Sunday, March 4, 2012

എന്നാലും എന്റെ ഗൂഗിളേ !






ആദ്യം കണ്ടപ്പോള്‍ കണ്ണിലുടക്കിയത് അവളുടെ നെറ്റിയിലെ വട്ടത്തിലുള്ള പൊട്ടാണ്. സാധാരണ സംഭവിക്കാറുള്ളതുപോലെതന്നെ ഒരുള്‍വിളി ഈ പ്രാവശ്യവും തോന്നി. 'ഇവള്‍ എന്നെയും കൊണ്ടേ പോകൂ'. അതിനു വേണ്ട സവിശേഷതകളൊക്കെ കണ്ടു ബോധിച്ചിരിക്കുന്നു.


ലൈബ്രറിയില്‍ വെച്ച് കൈമാറിയ കത്തുകളിലൂടെയും,  ബസ്സ് യാത്രയ്ക്കിടയില്‍ ആരും കാണാതെയുള്ള നോട്ടങ്ങളിലൂടെയും, ഇടവഴിയിലെ മരത്തണലിന്റെ മടിയില്‍ വെച്ച് വല്ലപ്പോഴും ഉള്ള രണ്ടു വാക്കിലൂടെയും ഒക്കെ ജീവിച്ച ശാലീനത മുഖമുദ്രയായിട്ടുള്ള പ്രണയത്തിന്റെ ചിത്രം ഇന്ന് കാണണമെങ്കില്‍ അത് പഴയ സത്യന്‍ അന്തിക്കാട് പടം ടി. വി യില്‍ വരുമ്പോ മാത്രം.      
ഇന്ന് മൊബൈലും , ഫേസ് ബുക്കും , വോയ്സ് ചാറ്റുമൊക്കെ ഹംസത്തിന്റെ റോള്‍ ഏറ്റെടുത്തപ്പോള്‍ പ്രണയം അങ്ങ് സെക്സിയായി...ശാലീനതയാണെങ്കിലും സെക്സിയാണെങ്കിലും ബേസിക്കലി രമ്യ നമ്പീശന്‍ ആള് ഒന്നു തന്നെ എന്നു പറയുന്ന പോലെ, വേഷത്തിലും ഭാവത്തിലും അടിമുടി മാറിയെങ്കിലും ബേസിക്കലി പ്രണയത്തിന് ഇപ്പോഴും പഴയ നിര്‍വചനം തന്നെ, അതെന്താണെന്ന് മാത്രം ഒരു മഹാകവിയുടെ വൃത്തത്തിനും അളക്കാന്‍ പറ്റിയിട്ടില്ല.


ഞങ്ങളുടേതും ക്യൂബിക്കിളില്‍ തുടങ്ങി , മൊബൈലില്‍ വിരിഞ്ഞ് , വോയ്സ് ചാറ്റില്‍ പുഷ്പിച്ച് അവസാനം ഓണ്‍സൈറ്റിലെ ശിശിരത്തില്‍ വിരഹത്തിന്റെ അറളിപ്പൂക്കള്‍ വീഴ്ത്തിക്കൊണ്ട് യാത്ര തുടരുന്ന പ്രണയം തന്നെ.നേരത്തെ പറഞ്ഞ വട്ടത്തിലുള്ള പൊട്ടും , മുത്ത് പൊഴിയുന്ന ചിരിയും , പിന്നെ മകരമാസത്തെ പ്രഭാതത്തിലെ മഞ്ഞുതുള്ളിയുടെ നൈര്‍മല്യമുള്ള ഒരു മനസുമുണ്ടെങ്കില്‍ ഞാനൊക്കെ എപ്പോ വീണു എന്നു ചോദിച്ചാപ്പോരേ! 
അസ്ഥിക്ക് പിടിച്ചത് എന്നു പറയാന്‍ പറ്റിലെങ്കിലും വീട്ടിലറിഞ്ഞാല്‍ കുത്തിനുപിടിക്കുന്ന ഒരു ചുള്ളന്‍ പ്രേമം...തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷമായി. ഇപ്പോ അവളെ ഓണ്‍സൈറ്റ് അസൈന്‍മെന്‍റിനായി മലേഷ്യയിലേക്ക് അയച്ചിരിക്കുകയാണ്...
രണ്ടാഴ്ചയായി ശരിക്കൊന്ന് സംസാരിക്കാന്‍ പറ്റിയിട്ട്...ഇന്നത്തെ പ്രണയികള്‍ക്ക് രണ്ടാഴ്ച എന്നു പറഞ്ഞാല്‍ ഏകദേശം ശ്രീരാമന്‍ വനവാസത്തിനു പോയ കാലത്തോളം വരും... ഫോണും മെയിലുമൊന്നുമില്ലാത്ത കാലത്ത് അറബിക്കടലിന്റെ അപ്പുറവും ഇപ്പുറവുമായി കഴിഞ്ഞിരുന്ന ദമ്പതികളെ പൂവിട്ടു തൊഴണം.      


അപ്പൊ, രണ്ടാഴ്ചയ്ക്കു ശേഷം അവള്‍ ചാറ്റ് ചെയ്യാന്‍ വരാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ്... വേനലില്‍ പെയ്ത മഴവെള്ളം കുടിക്കാന്‍ വായും പൊളിച്ചിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഞാന്‍ കാലേകൂട്ടി ലോഗ് ഇന്‍ ചെയ്തു കാത്തിരുന്നു. 
പിന്നെ, അവളെന്നെ അച്ചു എന്നാണ് വിളിക്കുന്നത്. ഞാനവളെ അമ്മു എന്നു തിരിച്ചും. മൊബൈലൊക്കെ ആന്‍ഡ്രോയിഡായെങ്കിലും ഇപ്പോ പഴയപേരുകള്‍ക്കാ ഡിമാന്‍ഡ്...കിട്ടാനില്ല! 


