കഥാപാത്രങ്ങള്‍ -
അച്ഛന്‍ , അമ്മ : ഇവര്‍ എല്ലാ അച്ചനമ്മമാരെപ്പോലെ ആഴ്ചയില്‍ 3,4 പ്രാവശ്യം വഴക്കിടുന്നവരും , രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയവരും , കണ്ണീര്‍ സീരിയല്‍ കാണുന്നവരും , മകന്‍റെ പൂര്‍ത്തിയാവാത്ത എന്‍ജിനീയറിങ്ങ് ബിരുദത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവരും , കറിക്ക് ഉപയോഗിക്കാന്‍ പോലും തേങ്ങ ലഭിക്കാത്തതുകൊണ്ടു വ്യസനിക്കുന്നവരും ആണ്.
അച്ഛന്‍ , അമ്മ : ഇവര്‍ എല്ലാ അച്ചനമ്മമാരെപ്പോലെ ആഴ്ചയില്‍ 3,4 പ്രാവശ്യം വഴക്കിടുന്നവരും , രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയവരും , കണ്ണീര്‍ സീരിയല്‍ കാണുന്നവരും , മകന്‍റെ പൂര്‍ത്തിയാവാത്ത എന്‍ജിനീയറിങ്ങ് ബിരുദത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവരും , കറിക്ക് ഉപയോഗിക്കാന്‍ പോലും തേങ്ങ ലഭിക്കാത്തതുകൊണ്ടു വ്യസനിക്കുന്നവരും ആണ്.
കുട്ടപ്പന്‍ : തേങ്ങാകുട്ടന്‍റെ ഉപജ്ഞാതാവ്... ഈയൊരു വിശേഷണം തന്നെ ധാരാളം ! അച്ഛന്‍റെയും അമ്മയുടെയും കനിഷ്ഠപുത്രനായി ജന്മമെടുത്തിട്ട് രണ്ടു വ്യാഴവട്ടം കഴിഞ്ഞു...എന്‍ജിനീയറിങ്ങിന്‍റെ ഉപോല്‍പ്പന്നമായി ലഭിച്ച സപ്ലികള്‍ എഴുതി പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസമായി വീട്ടിലാണ്. കുട്ടപ്പന് സപ്ലികള്‍ ഇല്ലാത്ത ഒരു ജ്യേഷ്ഠനും ഉണ്ട്.
അങ്ങനെ, ഒരു ദിവസം സര്‍വ്വകലാശാല വാര്‍ത്തകള്‍ നോക്കാന്‍ വേണ്ടി പത്രം കയ്യിലെടുത്തപ്പോഴാണ് അത് കണ്ടത്.
"നാളികേരമിടുന്ന യന്ത്രം വികസിപ്പിച്ചെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു".
വായിച്ചു കഴിഞ്ഞതും പത്തു ലക്ഷത്തിലെ ആറ് പൂജ്യങ്ങള്‍ കുട്ടപ്പന്‍റെ കണ്ണിന് ചുറ്റും ട്രപ്പീസ് കളിക്കാന്‍ തുടങ്ങി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അവഹേളനത്തിന്‍റെ ഭാഷാമാധുര്യം നുകര്‍ന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അവഹേളനത്തിന്‍റെ ഭാഷാമാധുര്യം നുകര്‍ന്നുകൊണ്ടിരിക്കുകയാണ്.
"പാസാവാണ്ടു വന്നിരിക്കുന്നു...നാണമില്ലല്ലോ"
"ഡാ അസ്സത്തെ, ഇന്ന് ജോലിക്കാരി വരില്ല, നിന്‍റെ തുണി വേഗം അലക്കിയിട്ടോ...വേറെ വിശേഷിച്ച് പണിയൊന്നുമില്ലല്ലോ".
"സപ്ലി അടിക്കുന്നതൊക്കെ കൊള്ളാം, എന്നെപ്പോലെ കോഴ്സ് തീരുന്നതിന് മുന്‍പ് എഴുതിയെടുക്കാന്‍ അറിയണം".
"ഡാ മരക്കഴുതേ, രാവിലെ നേരത്തെ ചെന്നു ഇലക്ട്രിസിറ്റി ബില്ലടക്കണം...10 മണി വരെ പോത്തുപോലെ കിടന്നുറങ്ങണ്ടാ...പാതിര വരെ പണിയെടുത്ത് ക്ഷീണിച്ചുറങ്ങുകയല്ലേ...ഈ ബില്ലൊക്കെ സ്വന്തമായി അടക്കേണ്ട പ്രായമായി...എവടന്ന് ?"
"സപ്ലി അടിക്കുന്നതൊക്കെ കൊള്ളാം, എന്നെപ്പോലെ കോഴ്സ് തീരുന്നതിന് മുന്‍പ് എഴുതിയെടുക്കാന്‍ അറിയണം".
"ഡാ മരക്കഴുതേ, രാവിലെ നേരത്തെ ചെന്നു ഇലക്ട്രിസിറ്റി ബില്ലടക്കണം...10 മണി വരെ പോത്തുപോലെ കിടന്നുറങ്ങണ്ടാ...പാതിര വരെ പണിയെടുത്ത് ക്ഷീണിച്ചുറങ്ങുകയല്ലേ...ഈ ബില്ലൊക്കെ സ്വന്തമായി അടക്കേണ്ട പ്രായമായി...എവടന്ന് ?"
എല്ലാവരുടെയും വായടപ്പിക്കണം...അതിനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നുതന്നിരിക്കുന്നത്...
നാളികേരമിടുന്ന യന്ത്രം നിര്‍മ്മിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചാല്‍, എന്‍റെ കഴിവിനുള്ള അംഗീകാരമായി ലഭിക്കുന്ന പത്തു ലക്ഷം കൊണ്ട് പത്തു വര്‍ഷത്തെ ബില്ല് ഒന്നിച്ചടയ്ക്കാം...
എന്നിട്ട് വേണം നെഞ്ചുവിരിച്ചു നാട്ടിലൂടെ ഒന്നു നടക്കാന്‍.
"ഇപ്പോള്‍ എന്തു ചെയ്യുന്നു , കോഴ്സ് ഇനിയും കഴിഞ്ഞില്ലേ ?" എന്നീ ചോദ്യങ്ങളുമായി വരുന്ന ജിഞ്ഞാസുക്കളോട് പറയാം...
"പത്രം എടുത്തു നോക്കെടാ...അതിലുണ്ട് കുട്ടപ്പന്‍റെ വീരഗാഥ"
സ്വപ്നങ്ങളുടെ ചിറകിലേറി അതിരുകളില്ലാത്ത ലോകത്തിലൂടെ അങ്ങനെ പറക്കുന്നതിനിടയ്ക്കാണ് കുട്ടപ്പന്‍ അത് ശ്രദ്ധിച്ചത്...
1 മാസത്തെ സമയമേ ഉള്ളൂ... ഈ സംഭവം ഉണ്ടാക്കുന്നതിന് 5 പൈസ സര്‍ക്കാര്‍ തരില്ല.യന്ത്രം പ്രായോഗികമാണെന്ന് ഉപയോഗത്തിലൂടെ ബോധ്യപ്പെട്ടാലേ ആറ് പൂജ്യങ്ങളുള്ള പത്തു ലക്ഷം കയ്യിലെത്തൂ.
നിറയെ ചോദ്യചിഹ്നങ്ങളാണ് ??? അതൊക്കെ ആശ്ചര്യചിഹ്നങ്ങളായിമാറുന്ന ദിവസം വിദൂരമല്ല !!!
