Saturday, June 12, 2010

പെരുവഴിയാധാരം

സപ്ലിഗാഥയ്ക്ക് ഒരു അനുബന്ധം എഴുതണം എന്ന് കുറച്ചു കാലമായി വിചാരിക്കുന്നു. സപ്ലിയില്‍ നിന്നു പൂര്‍ണ്ണമായും മുക്തനായതിനു ശേഷം മതി ഈ സാഹസം എന്നു വിചാരിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഓണവും വിഷുവും കുറേ കഴിഞ്ഞതല്ലാതെ ആ 'മുക്തി' മാത്രം ലഭിച്ചില്ല. എന്‍റെ മാത്രം കുഴപ്പമല്ല എന്ന് മാന്യവായനക്കാരെ ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കട്ടെ. പിതൃശൂന്യം എന്നു വിശേഷിപ്പിക്കാവുന്ന എന്‍റെ സര്‍വ്വകലാശാലയുടെ ചില ലീലാവിലാസങ്ങള്‍ കാരണം എന്നെപ്പോലെയുളള രക്തസാക്ഷികള്‍ക്ക് നാട്ടില്‍ ഒരു പഞ്ഞവുമില്ല. മുഖവുര അവാര്‍ഡ് പടം ആയിമാറുന്നതിനു മുന്‍പു കര്യത്തിലേയ്ക്കു കടക്കട്ടെ.


എൻജിനീയറിങ്ങ് എന്ന നാലു കൊല്ലം നീണ്ട ദീര്‍ഘദൂര ഓട്ടം അവസാനിപ്പിച്ച് കണ്ണൂരിലെ തീച്ചൂളയില്‍ നിന്ന് പുറത്തുച്ചാടി വളപട്ടണം പുഴ നീന്തിക്കടന്ന് നാട്ടിലെത്തി വിശ്രമിക്കുന്ന കാലം...


വിശ്രമം ഒരു മാസത്തോടടുക്കുന്നു.


വീട്ടില്‍ നിന്നു ചില മൂളലുകളും മുരടലുകളും അനക്കങ്ങളുമൊക്കെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്...


മഴ പെയ്യുമ്പോള്‍ അട്ടത്തില്‍ എലിയും പൂച്ചയും വഴക്കു കൂടുന്നതാണോ?


അട്ടം നോക്കി കിടന്ന എനിക്കു ഈ സംശയം തോന്നിയത് സ്വാഭാവികം മാത്രം.


പക്ഷെ ഞാന്‍ കേട്ട ബഹളങ്ങള്‍ കേന്ദ്രത്തില്‍ നിന്നായിരുന്നു!


കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായം കൊണ്ട് ജീവിതം തള്ളിനീക്കിയിരുന്ന എനിക്കുള്ള മുന്നറിയിപ്പുകള്‍ കിട്ടി തുടങ്ങിയിട്ട് കുറച്ചു ദിവസമായി. കേന്ദ്രത്തിന്‌ എന്‍റെ ഭാവിയെപ്പറ്റിയും, ഇല്ലാത്ത ജോലിയെപ്പറ്റിയും ഉള്ള വിഹ്വലതകള്‍ ബഹളമായി പരിണമിച്ച് അന്ന് എന്‍റെ തലയില്‍ ഇടവപ്പാതി കണക്കെ പെയ്തിറങ്ങി.






ധനസഹായം മരവിപ്പിക്കും , കേബിൾ കണക്ഷൻ ഒഴിവാക്കും, ഇന്റർനെറ്റ്പണ്ടാരമടക്കും , നാണമില്ലല്ലോ അസത്തേ ഇങ്ങനെ ആകാശം നോക്കി കിടക്കാന്‍...


കേന്ദ്രത്തിന്‍റെ ഭാഷാശുദ്ധി നഷ്ടപ്പെട്ടു തുടങ്ങി....ഇനി പുറത്തിറങ്ങി ഓടുകയേ രക്ഷയുള്ളു...കടപ്പുറത്ത് പോയി ആകാശം നോക്കാം....അതിന്‌ കടപ്പുറം എവിടെ ? ഉണ്ടായിരുന്നത് സുനാമി കവര്‍ന്നെടുത്തല്ലോ...ദൈവമേ, പ്രകൃതി പോലും എന്നെ ഒറ്റപ്പെടുത്തുകയാണോ! പക്ഷെ ഇപ്പൊ ഇവിടുന്നു രക്ഷപ്പെട്ടേ മതിയാകു ഇല്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്നു വന്ന ഈ സുനാമി എന്നെ മുക്കും, അതിനു മുന്‍പ് മുങ്ങാം.