അച്ചു : ഹലോ...സുന്ദരികുട്ടി 
അമ്മു : ഹായ്...കുറേ നേരായോ ?                      
അച്ചു : ഇപ്പോ വന്നതേയുള്ളൂ 
അമ്മു : ഹൌ ആര്‍ യൂ ഡിയര്‍ ? 
അച്ചു : എനിക്കെന്താ...നീയല്ലേ വിശേഷങ്ങള്‍ പറയണ്ടത്...ഹൌ ഇസ് മലേഷ്യ ട്രീറ്റിങ് യൂ ? 
അമ്മു : അതിനു ചുറ്റാന്‍ എനിക്കു എവിടെ സമയം കിട്ടി ! ഓഫീസ് റൂമ്, റൂമ് ഓഫീസ് അതാ ഷെഡ്യൂള്‍.
അച്ചു : അത് പോട്ടെ. നീ ഏറ്റവും അധികം മിസ്സ് ചെയുന്നതെന്താണെന്ന് ഞാന്‍ ചോദിക്കുന്നില്ല. എന്നെയല്ലാതെ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് എന്താ ? 
അമ്മു : ഞാന്‍ നിന്നെയൊന്നുമല്ല ഏറ്റവും അധികം മിസ്സ് ചെയുന്നത്... 
അച്ചു : പിന്നെ ???
അമ്മു : എന്റെ ഗൂഗിളിനെ... 
അച്ചു : മനസിലായില്ല 
അമ്മു : ഇവിടെ ഓഫീസില്‍ ഗൂഗിള്‍ ബ്ലോക്ക്ട് ആണ്. ഗൂഗിളില്ലാതെ ഞാന്‍ എങ്ങനെ കോഡ് ചെയ്തു എന്ന് എനിക്കിപ്പോഴും അറിയില്ല. ഓര്‍മ്മവെച്ചതിന് ശേഷം ഗൂഗിളിനെ പിരിഞ്ഞു ഞാന്‍ ഇത്രയും ദിവസം ഇരുന്നിട്ടില്ല! ഞാന്‍ ഇന്ന് ഓണ്‍ലൈന്‍ വന്നത് തന്നെ ഗൂഗിളിനെ കാണാനാ!      
അച്ചു : അല്ലാണ്ട് എന്നെ കാണാനല്ല!     
അമ്മു :ഇപ്പൊ രണ്ടാഴ്ചയ്ക്കു ശേഷം ഗൂഗിളിനെ കാണുമ്പോ , ആ ലേഔട്ട് കാണുമ്പോ എനിക്കു കെട്ടിപ്പിടിക്കാന്‍ തോന്നുന്നു.  
അച്ചു : ലേഔട്ട് കാരണം ഞാന്‍ ഔട്ട് ആവുമോ ദൈവമേ. 
അമ്മു :കാണാതെ കാണുമ്പോ എന്തു രസാ. നോക്കിയിരിക്കാന്‍ തോന്നുന്നു!  
അച്ചു : എന്നിട്ട് പുള്ളിക്കാരന്‍ എങ്ങനെയുണ്ട് ? പഴയതുപോലെതന്നെ ? 
അമ്മു : എന്റെ ലാപ്പിയില്‍ ഗൂഗിള്‍ ക്യൂട്ടായിരിയ്ക്കുന്നു !   
അച്ചു :നിന്റെ എന്തില്‍ എന്തായിരിക്കുന്നു എന്ന് ? 
അമ്മു : എന്റെ ലാപ്പി...ഐ മീന്‍ ലാപ്പ്ട്ടോപ്പ്.
അച്ചു : നിന്റെ ലാപ്പിയല്ല...അ...     
അമ്മു : പിന്നെ ഗൂഗിളിന്റെ 'എല്‍' കാണൂമ്പോ എനിക്കു നിന്നെ ഓര്‍മ്മ വരും !
അച്ചു : (ഞാന്‍ സാമാന്യം നല്ല ഒരു എല്ലനാണ്, അതുകൊണ്ടാവും. അവളെ കുറ്റം പറയാന്‍ പറ്റില്ല) ഗൂഗിളിന്റെ എന്തുകാണുമ്പോഴാ എനിക്കു നിന്നെ ഓര്‍മ്മ വരുന്നതെന്ന് ഞാന്‍ പറയുന്നില്ല... 
അമ്മു : ഉമ്മ...ഉമ്മ  
അച്ചു : ഹൊ...വേണ്ടായിരുന്നു...മനസ്സ് നിറഞ്ഞു.  
അമ്മു : പോടാ. ഞാന്‍ ഗൂഗിളിനെയാ ഉമ്മവെച്ചത്.  
അച്ചു :എന്താന്ന് ? എടീ, ഈ കാലത്തിനിടയ്ക്ക് നീ എന്നെ ഒരുമ്മ വെച്ചിട്ടുണ്ടോ ? പോട്ടെ ഒരു എസ്.എം.എസ് ആയിട്ടെങ്കിലും...എന്നാലും എന്റെ ഗൂഗിളേ, എന്നോടിത് വേണ്ടായിരുന്നു...  


ഗൂഗിളിന്റെ അനുഗ്രഹാശിസ്സുകളോടെ ഞങ്ങളുടെ പ്രണയം ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു.