Wednesday, September 8, 2010

തീവ്രവാതി.

സ്ഥലം :
കന്യാകുമാരി ജില്ലയ്ക്കടുത്തുള്ള ഏതോ ഒരു കാട്ടുമുക്ക്. ഐ.എസ്.ആർ.ഓ നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നതൊഴിച്ചാല്‍ യാതൊരു പ്രത്യേകതകളും അവകാശപ്പെടാനില്ലാത്ത, ഇന്ത്യ മഹാരാജ്യത്തിലെ, ആംഗലേയത്തില്‍ പറഞ്ഞാല്‍, ഒരു ലിട്ടരൽ കാട്ടുമുക്ക് തന്നെ.

രംഗത്ത് മിന്നിമറയുന്നവര്‍ : 
കുറേ എണ്ണം വരാനുണ്ട്. വരുന്ന വഴിയേ മുറയ്ക്ക് പരിചയപ്പെടാം

തിരുവനന്തപുരത്ത് വണ്ടി ഇറങ്ങി, സര്‍ക്കാരിന്‍റെ ആനവണ്ടി പിടിച്ച് അന്തോണിച്ചന്‍ നമ്മുടെ കാട്ടുമുക്കില്‍ വന്നിറങ്ങുന്നു. മുഷിഞ്ഞു നാറിയ ഷര്‍ട്ടും , വാങ്ങിയ ശേഷം വെള്ളം കാണാത്ത ജീന്‍സും വേഷം. തോളത്ത് എൽ ഐ സി ഏജന്‍റുകള്‍ കൊണ്ടുനടക്കാറുള്ള തരത്തിലുള്ള ബാഗ്. 
ബാഗ് സാമാന്യത്തിലധികം വീര്‍ത്തിരിക്കുന്നു.

സ്ഥാപനത്തിന്‍റെ കവാടത്തിന്‌ മുന്നില്‍ എത്തിയ അന്തോണിച്ചന്‍ ഒന്നു പകച്ചു. അവിടെ നില്ക്കുന്ന കമാന്‍ഡോവിന്‍റെ അലക്കിതേച്ച  വേഷം കണ്ടിട്ടാണോ എന്തോ!
വിശദമായ പരിശോധനയ്ക്ക് ശേഷം അന്തോണിച്ചനെ കടത്തിവിട്ടു.
അവിടെ അന്തോണിച്ചന്‌ കംപ്രസ്സര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നയച്ചതാണ്. മേലധികാരി പ്രത്യേകം പറഞ്ഞതനുസരിച്ച് വളരെ കരുതലോടെയാണ്‌ അന്തോണിച്ചന്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. 
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കുറഞ്ഞതു 6 മണിക്കൂറെങ്കിലും എടുക്കും. ഈ കംപ്രസ്സര്‍ ഐ എസ്  ആർ ഓ  പുതിയതായി വികസിപ്പിക്കുന്ന ഏതോ ഉപഗ്രഹത്തില്‍ ഉപയോഗിക്കനുള്ളതാണ്`.

കമാന്‍ഡോകളുടെ റോന്തുചുറ്റല്‍ നടന്നുകൊണ്ടിരുന്നു.

അന്തോണിച്ചന്‍ ജോലി ചെയ്ത് വിയര്‍ത്തു കൊണ്ടിരുന്നു.

സൂര്യന്‍ അസ്തമിക്കാറായപ്പൊഴേക്കും അന്തോണിച്ചന്‍ പണിതീര്‍ത്ത് ടൂള്‍സൊക്കെ പാക്ക് ചെയ്ത് ബാഗിലാക്കി...
പുറത്തേക്ക് കടക്കുന്നതിന്‌ മുന്‍പ് വീണ്ടും പരിശോധന ഉണ്ടായി.
ബാഗില്‍ തപ്പുന്നതിനിടയ്ക്ക് പെട്ടെന്ന് , കോഴികുഞ്ഞിനെ കണ്ട ചെന്നായയുടെ കണ്ണുപോലെ കമന്‍ഡോയുടെ കണ്ണുകള്‍ തിളങ്ങി !

അന്തോണിച്ചന്‍ : എന്താണ്‌ സാര്‍

കമാന്‍ഡൊ : യേ തുമാരെ ബാഗ് മെ കൈസേ ആഗയാ ?