അന്ന് അങ്ങനെ തത്ക്കാലം രക്ഷപ്പെട്ടു. കേന്ദ്രത്തിന്‍റെ ഭീഷണിയെപ്പറ്റി ആഴത്തില്‍ നടത്തിയ അവലോകനത്തിന്‍റെ വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞ വസ്തുതകള്‍ താഴെ നിരത്തുന്നു.




* ധനസഹായം മരവിപ്പിക്കും


സിനിമ കാണാനും, റിചാർജ്ജ് ചെയ്യാനും, പരീക്ഷാഫീസ് അടയ്ക്കാനും, സുഹൃത്തുക്കളുടെ കൂടെ ചുറ്റാനും ഒക്കെ സ്വന്തമായ രീതിയില്‍ ധനം കണ്ടെത്തേണ്ടി വരും.


* കേബിൾ കണക്ഷൻ ഒഴിവാക്കും


അതു ഒരു ഉമ്മാക്കിയാണ്‌ , കാരണം വൈകീട്ട് 6-10 വരെയുള്ള കണ്ണീര്‍ സീരിയലുകളും, റിയാലിറ്റി ഷോവും കാണാതെ കേന്ദ്രത്തിനു ഉറക്കം വരില്ല എന്ന പരമാര്‍ത്ഥം മുന്നിലുണ്ട്. 10 മണിക്ക് ശേഷം എം ടി വി, എച് ബി ഓ, എഫ് ടി വി  തുടങ്ങിയവ കാണാതെ ഞാനും ഉറങ്ങാറില്ല എന്ന പരമാര്‍ത്ഥം മറ്റൊരു വശത്ത് ഒളിച്ചിരിപ്പുണ്ട്.


* ഇന്റർനെറ്റ് പണ്ടാരമടക്കും


ഈയുള്ളവന്‍ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കുന്നുള്ളു, അത് നിര്‍ത്തലാക്കും എന്നാണ്‌ കേന്ദ്രം പറഞ്ഞതിന്‍റെ വിവക്ഷ, അങ്ങനെ ചെയ്താല്‍ പണ്ടാരമടങ്ങുന്നത്‌ ഞാനായിരിക്കും.


ചുരുക്കിപ്പറഞ്ഞാല്‍ കേന്ദ്രത്തിന്‍റെ സഹായമില്ലാതെ മുന്നോട്ടു പോകാന്‍ എന്തെങ്കിലും ഒരു തൊഴില്‍ ഞാന്‍ എത്രയും പെട്ടെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന നഗ്നസത്യം ഒരു പ്രഹേളികയായി എന്നെ നോക്കി ചിരിക്കുന്നു...ഇല്ലെങ്കില്‍ ഞാനനുഭവിക്കുന്ന സൌഭാഗ്യങ്ങള്‍ക്കൊക്കെ പൂര്‍ണ്ണ വിരാമമാവും...


ലളിത് മോഡീ , എനിക്ക് നിന്‍റെ ഗതി വരാതിരിക്കട്ടെ.


പക്ഷേ സപ്ലികള്‍ തീര്‍ത്ത കൊട്ടരത്തിനുള്ളില്‍ കഴിയുന്ന എനിക്കു ആര്‌ ജോലി തരും? വിനീത് ശ്രീനിവാസന്‍ തന്‍റെ ആല്‍ബത്തില്‍ പാടിയതു പലതും എന്‍റെ ജീവിതത്തില്‍ അരങ്ങേറുന്നുണ്ട്....


എന്തായാലും കോഴിക്കോട് എന്ന മഹാനഗരം അതിന്‍റെ അനന്തസാദ്ധ്യതകളോടുകൂടി മുന്നില്‍ വായും പൊളിച്ചിരിപ്പുണ്ട്, അതിനുള്ളിലെക്കു ഒരു ചൂട്ടും കത്തിച്ചിറങ്ങി നോക്കാം...അതിനു മുന്‍പ് അരയും തലയും മുറുക്കേണ്ടതുണ്ട്.




മുന്‍പ് പറഞ്ഞ എന്‍റെ കൊട്ടാരത്തിന്‍റെ നിലകളുടെ എണ്ണമെടുത്താല്‍ ജോലി പോയിട്ടു കൂലിപ്പണി പൊലും ബോധമുള്ള ഒരുത്തനും തരില്ല, മാത്രമല്ല കമ്പ്യൂട്ടർ സയന്സ് എടുത്ത ഞാന്‍ ഔട്ട്പുട്ട് കിട്ടുന്ന രീതിയില്‍ കോഡ് എഴുതാന്‍ ശീലിച്ചിട്ടില്ല!