കുറച്ചുകാലമായി ഉപയോഗിക്കാതെ ചിതലെടുത്തുകൊണ്ടിരിക്കുന്ന ചിലതൊക്കെ പൊടിതട്ടിയെടുക്കണം. അതില്‍ ആദ്യത്തേത് സ്വന്തം തലച്ചോറാണ്.
സപ്ലികുട്ടപ്പന്‍ എന്ന എന്‍റെ പേര് മാറി തേങ്ങ കുട്ടപ്പന്‍ എന്ന പേരിലോട്ടുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നു.
അത്യദ്ധ്വാനത്തിന്‍റെ ഒരാഴ്ചയായിരുന്നു പിന്നീട്...കുട്ടപ്പന്‍റെ പരീക്ഷണശാലയില്‍ നിന്നുദ്ഭവിച്ച ചില അലയൊലികള്‍...
'തേങ്ങ അരിഞ്ഞിടാനുള്ള മൂര്‍ച്ചയുള്ള ഭാഗമായി വീട്ടിലെ ചിരവയുടെ വായ് ഫിറ്റ് ചെയ്യാം. തെങ്ങ് കയറാന്‍ രണ്ടു കാല് വേണം, കാറിന്‍റെ വൈപ്പറിന്‍റെ മോട്ടോര്‍ അതിനായി ഉപയോഗിക്കണം, അതാവുമ്പോള്‍ ശരിക്കും ഒരാള്‍ നടക്കുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ കയ്യും കാലുമൊക്കെ ചേര്‍ത്തു യോജിപ്പിക്കാന്‍ ഒരു ഞട്ടെല്ല് വേണം...പണ്ട് ദൂരദര്‍ശനായിരുന്നപ്പോ ഉപയോഗിച്ചിരുന്ന ടി.വി. അന്‍റീന ഉണ്ട് , അത് ഒന്ന് സൈസാക്കിയ മതി.പിന്നെ രണ്ടു ഇഷ്ടികയും ചട്ടുകവും വെച്ചു യന്ത്രം തട്ടികൂട്ടാം. താഴെ നിന്നു നിയന്ത്രിക്കാന്‍ ഒരു റിമോട്ട് വേണമല്ലോ...ടി.വി യുടെ റിമോട്ടിനെ ഒന്ന് പ്രാചീനവല്‍ക്കരിച്ചാല്‍ അതും ഓ.കെ. ഇന്ധനമായി ബൈക്കിന്‍റെ ബാറ്ററി ഉപയോഗിക്കാം.'
തനിക്ക് ഇത്രയും കുരുട്ടുബുദ്ധിയുണ്ടെന്ന് കുട്ടപ്പന് പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കുട്ടപ്പന്‍റെ പരാക്രമങ്ങള്‍ കണ്ട അച്ഛനുമമ്മയും മകന് പ്രേതഭാദയാണോ എന്നു പോലും സംശയിച്ചു!
അങ്ങനെ ഒരാഴ്ച്ചകകത്ത് യന്ത്രത്തിന്‍റെ പ്രാകൃതമായ രൂപം തയ്യാറായി.
ഇനി ഇതിന് ഒരു പേര് വേണമല്ലോ...
അമ്മ : കേരമിത്രം
ചേട്ടന്‍ : കേരകേസരി
അച്ഛന്‍ : രൂപം കണ്ടിട്ടു രാമായണത്തിലെ ജഢായുവിനെപ്പോലെ ഉണ്ട്...ആലംമൂടന്‍ എന്നു വിളിച്ചാലും തെറ്റില്ല.
കുട്ടപ്പന്‍ : അച്ഛാ...എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ, പക്ഷേ എന്‍റെ കുട്ടനെ ഇന്‍സള്‍ട്ട് ചെയ്യരുത്.
അച്ഛന്‍ : കുട്ടനോ ??? മൂരിക്കുട്ടനാണ്...
കുട്ടപ്പന്‍ : പറയുംപോലെ , ആ പേര് തന്നെ ഇട്ടാലോ ! (ടിന്‍റുമോനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു) ഇവനെ നമുക്ക് തേങ്ങാകുട്ടന്‍ എന്നു നാമ:കരണം ചെയ്യാം.
കുട്ടന്‍റെ അരങ്ങേറ്റം
കുട്ടപ്പന്‍ : ആദ്യം നമുക്ക് ഒരു കരിക്ക് ഇട്ടു നോക്കാം
ചേട്ടന്‍: റിമോട്ട് ഞാന്‍ പിടിക്കാം
അമ്മ : ദേ , ഉള്ള കരിക്കൊക്കെ ഇട്ടു തീര്‍ത്താല്‍ കറിക്ക് പിന്നെ തേങ്ങ കിട്ടില്ല എന്നോര്‍ത്തോളണം.
അച്ഛന്‍ : നീ ഒന്ന് മിണ്ടാതെ അത് കയറുന്നത് കാണുന്നുണ്ടോ...കണ്ടില്ലേടി, അന്നനടയാ...കണ്ടിട്ടു രോമാഞ്ചം വരുന്നു..
അമ്മ : (ക്ഷുഭിതയായി)ഞാന്‍ നടക്കുന്നത് കണ്ടിട്ടു നിങ്ങള്‍ക്ക് ഇതുവരെ രോമാഞ്ചം വന്നിട്ടുണ്ടോ മനുഷ്യാ.
അച്ഛന്‍ : നീ നടക്കുന്നത് കണ്ടാ രോമാഞ്ചമല്ല അപസ്മാരമാണ് വര്വ...
അമ്മ : കറിക്ക് ഇനി തേങ്ങാപ്പാലിന് പകരം റബര്‍പ്പാല് ഒഴിച്ചുവെക്കാം ഞാന്‍.
അച്ഛന്‍ : അതിപ്പോ അല്ലെങ്കിലും നീ ഉണ്ടാക്കുന്നത് റബര്‍ പോലെതന്നെയാ ഇരിക്കുന്നത്.
അമ്മ : നിങ്ങളുണ്ടാക്കിയതിന്‍റെ വിശേഷം പറയാതിരിക്കുകയാ ഭേദം.
അച്ഛന്‍ : (കുട്ടപ്പനെയും ചേട്ടനെയും മാറി മാറി നോക്കുന്നു) എന്ത് ?
അമ്മ : അന്ന് ചപ്പാത്തി പരത്തിയിട്ടു കേരളത്തിന്‍റെയും ബംഗാളിന്‍റെയുമൊക്കെ ഭൂപടംപോലാ ഇരുന്നത്.
അച്ഛന്‍ : അതേ . നിനക്കു തിന്നാനല്ലേ, ആ ബംഗാളില്‍ വീടുവെക്കാനൊന്നുമല്ലല്ലോ.. അതൊക്കെ മതി.
കുട്ടപ്പന്‍ : ഓ തൊടങ്ങി രണ്ടും കൂടെ ...കുട്ടനെ ശ്രദ്ധിക്ക്.
അച്ഛന്‍: ഡാ , ഇളനീര് വെട്ടിയിടാനുള്ള ബട്ടണ്‍ ഞെക്ക്. കുറച്ചു മാറി നിന്നോ ...അതിനു ബുദ്ധിയില്ലാത്തതാ.
അമ്മ : കുട്ടനെക്കേറി അത് ഇത് എന്നൊന്നും വിളിക്കല്ലേ മനുഷ്യാ.
കുട്ടപ്പന്‍ : അച്ഛാ , കുട്ടന് എന്നെ അറിയാം. അവന്‍ എന്‍റെ അനിയനെപ്പോലെയല്ലേ...
