ അസുഖമുണ്ടെന്നു തോന്നുന്നു ) സാര്‍ ഒന്ന് വ്യക്തമായിട്ട് പറയ്വോ. 
ഫാസില്‍ : നൈറ്റ് ഡ്രസ്സ്. 
സെയില്‍സ്: നൈറ്റി ? കാമിസോള്‍ ? ഗൌണ്‍ ?
കുട്ടപ്പന്‍ : (നാരായണ...നാരായണ...നാരായണ. എടാ സജിത്തേ...മരപ്പട്ടി...ഓരോന്ന് വാങ്ങിത്തരാന്‍ ഞങ്ങളും , അത് ഊരിക്കളയാന്‍  നീയും!)
ഫാസില്‍ : അത്ര ആഡംബരം വേണ്ട. കുറച്ചുകൂടി ചെറിയ ഐറ്റം ഇല്ലേ... 
സെയില്‍സ്: മനസ്സിലായി. (ഒരു നാണം കലര്‍ന്ന ചിരിയോടെ അകത്തേക്ക് പോകുന്നു)  
കുട്ടപ്പന്‍ : മാനം പോകുന്നല്ലോ ഈശ്വരാ.
സെയില്‍സ് കുട്ടി ഒരു ഡസന്‍ ഐറ്റംസുമായി തിരിച്ചെത്തുന്നു. 
കുട്ടപ്പന്‍ : ഏറ്റവും മുകളില്‍ വെച്ചത് എടുത്തോ. കൂടുതലൊന്നും നോക്കണ്ടാ...വേഗം പോവാം.   
ഫാസില്‍ : തിരക്ക് കൂട്ടല്ലടാ. ട്രന്‍സ്പാരന്‍റ്റ് ആണോ എന്നൊക്കെ നോക്കണ്ടെ...നീ ഒന്ന് ട്രൈ ചെയ്യുന്നോ ? ഇവിടെ ചെയ്ന്ജ് റൂം ഉണ്ട്.
കുട്ടപ്പന്‍ : നീ എന്റെ വായിലിരിക്കുന്നത് കേള്‍ക്കും.  പിന്നെ ഇതിനു സ്മാള്‍, മീഡിയം, ലാര്‍ജ്  അങ്ങനെയൊക്കെ ഉണ്ടോ ? 
സെയില്‍സ് : അങ്ങനെയൊന്നുമില്ല, ഒക്കെ സ്മോളാ.   
ഫാസില്‍ : ഓക്കെ, ഇത് പാക്ക് ചെയ്തോ. ഒന്ന് ഗിഫ്റ്റ് റാപ്പ് ചെയ്യണം.   
സെയില്‍സ് : വേറെ എന്തെങ്കിലും സാര്‍ ?
കുട്ടപ്പന്‍ : ഒരു ഗ്ലാസ് വെള്ളം. 

അങ്ങനെ സജിത്തിനുള്ള ഗിഫ്റ്റ് ജന്മമെടുത്തു. കുട്ടപ്പനും ഫാസിലും ഓഫീസിലേക്കും തുടര്‍ന്ന് വീട്ടിലേക്കും പോയി.

ഫാസിലിന്റെ വീട്
ഫാസില്‍ : റംല...ചോറെടുത്ത് വെച്ചോ. ഇന്ന് വളരെ ലേറ്റ് ആയി.  
റംല : ചോറൊക്കെ തരാ. ഇക്ക, ഏടെ സാധനം?
ഫാസില്‍ : എന്ത് സാധനം?      
റംല : ഓ...ഞാനറിഞ്ഞ്..ങ്ങള് സാധനെടുക്ക്.      
ഫാസില്‍ : ഞാന്‍ വന്നു കേറിയതല്ലേ ഉള്ളു...ഭക്ഷണം കഴിഞ്ഞിട്ട്...
റംല : ഞാന്‍ ഒന്ന് കണ്ടോട്ടെ. സൈസ് ഒക്കെ കറക്ട്ടാണോ എന്ന്...എന്നാലും നിങ്ങളാള് ഒരു പഹയനാട്ടോ! 
ഫാസില്‍ : നീയും ഒട്ടും മോശൊല്ല എന്റെ മുത്തെ. പക്ഷേ, എന്താ ഒരു സൈസിന്റെ കാര്യം പറഞ്ഞെ ?          
റംല : ഹോ ! ഇനിയും ഒളിച്ചു കളിക്കണ്ടാ...ങ്ങള് സീക്രട്ട്ന്ന് ഒര് കവറും പിടിച്ച് എറങ്ങി വരണത് എളെപ്പാന്റെ മോള് നസീമ കണ്ട്...ഓളെന്നെ അതുംപറഞ്ഞ് നല്ലോണം വാരി...ഞാനാകെ നാണിച്ചുപോയി. 
ഫാസില്‍ : ഞാന്‌ ഏടന്ന് എറങ്ങി വരണത് കണ്ട് ???
റംല : 'സീക്രട്ട്'. മാവൂര്‍ റോഡിലെ മറ്റെ..ക്കട. ങ്ങളിന്നു ഓടെ പോയില്ലേ ? 
ഫാസില്‍ : എടീ, ഓടെ പോയിന്നുള്ളത് നേരാ, പക്ഷേ , അത് നിനക്ക് വേണ്ടിയല്ല.
റംല : പടച്ചോനേ.... 
ഫാസില്‍ : റംല. നീ ഒച്ച വെക്കല്ലേ. ഞാന്‍ കാര്യങ്ങള്‍ വ്യക്തമായിട്ട് പറയാം.    
റംല : നാണമില്ലല്ലോ  മനുഷ്യാ. വ്യക്തായിട്ടു പറയാത്രേ!  എനിക്ക് വേണ്ടി അല്ലാണ്ട് ? എന്റെ റബ്ബേ , എന്നെയങ്ങ് എടുത്തോ...എന്റെ ചങ്ക് പിളരണ്.    
ഫാസില്‍ : എടീ. അള്ളാണെ, നീ വിചാരിക്കുന്നത് പോലെ ഒന്നുമില്ല. ഞാന്‍ അവിടെ ഒരു ഗിഫ്റ്റ് വാങ്ങാന്‍ പോയതാ.      
റംല : പിന്നെ ഗിഫ്റ്റ് വാങ്ങാന്‍ ഇങ്ങനത്തെ കടയിലല്ലേ പോകുന്നത്...ങ്ങള് ഇങ്ങനെ ലെയ്റ്റായിട്ടു വരുന്നതിന്‍റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ മനസ്സ്ലാവുന്നത്. നിങ്ങക്കെങ്ങനെ കഴിഞ്ഞ് മനുഷ്യ എന്നോടിത് ചെയ്യാന്‍..? പടച്ചോനെ, ഞാനിതെങ്ങനെ സഹിക്കും.              
ഫാസില്‍ : ഞാനെന്ത് ചെയ്തെന്നു  ? 
റംല : ഇമ്രാന്‍ ഹഷ്മീന്റെ സിനിമ ഒക്കെ കണ്ട് കണ്ട്, നിങ്ങള് അതുപോലെ ആയിപ്പോയല്ലോ മനുഷ്യാ.      
ഫാസില്‍ :എടി...ഇനി നീ മിണ്ടിയാ എന്റെ കയ്യിന്റെ ചൂട് നീ അറിയും. എന്റെ കൂടെ ജോലിചെയ്തിരുന്ന സജിത്തിന്റെ കല്യാണാ നാളെ. അവന് ഗിഫ്റ്റായിട്ടു ഇങ്ങനെ ഒരു സംഭവം വേണം എന്ന് നേരത്തെ തീരുമാനിച്ചതാ. അത് വാങ്ങാന്‍ കുട്ടപ്പന്റെ കൂടെ ഒരു ധൈര്യത്തിന് ഞാനും പോയി. സംശയമുണ്ടെങ്കില്‍ നീ കുട്ടപ്പനെ വിളിച്ചു ചോദിക്ക്, ഇതാ.        
റംല : ഞാനൊരപ്പനേയും വിളിക്കാന്‍ പോകുന്നില്ല.ഞാനെന്‍റെ  ഉപ്പാനെ വിളിച്ചു വരുത്തും.