കൊട്ടാരത്തിന്‍റെ നിലകള്‍ വര്‍ധിക്കാന്‍ ഒരു കാരണം അതാണ്. കോളേജിൽ ഉള്ളപ്പോള്‍ എന്‍റെ ലാബ് പാർട്ട്ണർ അയിരുന്ന സുന്ദരികുട്ടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഔട്ട്പുട്ട് കിട്ടുന്ന ഒറ്റ പ്രോഗ്രാം ഞാന്‍ എഴുതിയിട്ടില്ല...'പൊലീസിന്‍റെ ലാത്തി എടുത്ത് നിന്‍റെ വയറ്റത്ത് കുത്തണം, എന്നാ ഔട്ട്പുട്ട് കിട്ടുന്ന കോഡ് നീ എഴുതിക്കോളും' എന്നൊക്കെ സഹികെട്ട് അവള്‍ പറയുമായിരുന്നു.




'ഇല്ല മോളെ, വയറ്റത്ത് കുത്തിയാല്‍ വേറെ ചില ഔട്ട്പുട്ട് കിട്ടുമായിരിക്കും, കോഡ് ന്‌ ഔട്ട്പുട്ട് കിട്ടും എന്നു തോന്നുന്നില്ല. ' എന്ന മറുപടി കിട്ടുന്നതോടെ അവള്‍ക്ക് തൃപ്തിയാവുമായിരുന്നു.


ഇങ്ങനെ വിഖ്യാതമായ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഭൂതകാലമുള്ള ഞാന്‍ , ഐ ടി അനുബന്ധ ജോലികള്‍ക്കൊന്നും ശ്രമിച്ചില്ല.


എന്‍റെ സുഹൃത്തായ വിപ്രോ ല്‍ ജോലിയുള്ള ഒരു കരിങ്കാലിയുണ്ട്. കോളേജിൽ എന്‍റെ സീനിയർ അയിരുന്നു. കമ്പനിയിൽ ചേരുന്നതിനു മുന്‍പ് 4 മാസം അദ്ദേഹം നഗരത്തിലുള്ള ഒരു സ്ഥപനത്തില്‍ അദ്ധ്യപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ഈ സ്ഥാപനം ബി ടെക്ക് എടുത്ത് വഴിയാധാരമായ യുവതീയുവാക്കള്‍ക്ക് പരീക്ഷ പാസാവാന്‍ വേണ്ട സഹയഹസ്ഥങ്ങള്‍ നീട്ടുന്നു.


അവിടെ എന്നെയും അദ്ധ്യാപകനായി സ്വീകരിക്കുവാന്‍ ഈ സുഹൃത്ത് വഴി ഒരു ശ്രമം നടത്താം. ഞാനും വിപ്രോവില്‍ പ്ലയ്സ്മെന്റ്റ് കഴിഞ്ഞിരിക്കുകയാണ്‌ എന്ന ദൈവത്തിന്‌ നിരക്കാത്ത ഒരു കള്ളം അവനെ കൊണ്ട് പറയിച്ചു. സ്ഥാപനം എന്നെ രണ്ടു കൈയ്യുംനീട്ടി സ്വീകരിച്ചു.


വട്ടച്ചിലവിനുള്ള വക കിട്ടും , അത് ചിലവാക്കാനുള്ള വഴി കോഴിക്കോട് കാണിച്ചു തരും.


കേന്ദ്രത്തിന്‍റെ നിലപാടില്‍ അയവു വന്നിട്ടുണ്ട്. ഞാന്‍ നോക്കാറുള്ള ആകാശത്തിന്‌ പുതിയ ഒരു തെളിച്ചം കൈവരുന്നുവോ!


4 മാസം അങ്ങനെ കഴിഞ്ഞു. ജീവിതം സ്വസ്ഥം...ജോലികഴിഞ്ഞു വീട്ടിലെത്തിയാല്‍        ഐ.ഏ.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തരത്തിലുള്ള പരിശ്രമങ്ങള്‍ നടക്കുന്നു, ആദ്യമൊക്കെ കേന്ദ്രം അന്തംവിട്ട് നോക്കി നില്‍ക്കുമായിരുന്നു. 'ഈ അദ്ധ്വാനം കഴിഞ്ഞ നാലുകൊല്ലമായി ചെയ്യാന്‍ തോന്നിയില്ലല്ലോ' എന്ന ഒരു ആത്മഗതവും. കേന്ദ്രത്തിനെന്തറിയാം, വിദ്യാര്‍ത്ഥികളുടെ അടുത്തുനിന്ന് അഭിമാനക്ഷതമേല്‍ക്കാതിരിക്കാന്‍ ഇത്തരം തയ്യാറെടുപ്പുകള്‍ കൂടിയേതീരു.