എന്നു പറഞ്ഞു കുട്ടപ്പന്‍ റിമോട്ടില്‍ ബട്ടണ്‍ അമര്‍ത്തിയതും കുട്ടന്‍ ഇളനീര്‍ പറിച്ചു താഴോട്ട് എറിഞ്ഞതും ഒന്നിച്ചായിരുന്നു...ഇളനീര്‍ കൃത്യം കുട്ടപ്പന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണില്‍ വന്നു പതിച്ചതും കുട്ടപ്പന്‍ നിലംപതിച്ചതും, അതും ഒന്നിച്ചായിരുന്നു.
അമ്മ: ദൈവമേ, എന്‍റെ കുഞ്ഞ് ..അയ്യോ വേഗം ബട്ടണഴിക്കോ...
അച്ഛന്‍ റിമോട്ട് എടുക്കുന്നു
അമ്മ: അതിന്‍റെ ബട്ടണല്ല, മോന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണഴിക്ക് മനുഷ്യാ.
ചേട്ടന്‍ : നെഞ്ഞു വീങ്ങിയിട്ടുണ്ടോ ?
അച്ഛന്‍ : മൂപ്പെത്താത്ത കരിക്കായതുകൊണ്ട് വല്യ ഘനമില്ല...കാര്യമായി ഒന്നും പറ്റിയില്ല.
ദാ മോനെ ഈ ഇളനീര്‍ കുടിച്ചു ദാഹംതീര്‍ക്ക്.
കുട്ടപ്പന്‍ : വേണ്ടച്ഛാ...ആ ഇളനീരില്‍ എന്‍റെ രക്തം കലര്‍ന്നിട്ടുണ്ട്...എടാ കുട്ടന്‍പട്ടീ...നീ താഴോട്ട് വാടാ...അച്ഛനുമമ്മയും നില്ക്കുന്നത്കൊണ്ട് ബാക്കി ഞാന്‍ പറയുന്നില്ല.
റിമോട്ടില്‍ ഒരു അന്‍റീനവെക്കണം...പഴയ റേഡിയോവിന്‍റെ ഏരിയല്‍ ഉപയോഗിക്കാം...
ചേട്ടന്‍: ബട്ടണ്‍ ഞെക്കിയപ്പോള്‍ അത് ബട്ടണ്‍ എറിഞ്ഞു പൊട്ടിച്ചു...ഇനി നിന്‍റെ അന്‍റീന എറിഞ്ഞുതകര്‍ക്കുന്നത് കാണാന്‍വയ്യെടാ.
കുട്ടപ്പന്‍ : നോക്കിക്കോ ചേട്ടാ , മന്ത്രിയുടെ മുന്നില്‍ എന്‍റെ കുട്ടന്‍ എന്നെ വല്യപുളളിയാക്കിമാറ്റും.
ശേഷമുള്ള ആഖ്യാനം , കുട്ടപ്പന്‍ തന്‍റെ സുഹൃത്തിനോട് പങ്കുവെയ്ക്കുന്ന ഫ്ലാഷ്ബാക്കായിട്ടാണ് മുന്നേറുന്നത്
കുട്ടപ്പന്‍ : അടുത്ത പരീക്ഷണ കയറ്റം. സ്പീഡ് പോര എന്നു പറഞ്ഞ് ഇതിന് കാറിന്‍റെ ബാറ്ററി ഫിറ്റ് ചെയ്തു.റിമോട്ടില്‍ വാഷിങ്ങ് മഷീനിന്‍റെ ഫസ്സി ലോജിക്ക് കുത്തികയറ്റി...പക്ഷേ അവന്‍ ഇത്രയും വലിയ 'ഫസ്സ്' ഉണ്ടാക്കുമെന്ന് വിചാരിച്ചില്ല.
സുഹൃത്ത് : അതെന്തുപറ്റി ?
കുട്ടപ്പന്‍ : അന്ന് ഭയങ്കര സ്പീഡായിരുന്നു...മുകളിലെത്തിയിട്ട്.... നിമിഷനേരം കൊണ്ട് തെങ്ങിന്‍റെ മണ്ടയടക്കം അരിഞ്ഞ് താഴെ ഇട്ടു...മണ്ഡരിബാധിച്ച തെങ്ങായത് കൊണ്ട് അച്ഛന്‍ എന്നെ ബാക്കിവെച്ചു.
കുട്ടന്‍റെ പരാക്രമങ്ങള്‍ കേട്ട് സുഹൃത്ത് താടിക്ക് കയ്യുംകൊടുത്ത് ഇരുന്നു.
കുട്ടപ്പന്‍ : അതിനടുത്ത ദിവസം, അവസാനത്തെ പരീക്ഷണകയറ്റം. അത്തവണ തേങ്ങയൊക്കെ കൃത്യമായി നിലത്തുതന്നെ വീണു. റിമോട്ടില്‍ ചില ക്രമീകരണങ്ങളൊക്കെ ഉള്‍പ്പെടുത്തിയതിന്‍റെ ഫലമാണ്...റിമോട്ട് ഓണാക്കി 2 മിനിറ്റ് കഴിഞ്ഞ ശേഷം മാത്രമേ ബട്ടണ്‍ ഞെക്കാന്‍ പാടുള്ളൂ, അപ്പൊ തേങ്ങ നിലത്തുവീഴും. കുട്ടനെ ഇന്‍ഫ്രാറെഡ് വെച്ചു ഒരു ചുറ്റളവ് നിര്‍ണയിക്കാന്‍ ഉള്ള സംവിധാനം ഘടിപ്പിച്ചു.
സുഹൃത്ത് : നി ആളുകൊള്ളാമല്ലോ ! ഞാന്‍ വിചാരിച്ചു ഈ കരിക്ക് കുടിച്ച് കുടിച്ച് നിന്‍റെ തലയ്ക്കകത്തൊക്കെ കരിക്കിന്‍വെള്ളമാണെന്ന്.... പക്ഷേ , എന്നിട്ട് അന്ന് എന്താ പ്രശനം പറ്റിയത്?
കുട്ടപ്പന്‍ : കുട്ടന്‍ തെങ്ങിന്‍റെ മണ്ഡയ്ക്കിരിക്കുമ്പോള്‍ ബാറ്ററി തീര്‍ന്നു...സാധാരണ ബാറ്ററിയല്ലല്ലോ. പെട്ടെന്ന് വാങ്ങാന്‍ കിട്ടില്ല.
സുഹൃത്ത് : എന്നിട്ട്?
കുട്ടപ്പന്‍ : വര്‍ക്`ഷോപ്പില്‍ പോയി ബാറ്ററി ചാര്‍ജ് ചെയ്യാനാണെങ്കില്‍ അന്ന് കട നേരത്തെ അടച്ചുകഴിഞ്ഞു. പിറ്റേന്ന് ഞായറാഴ്ച, അതോണ്ട് കുട്ടനെ അന്നുതന്നെ ഇറക്കണം.
സുഹൃത്ത് : എന്നിട്ട്?
കുട്ടപ്പന്‍ :ഇറക്കാന്‍ കൊയ്യക്കാരനെ അന്വേഷിച്ച് ചേട്ടന്‍ പോയി... തേങ്ങപറിക്കാന്‍ വരാത്ത കൊയ്യക്കാരന്‍ തേങ്ങപറിക്കാന്‍ കയറിയവനെ ഇറക്കാന്‍ വരുമോ?
സുഹൃത്ത് : അവസാനം എങ്ങനെ ഇറക്കി ?
കുട്ടപ്പന്‍ : അപ്പുറത്തെ വീട്ടില്‍ കുട്ടികള്‍ മാങ്ങക്ക് എറിയുന്നുണ്ടായിരുന്നു, അതിലൊരു കല്ല് ഉന്നം തെറ്റി കുട്ടന്‍റെ ഞട്ടെല്ലിനിട്ട് കൊണ്ടു....കുട്ടന്‍ മൂക്കുംകുത്തി താഴെ എത്തി.
