Tuesday, February 28, 2012

വിനോദയാത്ര അവലോകനം-2011




ഇതെന്തോന്ന, വര്‍ഷാവസാനം ഇറങ്ങുന്ന ഇയര്‍ ബുക്കില്‍ വരുന്ന ലേഖനമോ ? അല്ല ഏതോ ന്യൂ ജനറേഷന്‍ ബാങ്കിന്റെ വാര്‍ഷിക ലാഭത്തിന്റെ കണക്കോ ? അങ്ങനെയൊക്കെ ആലോചിച്ച് കാടുകയറാന്‍ വരട്ടേ. 5 കൊല്ലം കൂടുമ്പോ സംഭവിക്കുന്ന അനന്യ സുന്ദരമായ ഒരു പ്രതിഭാസമാണ് ഓഫീസില്‍ നിന്നും നടത്തുന്ന വിനോദയാത്ര. അങ്ങനെയൊന്നിന് സാക്ഷിയാവാനുള്ള ഭാഗ്യം 2011 നു ലഭിക്കുകയുണ്ടായി! ഇത് അതിനെപ്പറ്റിയാണ്. 
ഒരുത്തനെ ഒരു തവണ പാമ്പ് കടിച്ചാല്‍ വീണ്ടും വീണ്ടും അവനെ പാമ്പ് കടിക്കാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നതുപോലെ വിനോദയാത്രയ്ക്ക് ചുക്കാന്‍ പിടിക്കാനും ഞാന്‍ തന്നെ നിയോഗിക്കപ്പെട്ടു.മുന്‍പ് ഓരോണപ്പരിപാടിക്ക് തലവെച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല.അതിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ഇത് വായിച്ചാല്‍ വ്യക്തമാവും. 


യാത്ര എങ്ങോട്ടു വേണം എന്നു തീരുമാനിക്കാന്‍ കൂലങ്കഷമായ ചര്‍ച്ചകള്‍ ഒരു മാസത്തോളം നടന്നു , പിന്നെ ആളെ തികയ്ക്കാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ ഓഫീസില്‍ തെക്ക് വടക്ക് നടന്നു. അന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടാന്‍ മുട്ടി നില്ക്കുന്ന സമയമായതുകൊണ്ട് തമിഴ് നാട്ടിലേക്ക് പോയാല്‍ ഞങ്ങള്‍ക്കും രണ്ടു പൊട്ടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവ് ഞങ്ങളെ ഊട്ടി കൊടൈക്കനാല്‍ തുടങ്ങിയ സ്ഥിരം കുറ്റികളെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാക്കി. 
അതിരപ്പള്ളി, നെല്ലിയാമ്പതി, വാഗമണ്‍ തുടങ്ങിയ സുന്ദരിക്കുട്ടികളെയൊക്കെ പരിഗണിച്ചിരുന്നെങ്കിലുംഅവരൊക്കെ ഞങ്ങളുടെ പരിധിക്ക് അപ്പുറത്തായതുകൊണ്ടു വേണ്ടെന്ന് വെച്ചു. പിന്നെ ശ്രീ ഹള്ളിയിലോട്ടുള്ള വഴി അര്‍ക്കും നല്ല നിശ്ചയമില്ലാത്തത്  കൊണ്ട് കര്‍ണ്ണാടകത്തേക്ക് കടന്നില്ല. അവസാനം ഞങ്ങളുടെ തൊട്ടടുത്ത് കിടക്കുന്ന വയനാടിന് തന്നെ നറുക്കു വീണു. വേറെ വഴിയില്ലായിരുന്നു.         

വയനാട്ടിലേക്ക് നടത്തിയ ആ യാത്രയില്‍ ഓര്‍ക്കാന്‍ ഒട്ടേറെയുണ്ടെങ്കിലും മറക്കാന്‍ പറ്റാത്തത് മാത്രം ഇവിടെ പകര്‍ത്താം.