നന്നായി പഠിപ്പിക്കാന്‍ നന്നായി പഠിക്കണം എന്ന പാഠം ഞാന്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നു.


നാളെ കമ്പ്യൂട്ടർ നെറ്റ്വർക്സ് (സി.എൻ) എന്ന കീറാമുട്ടിയാണ്‌, ഫിര്‍ദോഷ് എന്ന പുതിയ ഒരു വിദ്യാര്‍ത്ഥി മാത്രം...


പേരില്‍ ഒരവലക്ഷണമുള്ളതു പോലെ, എങ്ങനെ വരുമെന്നു നോക്കാം... കൊക്ക് എത്ര കുളം കണ്ടതാ !


ഓരോ ദിവസവും അര മോഡ്യൂൾ എന്ന കണക്കില്‍ 8 ദിവസം കൊണ്ട് സി.എൻ തീരണ്ടതാണ്‌, പക്ഷേ 5 ദിവസം കഴിഞ്ഞിട്ടും 1 മോഡ്യൂൾ പോലും തീര്‍ന്നിട്ടില്ല ! ഫിര്‍ദോഷിന്‍റെ വിദ്യ ആര്‍ജ്ജിക്കാനുള്ള ത്വര അസാമാന്യം തന്നെ...ചോദ്യങ്ങള്‍ ഇങ്ങനെ തിരമാല കണക്കെ വന്നുകൊണ്ടിരുന്നു...2 ദിവസം ഉത്തരം പറഞ്ഞു പറഞ്ഞു ഞാന്‍ ക്ഷീണിച്ചു, പിന്നെ 2 ദിവസം ഉത്തരം പറയാതെ ഒഴിഞ്ഞുമാറി ക്ഷീണിച്ചു. ചോദ്യശരങ്ങള്‍ നിലയ്ക്കുന്നില്ല!


ഹബ്ബ്,റൂട്ടർ, ബ്രിഡ്ജ്, ടി സി പി /ഐ പി, പ്രോട്ടോക്കോൾ, ഡി എച് സി പി, ഹോസ്റ്റ്,  സെർവർ, ഡൊമെയിൻ, എറർ കണ്ട്രോൾ തുടങ്ങിയ താരങ്ങളുമായി പരിചയം പുതുക്കി. അവരില്‍ ഞാന്‍ ഇതുവരെ മനസ്സിലാക്കാത്ത പല സവിശേഷതകളും ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യം മനസ്സിലാക്കി. എന്‍റെ അവഗാഹം


പരീക്ഷിച്ചറിയാന്‍ ഒരുമ്പെട്ടിറങ്ങിയ ഫിര്‍ദോഷ് അഞ്ചാം ദിവസം വല്യ അട്ടഹാസങ്ങളൊന്നും മുഴക്കിയില്ല.


ഉച്ചയ്ക്ക്‌ ശേഷം ഫിര്‍ദോഷ്‌ തന്‍റെ കോളേജ് ലെ രഷ്ട്രീയത്തെക്കുറിച്ചും, സര്‍വ്വകലാശാലയുടെ അഴിഞ്ഞാട്ടത്തെക്കുറിച്ചുമൊക്കെ വാചാലനായി...


സാർ, കോളേജിൽ ഉള്ളപ്പോള്‍ സമരങ്ങള്‍ക്കൊക്കെ പോയിട്ടുണ്ടോ ? പരീക്ഷയ്ക്ക് ബിറ്റ് വെക്കാറുണ്ടോ ? സാറിന്‌ സപ്ലി ഉണ്ടായിരുന്നോ ? തുടങ്ങിയ കുശലാന്വേഷണങ്ങള്‍...


അല്ല, വിപ്രോ ല്‍ ഒക്കെ പ്ലയ്സ്മെന്റ്റ് കിട്ടിയ ആളല്ലെ! പഠിപ്പിസ്റ്റായിരുന്നിരിക്കും, ബിറ്റ് വെക്കണ്ട സാഹചര്യം വന്നിട്ടുണ്ടാവില്ല അല്ലെ ?


ഞാന്‍ ചിരിച്ചതേയുള്ളു (മോനേ, മോഹന്‍ലാലിനെ അഭിനയം പഠിപ്പിക്കണോ...ഞാന്‍ മനസ്സിലോര്‍ത്തു )


വൈകീട്ട് ക്ലാസ്സ് തീരുന്നതിനു മുന്‍പ് 'ഒരു ചായ കുടിക്കാം സാർ' എന്ന ഫിര്‍ദോഷിന്‍റെ നിര്‍ദോഷമായ ക്ഷണം സ്വീകരിച്ചു അടുത്തുള്ള ഹോട്ടലിലേയ്ക്കു്‌ പോയി, ഞങ്ങളുടെ കൂടെ മറ്റൊരു മുതിര്‍ന്ന അദ്ധ്യാപകനും വന്നു. ലൈറ്റ് ചായയും, കോഴിക്കോടിന്‍റെ സ്വന്തം ബൊണ്ടയും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിചിതമായ ഒരു മുഖം മുന്‍പില്‍! സ്വന്തം പ്രയത്നം കൊണ്ട് എന്‍റെ കൊട്ടാരത്തിന്‌ സമാനമായ കൊട്ടാരം കെട്ടിയുണ്ടാക്കിയ ഒരു മുന്‍ സഹപാഠി...എന്നെ കണ്ടതും ഉച്ചത്തില്‍...


"അളിയാ, സെവൻ വിളിച്ചിട്ടുണ്ട്, ലാസ്റ്റ് ഡെയിറ്റ് പതിനെട്ടിന്. നിന്‍റെ വാഷൌട്ട് അല്ലായിരുന്നോ ? എപ്പൊഴാ പൊകുന്നത് ? എക്സാം ന്‌ നമുക്കൊന്നിച്ച് റൂം എടുക്കാം"


എന്നു വിളിച്ചുകൂവിയതും ബൊണ്ടയിലെ മുളക് ഞാന്‍ കടിച്ചതും ഒന്നിച്ചായിരുന്നു.


ചുറ്റുമുണ്ടായിരുന്നവര്‍ക്കു പ്രത്യേകിച്ചൊന്നും മനസ്സിലായില്ല...


ദൈവം സഹായിച്ച് ഫിര്‍ദോഷിന്‌ മനസ്സിലാവേണ്ടതൊക്കെ മനസ്സിലായി !


കൂടെ വന്ന അദ്ധ്യപകന്‍ ഒരു ചായയ്ക്കു കൂടി ഓര്‍ഡര്‍ ചെയ്തു !


"ഞാന്‍ വിളിക്കാം" എന്നു പറഞ്ഞു ഞാന്‍ ഏണീറ്റു.


ഏഴാം സെമസ്റ്റര്‍ പരീക്ഷയ്ക്കു്‌ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്,18 വരെ അപേക്ഷിക്കാം ,പരീക്ഷയ്ക്കു നേരത്തേ പോയി വല്ല ലോഡ്ജിലും മുറി എടുക്കണം, പരീക്ഷ തീരുന്നതുവരെ അവിടെ നില്‍ക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു എന്നൊക്കെയാണ്‌ ആ നായിന്‍റെ...(ഇതും കോഴിക്കോടിന്‍റെ സ്വന്തം തന്നെ) വിളിച്ചുകൂവിയതിന്‍റെ സാരാംശം.


അവനെ കുറ്റം പറയാനും പറ്റില്ല, സര്‍വ്വകലാശാല പരീക്ഷയ്ക്കു  ചാൻസ് വിളിക്കുക എന്നതു രാജസ്ഥാനില്‍ മഴ പെയ്യുന്നതു പോലെ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്‌.


ഫിര്‍ദോഷ് കൂടുതല്‍ ഒന്നും സംസാരിക്കാതെ യാത്ര പറഞ്ഞു പിരിഞ്ഞു. ദൈവത്തിനു സ്തുതി.


പിറ്റേന്നു തന്നെ സ്ഥാപനത്തില്‍ നിന്ന് സന്ദേശം വന്നു...


"ഇനി ഒരറിയിപ്പുണ്ടകുന്നതു വരെ വരേണ്ടതില്ല..."


ജീവിതം പെരുവഴിയാധാരം...


ദൈവമേ, വീണ്ടും ഇല്ലാത്ത കടപ്പുറത്തേക്ക്?


കേന്ദ്രമേ, നീ തന്നെ ശരണം...ഈ ദുരന്തബാധിത പ്രദേശത്തെ ഏറ്റെടുക്കു...


ആകാശം നോക്കി കിടക്കേണ്ട കാലം തിരിച്ചുവന്നിരിക്കുന്നു.

4 comments:

Sunshine said...

Hehehehe....as always, Good one da.... way to go, boy...u've got the blessings....:)

Raj said...

@Sunshine

Thanks dear...:)

Unnikutty said...

Kollam :)

Raj said...

@Unnikutty
Thanks.