കുട്ടപ്പന്‍ : പരീക്ഷണങ്ങളൊക്കെ അവസാനിച്ചു....ആ ദിനം വന്നെത്തി.രാവിലെ ഞങ്ങള്‍ കുട്ടനെയുംകൊണ്ടു തിരുവനന്തപുരത്ത് വെള്ളായണിയിലെ കാര്‍ഷികസര്‍വ്വകലാശാലയിലെത്തി. മന്ത്രിയായിരുന്നു ഉത്ഘാടനം.കുട്ടന്‍ മിടുക്കനായി തെങ്ങില്‍ കയറി, മന്ത്രിയും പരിവാരങ്ങളും താഴെ ആകാംഷയോടെ... മന്ത്രിയുടെ കയ്യില്‍ റിമോട്ട്...ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു അടുത്തുതന്നെ നിന്നു. മന്ത്രിയുടെ കൊച്ചുമോന്‍ കൂടെ ഉണ്ടായിരുന്നു, പെട്ടെന്ന് ആ കുട്ടിച്ചാത്തന്‍ അയാളുടെ കയ്യില്‍ നിന്നു റിമോട്ട് തട്ടിപ്പറിച്ച് അതിന്‍റെ മണ്ഡക്കിട്ട് ഞെക്കി. കുട്ടന്‍ തേങ്ങ പറിച്ചു വലിച്ചെറിഞ്ഞത് മാത്രം ഓര്‍മ്മയുണ്ട്.കുറച്ചുകഴിഞ്ഞു നോക്കുമ്പോ നമ്മുടെ മന്ത്രി തലയും കുത്തി നിലത്തു കിടക്കുന്നു...ഞാന്‍ പിന്നെ അവിടെ നിന്നില്ല...ജീവനും കൊണ്ട് ഓടി.
സുഹൃത്ത് :ഹ ഹ ഹ ഹ ഹ...ചിരിച്ചു ചിരിച്ചു എനിക്കു വയറ് വേദനിക്കുന്നു
ചേട്ടന്‍ : പത്രത്തില്‍ ഉണ്ടായിരുന്നല്ലോ...മന്ത്രി ബാത്ത്`റൂമില്‍ വീണു തലയ്ക്ക് പരിക്കേറ്റു, ഒരാഴ്ച വിശ്രമത്തിലാണെന്ന്...അത് ഇതാണ്...അന്ന്, അയ്യാള് പണ്ട് കഴിച്ച ഐസ്ക്രീമൊക്കെ പുറത്തുവന്നെന്ന കേട്ടത്.
ചേട്ടന്‍ : എന്തായാലും കുട്ടപ്പന്‍, അവന്‍ വിചാരിച്ചപ്പോലെ തന്നെ വല്യപുളളിയായി! പിടികിട്ടാപ്പുള്ളി...അന്ന് തിരുവനന്തപുരത്ത് പോലീസ്, വധശ്രമത്തിന് കേസെടുത്തിരുന്നു...കുട്ടപ്പന്‍ കുറച്ചു ദിവസം ഒളിവിലായിരുന്നു. പിന്നെ അമ്മ, മന്ത്രിയുടെ ഭാര്യയുടെ കയ്യും കാലും പിടിച്ചു കാര്യം പറഞ്ഞൊതുക്കി. അയാളുടെ കൊച്ചുമോന്‍ ഒപ്പിച്ചപണിയാണല്ലോ.
സുഹൃത്ത് : അതെയതെ, പരമാര്‍ത്ഥം. അപ്പൊ കുട്ടനോ?