അന്തോണിച്ചന്‍ : (ദൈവമേ , ഇംഗ്ലീഷ് പോലും ശരിക്കറിയാത്ത എന്നോട് ഹിന്ദിയില്‍ തന്നെ ചോദിക്കണം )  ഐ ഡോണ്ട് നോ സാര്‍

കമാന്‍ഡൊ : മേ പൂച്ഛ് റഹാ ഹൂം , യേ പെന്‍ഡ്രൈവ് തുമാരാ ഹേ ? ഇസ്കെ സാത്ത് തൂ അന്തര്‍ കൈസേ ഗയാ ?

അന്തോണിച്ചന്‍ : (ദൈവമേ തൊലഞ്ഞ് , പെന്‍ഡ്രൈവില്‍ എന്താണെന്നാണോ?) മൈ പെന്‍ഡ്രൈവ് , ഇന്‍സൈഡ് ദ ബാഗ്.
(എടാ വൃത്തികെട്ടവനേ, മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്ക്... അലക്കിത്തേച്ച ഉടുപ്പിട്ട് തോക്കും തൂക്കി നിന്ന വല്യ ആളാവില്ല )

കമാന്‍ഡൊ : ക്യാ ബക്ക് റഹാ ഹൈ തൂ...ചലോ മെരേ സാത്ത്, ഇസ്സീ വക്ത്.

അങ്ങനെ അന്തോണിച്ചന്‍ സ്ഥാപനത്തിന്‌ വേണ്ടി സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനില്‍ എത്തി.

അന്തോണിച്ചന്‍ : സാര്‍ ആ പെന്‍ഡ്രൈവ് എന്‍റെതാണ്‌ , അത് ബാഗിലുണ്ടായിരുന്നത് ഞാന്‍ ഓര്‍ത്തില്ല. ഇങ്ങോട്ട് വരുമ്പോഴുള്ള പരിശോധനയില്‍ പോലും അതു കണ്ടില്ല.

കോണ്‍സ്റ്റബിള്‍ : നീ വല്യ വാചകമൊന്നും അടിക്കണ്ട, എന്താടാ ബാഗിനുള്ളില്‍ ?

അ : ടൂള്‍സാണ്‌ സാര്‍

കോണ്‍സ്റ്റബിള്‍ : ടൂളോ ??? എവിടെയാടാ നിന്‍റെ സ്ഥലം ?

അ : ചാലക്കുടിയാണ്‌ സാര്‍

കോണ്‍സ്റ്റബിള്‍ : ഓഹോ, അപ്പൊ ഗഡി,ഏത നിന്‍റെ ഗ്രൂപ്പ് ?

അ : ഗ്രൂപ്പ് ഇലക്ട്രോണിക്സ് ആയിരുന്നു സാര്‍...

കോണ്‍സ്റ്റബിള്‍ : ആളെ കളിയാക്കുന്നോടാ പട്ടീ, ഏതു ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവനാടാ നീ...നിന്‍റെ വേഷത്തില്‍ തന്നെയുണ്ട് ഒരവലക്ഷണം... എസ് ഐ സാര്‍  വരുന്നുണ്ട് ഇനിയൊക്കെ അങ്ങോട്ട് പറഞ്ഞോ.

അന്തോണിച്ചന്‍റെ ക്ഷമയുടെ നെല്ലിപ്പടി കണ്ടുതുടങ്ങി...

എസ് ഐ : നീയാണോടാ തീവ്രവാദി ?

അ : എന്‍റെ അമ്മയാണ്‌ സാര്‍ തീവ്രവാതി

  എസ് ഐ : എന്ത് ???

അ : സാര്‍ , അമ്മയ്ക്ക് തീവ്രമായ വാതമാണ്‌ സാര്‍

  എസ് ഐ : നീയാരെടാ സഞ്‌ജയനോ, ഇങ്ങനെ ഫലിതം പറയാന്‍

അ : സാര്‍ ഞാന്‍ ആന്‍റണി ജോസഫ് കണ്ടത്തില്‍ , ഇവിടെ കംപ്രസ്സര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വന്നതാണ്.

  എസ് ഐ : കണ്ടത്തോ പറമ്പത്തോ എന്തെങ്കിലുമാവട്ടെ...നീയെന്താ സെക്യൂരിട്ടിയോട് സഹകരിക്കാതിരുന്നത് ?      

അ : അത് ഹിന്ദി മനസ്സിലാവാത്തതുകൊണ്ടാണ്‌ സാര്‍, ഈ ബാഗില്‍ ഞാനുപയോഗിക്കുന്ന ടൂള്‍സാണ്‌ സാര്‍. പരിശോധിച്ചു നോക്കണം

  എസ് ഐ : (പുച്ഛത്തോടെ) ഹും...പരിശോധന...നിന്‍റെ ശോധന ഇന്നിവിടെ നടക്കും...

അ : ഞാന്‍ തീവ്രവാദിയൊന്നുമല്ല സാര്‍, ജീവിതത്തില്‍ ഞാനിതുവരെ ഒരു  തീവ്രവാദിയെ കണ്ടിട്ടില്ല...

  എസ് ഐ : തീവ്രമര്‍ദ്ദനം കിട്ടുമ്പോ നിന്‍റെ വാദമൊക്കെ നിന്നോളും. ഏവിടെടാ നിന്‍റെ ഐ.ഡി.കാര്‍ഡ് ?

അ : സാര്‍ ഞാന്‍ ജോലിചെയ്യുന്ന സ്ഥലത്ത് ജോലിക്ക് കയറിയിട്ട് 10 ദിവസമേ ആയിട്ടുള്ളു...കാര്‍ഡ് അടിച്ചു കിട്ടാന്‍ ഒരു മാസമെങ്കിലും ആവും... എന്‍റെ ബോസ് നേരത്തേ വിളിച്ചു പറഞ്ഞതനുസരിച്ചാണ്‌ എന്നെ സെക്യൂരിട്ടി കടത്തിവിട്ടത്... സംശയമുണ്ടെങ്കില്‍ സാര്‍ എന്‍റെ ബോസിനെ വിളിച്ചു നോക്കണം

  എസ് ഐ : അതൊക്കെ ഞാന്‍ നോക്കിക്കോളാം , നീ ആ ബാഗൊന്നു തുറന്നെ.

എസ് ഐ ഫോണ്‍ ചെയ്യുന്നു...ബോസിനെ വിളിച്ചിട്ട് 'പരിധിക്കു പുറത്താണ്‌' എന്ന സന്ദേശം ലഭിക്കുന്നു.

എസ് ഐ : രക്ഷയിലല്ലോ മോനെ, ബോസ് പരിധിയിലോട്ട് വരുന്നില്ല.

അന്തോണിച്ചന്‌ തലചുറ്റുന്നുണ്ടോ എന്ന ഒരു സംശയം ഉണ്ടാവാതിരുന്നില്ല. (മാതാവെ, അത്താഴത്തിന്‌ ഗോതമ്പുണ്ടയാവുമോ ?)

അപ്പോള്‍ അതുവഴിപോയ ഒരു സംഘം വിദ്ദ്യാര്‍ഥികളില്‍ അന്തോണിച്ചന്‍റെ ശ്രദ്ധപതിഞ്ഞു.

അ : (ദൈവമേ, ആ പിള്ളേരെ കണ്ട് നല്ല മുഖപരിചയം, കൂടെയുള്ള ആ ആള്‍ ഡി.ബി യാണോ ! )    ഡി.ബി.സാ...ര്‍ര്‍ര്‍...

അന്തോണിച്ചന്‍റെ അലര്‍ച്ചകേട്ട് ഞെട്ടിത്തിരിഞ്ഞ് നോക്കിയ സംഘം അദ്‌ഭുതപ്പെടുന്നു...കൂട്ടത്തില്‍ നിന്നു പ്രായംചെന്ന ഒരു മനുഷ്യന്‍ മുന്നോട്ട് വരുന്നു...അലക്കി അലക്കി നരച്ച ഷര്‍ട്ടും പാന്‍റ്റ്സും വേഷം , ഷര്‍ട്ട് അകത്തോട്ട് ഇട്ടിറ്റുണ്ട്, പാന്‍റ്റ്സിന്‌ ബെല്‍റ്റില്ല, കാലില്‍ സാന്‍ഡക്കിന്‍റെ , മഴയത്ത് ഇട്ടാല്‍ ചളിതെറിക്കുന്ന  ചെരിപ്പുകള്‍ , വായ്ക്കകത്ത് കൊന്ത്രമ്പല്ലുകള്‍ , തലമുടിക്കു സാമ്പാര്‍ ഒഴിച്ച നിറം .

ഡി.ബി.സാര്‍ നമ്മുടെ പ്രതിയെക്കണ്ട് അദ്‌ഭുതപ്പെടുന്നു...

എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ഐ എസ്  ആർ ഓ ല്‍ പ്രോജക്റ്റ് ചെയ്യാന്‍ എത്തിയ സംഘം , അതിനോടൊപ്പം ഒരു പ്രൊഫസറും...സംഗതിവശാല്‍ ഈ പ്രാവശ്യം അത് അന്തോണിച്ചന്‍റെ സ്വന്തം കോളേജില്‍ നിന്നാണ്!

ഡി.ബി. സാറും അന്തോണിച്ചനും തമ്മിലുള്ള ആഴമേറിയ ബന്ധം
ഊട്ടിയുറപ്പിക്കാനുള്ള ഒരവസരമായി ഇതിനെ കണക്കാക്കാം...

  എസ് ഐയുടെ അടുത്ത് നിന്ന് ഡി.ബി. സാര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നു.

അവര്‍ തമ്മിലുള്ള സംഭാഷണശകലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

"കോഴ്സ് കഴിഞ്ഞ് നാലുകൊല്ലം കഴിഞ്ഞെങ്കിലും ആന്‍റണി ഇപ്പൊഴും കോളേജിലെ വിദ്ദ്യാര്‍ഥിയാണ്‌. ആന്‍റണി ഇല്ലാത്ത ഒറ്റ പരീക്ഷ സീസണ്‍ പോലും ഇതുവരെ കടന്നുപോയിട്ടില്ല...ഞങ്ങള്‍ തമ്മില്‍ സുദീര്‍ഘമായ 8 വര്‍ഷത്തെ പരിചയം ഉണ്ട്. ഇത് എന്തോ അബദ്ധം പറ്റിയതാണ്‌ സാര്‍. പരീക്ഷയ്ക്ക് ഫീസടയ്ക്കാന്‍ പണം തികയാതെ വന്നപ്പോഴായിരിക്കണം ഈ ജോലിയ്ക്ക് ചേര്‍ന്നത്.
നല്ല പയ്യനാണ്‌ സാര്‍, യൂണിവേഴ്സിറ്റിക്ക് ഒരുപാട് വരുമാനം ഉണ്ടാക്കിതരുന്നവനാണ്‌.
ദയവായി വിട്ടയയ്ക്കണം സാര്‍."
      
എസ് ഐ : സാര്‍ പറഞ്ഞതുകൊണ്ട് നിന്നെ വിടാം. മേലില്‍ ഇതുപോലുള്ള സാധനവും കൊണ്ട് ഇതിനകത്ത് കണ്ടുപോകരുത്. 

അന്തോണിച്ചന്‍ ഡി.ബി.സാറിനും എസ് ഐ  സാറിനുമുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തിയിട്ട് പ്രാണനുംകൊണ്ട് പറപറക്കുന്നു.

(തമ്പുരാന്‍ കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ട് പരിക്കുകളൊന്നുമില്ലാതെ
രക്ഷപ്പെട്ടു. എന്തായാലും പാച്ചിക്കാനെ ഒന്നുവിളിക്കാം )

പാച്ചിക്ക അന്തോണിച്ചന്‍റെ സുഹൃത്തും ,ധനവാനും, മാതൃഭാഷയായ മലയാളത്തേക്കാള്‍ വൃത്തിയായി ഇംഗ്ലീഷ് ഭാഷയില്‍ വ്യാപരിക്കുന്നവനും, സര്‍വ്വോപരി അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഒരു 'കംപ്യൂട്ടര്‍ ക്യാറ്റ്' ആണ്‌ പാച്ചിക്ക.

പാച്ചിക്ക : ഡാ നീ അവിടെ ബസ് സ്റ്റോപ്പില്‍ വെയിറ്റ്. ഞാന്‍ പിക്ക് ചെയ്യാം , ഇന്‍ 10 മിനിട്ട്‌സ്.

അ : നി ഇപ്പൊ എവിടെയാ ?

പാച്ചിക്ക : റിട്ടേണിംഗ് ഫ്രം ഓഫീസ് ഡ്യൂഡ്...രഞ്ജിത്തിന്‍റെ കാര്‍ ഉണ്ട്. നമ്മുക്ക് പൂവ്വാര്‍ ബീച്ചിലേക്ക് പോകാം. ഇറ്റ്സ് വെരി നിയര്‍ ട്ടു വേര്‍ യു ആര്‍ നൌ.

കാറിനകത്ത്

പാച്ചു : ഒരു അഡ്വഝര്‍ കഴിഞ്ഞ മണമടിക്കുന്നല്ലോ...

അ : ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറിയതിന്‍റെയാ, പാന്‍റ്‌ നനഞ്ഞോ എന്നൊരു സംശയം

പാച്ചു : പോലീസ് സ്റ്റേഷന്‍ ? കം എഗെയിന്‍


അ :  നോ കം എഗെയിന്‍ , ഗുഡ്ബൈ ഫോര്‍ എവര്‍.

അന്തോണിച്ചന്‍ തന്‍റെ  അഡ്വഝറിന്‍റെ ചുരുളഴിക്കുന്നു...പാച്ചിക്ക വാ പൊളിക്കുന്നു...

പാ : ഡാം  മാന്‍ !


പാ : വാട്ട്‌സ് യുവര്‍ ബ്രോ ഡൂയിങ്ങ്?
അ : അനിയന്‍, അവന്‍ ഇപ്പോ ഒരു റിയാലിട്ടി തൊഴിലാളിയാണ്‌

പാ : ?
അ : റിയാലിട്ടി ഷോയില്‍ നിന്നു റിയാലിട്ടി ഷോയിലേക്കുള്ള പ്രയാണത്തിലാണ്‌.
ഒരു റിയാലിട്ടി ഷോയില്‍ നിന്നു പുറത്താകുമ്പൊഴേക്കും അടുത്ത ഷോയിലെ മത്സരാര്‍ഥിയാകും, പിന്നെ അടുത്തത്, അങ്ങനെ അങ്ങനെ അങ്ങനെ. വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് മാത്രം മാറികൊണ്ടിരിക്കും, ശരീരത്തിനും ശാരീരത്തിനും ഒരു മാറ്റവുമില്ല.  


പാ : !
 
അ :  ഇന്നലെ അച്ചായന്‍റെ അടുത്തായിരുന്നു, അവന്‍ പെന്‍ഡ്രൈവ് നിറചിട്ടുണ്ട്. ഇതു  ഇട്ടുനോക്കാന്‍ പോലീസിന്‍റെ അടുത്ത് കംപ്യൂട്ടര്‍ ഇല്ലണ്ടിരുന്നത് ഭാഗ്യം

പാ : 'ഏ' ഓര്‍ 'ബി' ?

അ : അച്ചായനല്ലെ ആള്...ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ !

പാ : എങ്കില്‍ ഇട്ടുനോക്കിയിരുന്നെങ്കില്‍ നിന്നെ അപ്പൊ വിട്ടേനേ !

ബീച്ച് എത്തി.

പാ : ഇറ്റ്സ് ഡ്രൈവ്-ഇന്‍ മാന്‍ !!!

പൂവ്വാര്‍ കടപ്പുറവും , അവിടുത്തെ തിരകളും , വെണ്ണൂരയില്‍ കാല്‍ നനച്ചുകൊണ്ട് നില്‍ക്കുന്ന സുന്ദരികുട്ടികളും അവരെ എതിരേറ്റു. 


 ഇതൊക്കെ കണ്ട് കടിഞ്ഞാണ്‍ നഷട്ടപ്പെട്ട പാച്ചിക്ക കുതിരപ്പുറത്ത് വരുന്ന പഴശ്ശിരാജയെപ്പോലെ തിരകള്‍ക്കിടയിലൂടെ ആ വാഗണാര്‍ തെന്നിപ്പായിച്ചു.