ആ നിമിഷത്തില്‍ ഫാസിലിനു ഒരു കോള്‍ വരുന്നു.

റംല : ഇങ്ങ്  കൊണ്ട മനുഷ്യ. ഏത് ഹറാംപെറന്നോളാന്ന് ഞാനൊന്നറിയട്ടേ.     

കോള്‍ എടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ കുട്ടപ്പന്‍.

"എടാ , ഗിഫ്റ്റ് നിന്‍റെ കാറിന്‍റെ ബാക്ക് സീറ്റില്‍ വെച്ച് മറന്നു, നാളെ സജിത്തിന്റെ അങ്ങോട്ടു പോവുമ്പോ എടുത്തെക്കണേ...ഹലോ,ഹലോ...ഫാസിലേ 

റംല ഫോണ്‍ കട്ട് ചെയ്യുന്നു. മുഖത്ത് ആശ്വാസവും , പശ്ചാത്താപവും , നാണവും , സങ്കടവും ഒക്കെ കൂടിക്കലര്‍ന്ന നവരസം.     

ഫാസില്‍ : എന്തേയ് , ഉപ്പാനെ വിളിക്കുന്നില്ലേ ? 
റംല : ഞാന്‌ ചോറെടുത്ത് വെക്കാ. വേഗം കുളിച്ചിട്ടു വാ.
ഫാസില്‍ : ഇനിയെന്തിനാ ചോറ് , അല്ലണ്ടെന്നെ വയറ് നെറഞ്ഞ്.
റംല : എന്നോട് പൊറുക്ക് ഇക്കാ. ആ നസീമ പറഞ്ഞത് കേട്ടപ്പോ...  
ഫാസില്‍ : എടീ , കാളപെറ്റെന്നു കേള്‍ക്കുമ്പോ കയറെടുക്കുന്ന നിന്റെ സ്വഭാവം ഇന്നത്തോടെ നിര്‍ത്തിക്കോ.  
റംല : ങ്ങളെ എനിക്ക് വിശ്വസാ, അള്ളാണേ.    
ഫാസില്‍ : എന്നാ വാ ഭക്ഷണം കഴിക്കാം. പിന്നെ നിനക്ക് ഇമ്രാന്‍ ഹഷ്മീനെ ഇഷ്ടാ അല്ലേ !
റംല : പോ ആവട്ന്ന്. ന്നാലും ങ്ങള് എന്താ ഓട്ന്ന്‍ വാങ്ങിയെത് ?   
ഫാസില്‍ : എന്റെ മൊഞ്ചത്തീ ...നമുക്കേതായാലും അതിന്‍റെയൊന്നും ആവശ്യമില്ല, കാര്യങ്ങളൊക്കെ നടക്കാന്‍.  
റംല :  ഹാഷ്മീനെപ്പോലെ വര്‍ത്താനോം തൊടങ്ങീക്ക്ണ്.     
ഫാസില്‍ : എന്റെ ജന്നത്ത് നീയ്യല്ലേ!



3 comments:

കിരണ്‍ said...

:-)

Shalique Tuvvur said...

Hi Friend ,

Supr..and ..Good One..

I gave ur blog link to my friends in the company , they also enjoying your letters....

Raj said...

@Shalique
Thank you. Long time no see!