ചേട്ടന്‍ : കുട്ടനെ അന്ന് മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന അണികള്‍ ആദ്യം വസ്ത്രാക്ഷേപം ചെയ്തു, പിന്നെ മല്ലയുദ്ധത്തിലെ മുറകളൊക്കെ പ്രയോഗിച്ചു.അസ്ഥികള്‍ ഒന്നൊന്നായി നുറുക്കി എന്നിട്ട് ശവമടക്ക് നടത്തി. ചിതാഭസ്മം ശംഖുമുഖം കടപ്പുറത്ത് നിമജ്ജനം ചെയ്തു.
നമ്മുടെ തെങ്ങുകള്‍ക്ക് കുട്ടപ്പന്‍റെ കുട്ടനെ വിധിച്ചിട്ടില്ല എന്നോര്‍ത്തു സമാധാനിക്കാം.ആരും പറിക്കാനില്ലാതെ തേങ്ങക്കുലകള്‍ കാറ്റിലാടിക്കൊണ്ടിരിക്കട്ടെ.
സുഹൃത്ത്: പരമകഷ്ടം.എന്നാലും കൃത്യം മന്ത്രിയുടെ തലയില്‍ തന്നെ ആ തേങ്ങ എങ്ങനെ വീണു എന്നുള്ളതാണ്?
കുട്ടപ്പന്‍ : അത് ഒരു സമസ്യയായി അവശേഷിക്കുന്നു. 'ഇടിവെട്ടിയ തെങ്ങിന്‍റെ മണ്ടേലെ തേങ്ങായ്കക്കത്ത് കുലുങ്ങുന്നത് തേങ്ങ വെള്ളമോ അതോ മഴവെള്ളമോ' എന്ന കണക്കെ ഒരു സമസ്യ.
..............................................................................
കേരവൃക്ഷത്തിന്‍റെ നാട് എന്ന നിലയ്ക്കാണ് ഈ നാടിന് കേരളം എന്നു പേര് വരുന്നത്. തെങ്ങ് കൃഷിയില്‍ ലോകത്ത് മൂന്നാം സ്ഥാനമുള്ള ഭാരതത്തിലെ 45% കേരകൃഷി നടക്കുന്നതും കേരളത്തിലാണ്. എ.ഡി. 545 ല്‍ ആണ് തെങ്ങിന്‍റെ കേരളത്തിലെ ഉത്ഭവം എന്നു രേഖപ്പെടുത്തപ്പെട്ട ഏറ്റവും പ്രാചീനമായ ചരിത്രത്താളുകളില്‍ പ്രതിപാദിക്കുന്നു.
കേരളത്തിലെ കേരകര്‍ഷകര്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപൊയിക്കൊണ്ടിരിക്കുന്നു.
ഇന്ന്, മാസം 14000 രൂപ വരെ ശമ്പളം നല്കാം എന്നു പറഞ്ഞിട്ട് പോലും തെങ്ങുകയറ്റത്തൊഴിലാളികളെ ലഭിക്കുന്നില്ല എന്നു കര്‍ഷകര്‍ വ്യാകുലപ്പെടുന്നു.
എന്താണിതിനൊരു പരിഹാരം ?
ചേട്ടന്‍ : പോളിടെക്നിക്കുകളില്‍ തെങ്ങ് കയറ്റം ഒരു കോഴ്സായി പഠിപ്പിക്കുക
അമ്മ : തെങ്ങ് കയറ്റം സര്‍ക്കാര്‍ ഉദ്യോഗമാക്കുക
അച്ഛന്‍ : കൂടുതല്‍ മെച്ചപ്പെട്ട തേങ്ങാകുട്ടന്‍മാരെ വികസിപ്പിച്ചെടുക്കുക
കുട്ടപ്പന്‍ : തേങ്ങ കൈകൊണ്ടുപറിക്കാവുന്ന തരത്തിലുള്ള ഉയരം കുറഞ്ഞ തെങ്ങുകള്‍ വികസിപ്പിച്ചെടുക്കുക
പരിഹാരങ്ങള്‍ അവസ്സാനിക്കുന്നില്ല...നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം.
കൃതജ്ഞത :