അ : ഡാ നീ തിര തെറിപ്പിക്കല്ലെ

പ : നീ തെറി പറയിക്കല്ലേ...എന്നെക്കൊണ്ട്

അ : ബാഗിന്‌ എന്തോ ഘനം കൂടിയതുപോലെ

അന്തോണിച്ചന്‍ ടൂള്‍സ് നിറഞ്ഞ ബാഗ് തുറന്നു നോക്കി...നട്ട് കണ്ട് ഞെട്ടുന്നു !

പ : വാട്ട്‌സ് ഇറ്റ് മാന്‍ ?

അ : ഇതിനകത്ത് ഒരു നട്ട്‌. ഒന്നൊന്നര കിലൊ വരും ! ഉപഗ്രഹത്തില്‍ ഫിറ്റ് ചെയ്യാന്‍ മറന്നുപോയത് !!! ടൂള്‍സിന്‍റെ കൂടെ ഇതിനകത്ത് പെട്ടുപോയി.

പ : നട്ടില്ലാത്ത സാറ്റലൈറ്റ് ചാലക്കുടിപ്പുഴയില്‍ വന്നു വീഴാതിരുന്നാമതിയായിരുന്നു...

എന്നു പറഞ്ഞ് അട്ടഹസിക്കുന്നതിനിടയ്ക്ക് പാച്ചു തിരകളെ മറന്നു...നീല യൂണിഫോറം ഇട്ടോണ്ടു നില്‍ക്കുന്ന കോസ്റ്റ്ഗാര്‍ഡിനെ മറന്നു...

8 അടി ഉയരത്തില്‍ തിരകള്‍ തെന്നിമാറ്റിക്കൊണ്ട്, കയറൂരിവിട്ടകാളയെപ്പോലെ മുന്നോട്ടുകുതിച്ച കാറിലിരുന്നുകൊണ്ട് അന്തോണിച്ചന്‍ പക്ഷെ കോസ്റ്റ്ഗാര്‍ഡിനെ കണ്ടു!

പ : ആ നട്ടും കൂടി കോപ്സിന്‍റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അവന്‍മാര്‍ നിന്‍റെ നട്ടും ബോള്‍ട്ടും ഇളക്കിയേനേ...ടെററിസ്റ്റ് ആന്ന്‌ പറഞ്ഞ് പോട്ട യൂസ് ചെയ്ത് അകത്തിട്ടേനെ.

അ : പോട്ടയോ പോറോട്ടയോ എന്തു മണ്ണാങ്കട്ടയെങ്കിലുമാകട്ടേ, നീ ഒന്നു സൈഡാക്കിയേ...
ഈ നട്ട്‌ നമുക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിമജ്ജനം ചെയ്യാം.

അവരെ പിന്‍തുടര്‍ന്ന നീലയൂണിഫോറത്തെക്കുറിച്ച് അവര്‍ അജ്ഞരായിരുന്നു.

പ : കമോണ്‍ മാന്‍ ലെറ്റ്സ് ഗെറ്റ് ഇന്‍റു ദ വാട്ടര്‍

അ :  കോസ്റ്റ്ഗാര്‍ഡ് ഇങ്ങോട്ടാണല്ലോ വരുന്നത്

പഴയ ഹിന്ദി സിനിമയില്‍ കാണുന്ന, ബലാല്‍സംഗത്തിന്‌ ഇരയാവാന്‍പോകുന്നതിന്‌ മുന്‍പ് മഴയില്‍ നനഞ്ഞ്‌കുതിര്‍ന്ന ദൌര്‍ഭാഗ്യവതിയെ അനുസ്മരിപ്പിക്കുംവിധം നനഞ്ഞ്‌ ഒട്ടിയ നീലയൂണിഫോറവും ഇട്ടോണ്ട് കോസ്റ്റ്ഗാര്‍ഡ് അവരുടെ മുന്നില്‍ വന്ന് ഇപ്പോള്‍ പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്നി പര്‍വ്വതത്തെപ്പോലെ നിലയുറപ്പിച്ചു...

പാച്ചുവിന്‌ ചിരി വന്നു, അന്തോണിച്ചന്‌ കരച്ചിലും! 


കോസ്റ്റ്ഗാര്‍ഡ് : നിന്‍റെ ചിരി ഞാന്‍ മാറ്റിത്തരാം , നീയല്ലായിരുന്നോ ഡ്രൈവര്‍ ?