ഒന്നാം ദിവസം : 
ടൂറിന് വരും വരും എന്നു വിചാരിച്ചു പലരും കാത്തിരുന്ന ചിലര്‍ , സാധാരണ  ചെയ്യാറുള്ളതുപോലെ തന്നെ വന്നില്ല. അതുകൊണ്ടുതന്നെ വരില്ല എന്നു വിചാരിച്ചിട്ടു അവസാനം വന്ന ചിലരോടൊക്കെ കാത്തിരുന്നവര്‍ക്കെല്ലാം കുറച്ചു സ്നേഹം കൂടിയോ ? 


ഹെയര്‍ പിന്നുകളുടെ വളവും വടിവും ഒക്കെ കഴിഞ്ഞു കുറുവ ദ്വീപ് നീന്തിക്കടന്നു , തോല്‍പ്പെട്ടിയിലെ കാണാത്ത കടുവയുടെയും കാട്ടാനയുടെയും മുരള്‍ച്ചകള്‍ക്ക് കാതോര്‍ത്തുകൊണ്ടു ഞങ്ങള്‍ നേരമിരുട്ടിയപ്പോഴേക്കും മേപ്പാടിയിലെത്തി. 


അവിടുന്നാണ് ഫാസിലിന്റെ കുളിതെറ്റിയത്! 


ദിവസത്തില്‍ ചുരുങ്ങിയത് നാല് കുളിയെങ്കിലും നിര്‍ബന്ധമുള്ള ഒരു പ്രതിഭാസമാണ് ഫാസില്‍. 
ജന്മസിദ്ധമായി ലഭിച്ച ഈ കഴിവ് ഫാസിലിന്റെ റൂംമേറ്റ് ആയ ജബ്ബാറിന് അറിയാതെ പോയി. മേപ്പാടിയിലെ റിസോര്‍ട്ടില്‍ അന്ന് രാത്രിയില്‍ തന്റെ മൂന്നാമത്തെ കുളിക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് കുളിമുറി ജബ്ബാര്‍ കയ്യടക്കിയ കാര്യം ഫാസില്‍ അറിയുന്നത് , വേറെ ഒരു കുളിമുറിയും ഒഴിവില്ല.അങ്ങനെ ജീവിതത്തിലാദ്യമായി ഫാസിലിന്റെ കുളി തെറ്റി...ജബ്ബാര്‍ തെറ്റിച്ചു. ഇപ്പൊ വയനാട്ടിലെ ആദിവാസി കുഞ്ഞുങ്ങള്‍ക്കു പോലും ഈ കാര്യം അറിയാം! അപ്പൊ ജബ്ബാര്‍ ആരായി! വല്ല ഫാസിലാന്‍റെ കുളിയും ആയിരുന്നെങ്കില്‍ ഒരന്തസ്സുണ്ടായിരുന്നു എന്നാണ് ജബ്ബാറിന്റെ ആത്മഗതം. 


അന്ന് രാത്രി അരങ്ങേറിയ ഡംഷരാട്സ് വളരെ ആകര്‍ഷകമായിരുന്നു. 'മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള'എന്ന സിനിമയ്ക്ക് വേണ്ടി ജമാല്‍ കാണിച്ച 'പിള്ള വാതം' ഒരു സംസ്ഥാന അവാര്‍ഡിനു മാത്രം ഉണ്ടായിരുന്നു.ആരൂഢം, വീണ്ടും ലിസ, രതി നിര്‍വേദം തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി നടന്ന കോപ്രായങ്ങളും ശ്രദ്ധേയമായി.


രണ്ടാം ദിവസം : 
ഇടക്കലും, സൂചിപ്പാറയും ആണ് അജണ്ടയിലുള്ളത്. ആദ്യം ഏത് വേണം എന്നുള്ളത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ചില മലക്കം മറിച്ചിലുകള്‍ക്ക് ശേഷം ഇടക്കല്‍ ഗുഹയിലെത്തി. 


തുടര്‍ന്നങ്ങോട്ടുള്ള ആഖ്യാനം ഞങ്ങളുടെ കണ്ണിലുണ്ണിയായ, നിങ്ങളുടെ മുത്തായ, നാട്ടുകാരുടെ ശല്യമായ ആ 'പ്രസ്ഥാന'ത്തിന്റെ മനസ്സിലൂടെ.


ഇടയ്ക്കലിലേക്കുള്ള ക്യൂ മടുപ്പിക്കുന്നതായിരുന്നു. അങ്ങനെ വെയിലും കൊണ്ട് നില്‍ക്കുമ്പോഴാണ് അവളുടെ മുഖം എന്റെ കണ്ണില്‍ ഉടക്കിയത്.
തെക്കെങ്ങോ ഉള്ള ഒരു കോളേജില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ബസ്സ് ഞങ്ങളുടേതിനെ കടന്നുപോയപ്പോതന്നെ പാട്ടും കൂത്തും കേട്ടിരുന്നു. ആ കൂട്ടത്തില്‍ പ്പെട്ടതാണെന്ന് തോന്നുന്നു. കുറച്ചു ദൂരെയാണ്, മുഖം ക്ലിയറാവുന്നില്ല. സാരമില്ല, ക്യൂവില്‍ കുറച്ചു അതിക്രമം കാണിച്ചാ മതി, ക്ലിയറാവും. 
അങ്ങനെ, കൂടുതല്‍ ക്ലിയറായി!                           
മുഖം, വയനാട്ടിലെ പ്രകൃതി പോലെ തന്നെ സുന്ദരമായിരുന്നു. നിറം, 'പെന്‍ഗ്വിനി'ല്‍  കിട്ടുന്ന മില്‍ക്ക് ഷേക്ക് പൊലിരുന്നു. ഉയരം, എന്റെ ചുണ്ട് അവളുടെ നെറ്റിക്കു കണക്കാ. കൂര്‍ത്തയും ജീന്‍സും വേഷം. ഫെമിനിസ്റ്റാണോ ദൈവമേ? 
എന്തായാലും ക്യൂവിനോടുള്ള ദേഷ്യമൊക്കെ പോയി സ്നേഹമായി...
നമ്മളും ഈ ക്യൂവില്‍ ഉണ്ടെന്ന് ഒന്നറിയിക്കണമല്ലോ, പിന്നെ അതിനുവേണ്ടിയുള്ള പരാക്രമങ്ങളായിരുന്നു.          
ക്യൂവില്‍ കുറേ മുന്നില്‍ , അവളുടെ അടുത്തായിട്ടു നിന്നിരുന്ന സജിത്തിന്റെ അടുത്തു തൊണ്ട പൊട്ടുന്ന ഒച്ചയില്‍ സംസാരിക്കുക, ഇടയ്ക്ക് 'ഐ മുസ്ലിം ഐ മുസ്ലിം' എന്നു വിളിച്ചു പറയുക അവസാനം തളത്തില്‍ ദിനേശനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു 'അടുത്തത് നമ്മള്‍ സൂചിപ്പാറയിലേക്ക് , സൂചിപ്പാറ സൂചിപ്പാറ'  എന്നു ആക്രോഷിക്കുക തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. 
എന്നിട്ടും അവള്‍ക്ക് ഒരു മൈന്‍റ് ഇല്ല. കൊക്ക് കൂറെ കുളം കണ്ടു കാണും. എന്നാലും ഫോട്ടോ എടുക്കുന്നതുള്‍പ്പെടേയുള്ള സാഹസങ്ങള്‍ എന്റെ ഭാഗത്ത് നിന്നു തുടര്‍ന്നുകൊണ്ടിരുന്നു. കോളേജില്‍നിന്നും സലാം പറഞ്ഞിട്ട് കൊല്ലം രണ്ടുമൂന്നു കഴിഞ്ഞെങ്കിലും കൊള്ളരുതായ്മകള്‍ക്കൊന്നും ഒരു കുറവുമില്ല. അങ്ങനെ ഇടയ്ക്കല്‍ കണ്ടു തിരിച്ചിറങ്ങി. സൂചിപ്പാറയെപ്പറ്റി സൂചിപ്പിച്ചത് അവള്‍ കേട്ടുകാണും, പ്രതീക്ഷയുടെ ഒരു പുല്‍നാമ്പ് മുളച്ചിട്ടുണ്ട്.       
വെയ്യില്‍ ഇറങ്ങിയപ്പോഴേക്കും സൂചിപ്പാറയിലെത്തി.മലമുകളില്‍ നിന്നു പ്രകൃതി ജലപ്രവാഹമായി താഴോട്ട് പതിക്കുന്ന മനോഹരമായ കാഴ്ച. വെള്ളത്തിന് അസ്ഥികോച്ചുന്ന തണുപ്പ്. അതിന്റെ ചുവട്ടില്‍ നിന്നപ്പോള്‍ എല്ലാ ക്ഷീണവും മാറി. 
കണ്ണുകള്‍ അവള്‍ക്കുവേണ്ടി തിരഞ്ഞു കൊണ്ടിരുന്നു. ഒരു നാല് കോളേജിലുള്ള കുട്ടികള്‍ അപ്പൊ തന്നെ അവിടെ ഉണ്ടായിരുന്നു, പക്ഷേ അവരുടെ ബസ്സ് മാത്രം കണ്ടില്ല. വന്നു കാണില്ല. നേരം 5 മണി കഴിഞ്ഞു. ഇനി വൈകുന്നതിന് മുന്‍പ് തിരിക്കണം എന്നു ടൂര്‍ കോര്‍ഡിനേറ്റര്‍ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. അവളെ കാണാണ്ട് ഞാനെങ്ങോട്ടും വരുന്നില്ല. സ്നേഹിക്കാന്‍ വെമ്പുന്ന മനസ്സിന്റെ ആകാംഷകള്‍ ഈ മാക്രിക്ക് മനസ്സിലാവില്ല.കോര്‍ഡിനേറ്റര്‍ ആണെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടി കോര്‍ഡിനേറ്റ് ചെയുന്ന ആളായിരിക്കണം. പക്ഷേ കാത്തിരുന്നിട്ടും കാര്യമുണ്ടായില്ല. അവസാനം 5.30 ആയപ്പോള്‍ ബസ്സിലേക്ക് തിരിച്ചുനടന്നു. 1 കിലോമീറ്റര്‍ നടക്കാനുണ്ട്, അവളെ തിരഞ്ഞു തിരഞ്ഞു എന്റെ കണ്ണുകള്‍ ക്ഷീണിച്ചു. 


ഒടുവില്‍ ബസ്സിലേക്ക് കാലെടുത്തുവെച്ചതും അവളുടെ കോളേജ് ബസ്സ് വളവ് തിരിഞ്ഞു മുന്നില്‍ പ്രത്യക്ഷപ്പെട്ടതും ഒന്നിച്ചായിരുന്നു! പടച്ചോനേ, നീ കൈവിട്ടില്ല! 


ഇനി ഇപ്പൊഴെങ്ങും പോകുന്നില്ല. പക്ഷേ എല്ലാരും ബസ്സില്‍ കയറി കഴിഞ്ഞു. പെട്ടെന്ന്, മൊബൈല്‍ കാണുന്നില്ല എന്നൊരു സാന്ദര്‍ഭിഗ കള്ളം അഞ്ചുവിനെക്കൊണ്ടു പറയിച്ചു. ആ ബഹളത്തിനിടയില്‍ ഓടി അവളുടെ അടുത്തേക്ക് ചെന്നു, ആള്‍ക്കൂട്ടത്തിനിടയില്‍ ശരിക്ക് കാണാന്‍ പറ്റുന്നില്ല. അവളുടെ കൂട്ടുകാരുടെ അടുത്ത് ചോദിച്ചതില്‍ അത് രാജഗിരി എന്‍ജിനീയറിംഗ് കോളേജ് ആണ്, അഞ്ചാം സെമസ്റ്റര്‍ ഇലക്ടോണിക്സ് എന്നുള്ള കാര്യങ്ങള്‍ മനസിലായി. തിരക്കിനിടയ്ക്ക് അവളെ ഒരു നോക്കൂ കണ്ടു, അസ്തമയ സൂര്യനെപ്പോലെ ചുവന്നു തുടുത്ത മുഖവുമായി...പക്ഷേ എന്നെ കണ്ടപ്പോ ആലുവ മണപ്പുറത്ത് കണ്ട ഭാവം പോലുമില്ല ,പിന്നെ ഒരു ആക്കിയ ചിരി ചിരിക്കാന്‍ ശ്രമിച്ചോ ? 


എന്തായാലും എനിക്കു വയനാടിനോട് വിടപറയാന്‍ സമയമായി. മലയും വെള്ളച്ചാട്ടവും തേയില തോട്ടങ്ങളും അസ്തമയത്തിന്റെ ചുവപ്പിനെയും പിന്നിലാക്കി ഞങ്ങള്‍ ചുരമിറങ്ങി വീണ്ടും നഗരത്തിന്റെ തിരക്കുകളിലേക്ക്. 


രണ്ടു ദിവസത്തിന് ശേഷം ഓഫീസ് : 


അജിത്ത് പതിവുപോലെ കംപ്യൂട്ടറിന്റെ മുന്നില്‍ കിടന്നുറങ്ങുന്നു. 


ജമാല്‍ : അളിയാ 


അജിത്ത് : വാ ജമാലെ, ഇരിക്ക്. ടൂറിന്റെ ഹാങ് ഓവറിലാ ? 


ജമാല്‍ : ഒന്നും പറയണ്ടാ. നിന്റെ ഒരു സഹായം വേണം.                


അജിത്ത് :അതിനിടയ്ക്ക് ഇന്നലെയെന്താ ഒരു ബഹളം കേട്ടത് ? 


ജമാല്‍ : ക്ലയ്ന്‍റിനോട് ചാറ്റ് ചെയ്യുന്നതിനിടക്ക് ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടായി , ആത്രേയുള്ളൂ. 


അജിത്ത് : ആത്രേയുള്ളൂ?


ജമാല്‍ : എടാ , അയാളോട് 'പ്ലീസ് ക്ലിക്ക് ദ ഇമേജ്' എന്നു പറയുന്നതിന് പകരം... ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ ക്ലിക്കിന്റെ 'സി' വിട്ടുപോയി. അതിനാണ്...


അജിത്ത് : അപ്പൊ പ്ലീസ് ലിക്ക് ദ ഇമേജ് എന്നായി! ഇമേജ് ഒരു പെണ്ണിന്‍റേതായിരുന്നല്ലോ , അപ്പൊ നിന്റെ ഇമേജ് എന്തായി! 


ജമാല്‍ : എന്റെ 'ഇമേജ്' ഇല്‍ ഡോഗ് ലിക്കി.                                                                         


അജിത്ത് : ? 


ജമാല്‍ : ജീവിതം നായ നക്കി എന്ന്.


അജിത്ത് : നീ വന്ന കാര്യം പറ.


ജമാല്‍ : നിന്റെ ഡാറ്റാ മൈനിംഗ് സേവനം ആവശ്യമുണ്ട്.    


അജിത്ത് : ഒക്കെ. ആരാ കുട്ടി? ഇന്‍ഷാള്ള , ഹരി ഓം...ഏതാണ് ?  


ജമാല്‍ : റിലേ പോയി കെടക്ക്ണ്, മനസ്സിലാവുന്ന പോലെ പറ.


അജിത്ത് : എടാ , കുട്ടി മുസ്ലിമാണോ, ഹിന്ദുവാണോ       


ജമാല്‍ : അല്ല 'വ്യാകുലമാതാവാ'ണോന്ന് , അല്ലേ ? 


അജിത്ത് : നീ അറിയുന്ന ഡീറ്റെയില്‍സ് പറ.      


ജമാല്‍ : രാജഗിരി, എസ്സ് ഫൈവ്. വേറെയൊന്നുമറിയില്ല. മുഖം എന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.     


അജിത്ത് : ഓകെ. നാളത്തേക്കു റെഡിയാക്കാം.


പിറ്റേന്ന് : 


അജിത്ത് :ഡാ , രാജഗിരിയിലെ വിമന്‍സ് ഹോസ്റ്റലിലെ അന്തേവാസികളുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ട്.                    


ജമാല്‍ : കൊണ്ട് വാ എന്റെ മുത്തേ. എന്നാലും നീ ഇതെങ്ങനെ ഒപ്പിച്ച് ! 


അജിത്ത് : ഇതുകൊണ്ട് നീ അവളെ എങ്ങനെ കണ്ടുപിടിക്കും എന്ന് ദൈവത്തിനറിയാം! നിന്നെ ഇങ്ങനെ റിലേ കളയിക്കാന്‍ മാത്രം റേഞ്ച് ഉള്ള ടവറാണോ അത് ? 


ജമാല്‍ പിന്നെ കിട്ടിയ പേരുകള്‍ വാച്ചോണ്ട് 'ഫെയിസ് ബുക്കിലേ'ക്കിറങ്ങി. രണ്ടു ദിവസം മുങ്ങിത്തപ്പിയത്തിന്റെ ഫലമായി അന്ന് ഇടയ്ക്കലില്‍ വച്ച് പരിചയപ്പെട്ട ആ കൂട്ടത്തിലെ വിവേകിനെ കണ്ടുപിടിച്ചു. അങ്ങനെ അവന്റെ ഫ്രണ്ടായി. അവന്റെ ലിസ്റ്റിലെ ആയിരത്തോളം ഫ്രന്‍സിനെ പരതുന്നതിനിടയ്ക്ക്...കണ്ടു ! 
ഷാഹിദാ അഹമ്മദ് ...ഇന്‍ഷാള്ളാ ! അതേ മുഖം...ഒന്നും നോക്കിയില്ല... റിക്വസ്റ്റ് അയച്ചു. 
പക്ഷേ ഒരാഴ്ചയ്ക്കു ശേഷവും റിക്വസ്റ്റ് സ്വീകരിച്ചില്ല...
ദിവസവും എഫ്.ബി എടുത്തു നോക്കും നിരാശയോടെ ലോഗോഫ്ഫ് ചെയ്യും. 


ഒടുവില്‍ ഒരു വെള്ളിയാഴ്ച ജമാലിനെ നോക്കി മന്ദസ്മിതം പൊഴിച്ചുകൊണ്ടു ഫെയിസ് ബുക്കില്‍ ആ മെസ്സേജ് വന്നെത്തി. ചെവിയില്‍ മുഴങ്ങുന്ന ഹൃദയമിടിപ്പോടെ ജമാല്‍ അത് വായിച്ചു. 


ഷാഹിദാ : നീ എന്താ എന്നെ കണ്ടു പിടിക്കാന്‍ വൈകുന്നത് എന്ന ചോദ്യവും മനസ്സിലിട്ടോണ്ട് കാത്തിരിക്കാന്‍ തുടങ്ങിയതാ...ടൂര്‍ കഴിഞ്ഞു കോളേജിലെത്തിയത് മുതല്‍.
                    
അതെന്തായാലും ജമാല്‍ കണ്ട കിനാവിലൊന്നും ഇല്ലാത്തതായിരുന്നു. ഇപ്പോ അവന്റെ മനസ്സിന് സൂചിപ്പാറയിലെ വെള്ളത്തേക്കാള്‍  കുളിര് , ആദ്യാനുരാഗത്തിന്റെ തണുപ്പ്.