പ : യെസ്...വാട്ട്‌സ് യുവര്‍ പ്രോബ്ലം ?

അ : (പതിയെ മന്ത്രിക്കുന്നു) ഡാ, നിന്‍റെ വാഗണ്‍ആറിന്‍റെ സുനാമിത്തിരയില്‍ കുളിച്ചിട്ടാണ്‌ ഇയാള്‍ വന്നു നില്‍ക്കുന്നത്.

പ : ഓ ഫക്ക്...സോറി സാര്‍ ഞങ്ങള്‍ പര്‍പ്പസ്സ്‌ഫുള്ളി ചെയ്തതല്ല

കോസ്റ്റ്ഗാര്‍ഡ് : എന്തു ഫുള്ളീ ?? എന്തൊന്നാഡാ ഇത്ര ചിരിക്കാന്‍

പ : സാര്‍ ഞാന്‍ ചിരിച്ചതല്ല, എന്‍റെ ഫെയിസ് ചൈല്‍ഡ്‌ഹുഢിലേ അങ്ങനെയാണ്‌

ഇത്തവണ ചിരിച്ചത്‌ അന്തോണിച്ചനായിരുന്നു

അ : സാറെ, സത്യമായിട്ടും ഞങ്ങള്‍ സാറിനെ കണ്ടില്ല, അറിയാണ്ട് പറ്റിയതാണ്‌...സോറി.

കോ : നീയൊന്നും കാണില്ലല്ലോ...എനിക്ക് മാറാന്‍ വേറെ വേഷം പോലുമില്ല...എല്ലാം കഴിഞ്ഞിട്ട്‌ ഒരു സോറി...

പശ്ചാത്തലത്തില്‍ ഒരു പോലീസ് ജീപ്പ് വന്നു നില്‍ക്കുന്നു.

കോ : ഇപ്പൊ ഇവിടെ പട്രോളിംഗ് ഉണ്ട്. അവരോട് പറഞ്ഞോ സോറിയും ഫുള്ളിയുമൊക്കെ... ഫെയിസിന്‍റെ പര്‍പ്പസ് അവര്‌ ഫുള്ളാക്കിത്തരും   

പശ്ചാത്തലത്തില്‍ ഏകനായി നടന്നടുക്കുന്ന പോലീസുകാരന്‍... അസ്തമിക്കാന്‍ പോകുന്ന സൂര്യന്‍റെ പ്രഭയില്‍ മുഖം തെളിഞ്ഞു വരുന്നു...

അ : വ്യാകുലമാതാവേ...... ഐ.എസ്.ആർ.ഓ എസ്. ഐ !!!

പ : യു മീന്‍ ദ സെയിം
എസ്. ഐ ?

അന്തോണിച്ചന്‍ തല കുലുക്കുന്നു, പാച്ചിക്ക മൂക്കത്ത് വിരല്‍വെയ്ക്കുന്നു

അന്തോണിച്ചന്‌ കണ്ണില്‍ ഇരുട്ട്‌കയറുന്നതായി അനുഭവപ്പെട്ടു.

പ :  അന്തോണിച്ചാ , ദയവുചെയ്ത് കടലിലോട്ട്‌ ചാടി നീന്ത്... വിവേകാനന്ദന്‌ കിട്ടിയപോലെ വല്ല പാറയും കിട്ടാതിരിക്കില്ല...
സ്റ്റാമിന ഉണ്ടെങ്കില്‍ അങ്ങ് ശ്രീലങ്കയില്‍ ചെന്ന് കരയ്ക്കടിയാം.

                                ശുഭം



6 comments:

Ranjith said...

chirichitt vayyaaaaa

Raj said...

@Ranjith
thanksundu aliyaaa

Sunshine said...

hehehehe...kolllaam daa....as usual, am impressed with ur writing...very nice...do keep writing!!!

Raj said...

@sunshine
Thanks a million :)

Rads said...

sherikkum very gud writing style. keep writing. oru kaithozhil ayallo

Raj said...

@Rads
Thankyou. ഞാന്‍ ഇതു കൈത്തൊഴിലാക്കിയിട്ട് 3 കൊല്ലമായി.