Saturday, May 12, 2012

വാര്‍‍ത്താസന്ദേശം 2.

ആദ്യത്തേത് എഴുതിയപ്പോള്‍ അത് അവസാനത്തേത് ആവും എന്നു കരുതി തന്നെയാണ്  എഴുതിയത്. പക്ഷേ കമ്പനി എന്നെക്കൊണ്ടു വീണ്ടും  എഴുതിക്കുകയാണ്. പുതിയ പരിഷ്ക്കാരങ്ങള്‍ ഒക്കെ കണ്ടിട്ട് എന്നിലെ സാഹിത്യകാരന്‍ എങ്ങനെ പേന താഴെവെക്കും എന്ന ആശയക്കുഴപ്പത്തില്‍പ്പെട്ടുഴലുകയാണ്.
പിന്നെ ഇത് 2 ന്റെ  സീസണായതുകൊണ്ടു (ഹൌസ്ഫുള്‍ 2 , ജന്നത്ത് 2, ഡോണ്‍ 2) ഇനി ഞാനായിട്ടെന്തിനാ  കുറയ്ക്കുന്നത് എന്നു വെച്ചു.


മീനവേനലില്‍ എന്നു പണ്ടാരാണ്ട് പാടിയത് വെറുതെയല്ല, മീനത്തിലെ വേനലിന്റെ തലോടല്‍ ശരിക്ക് അനുഭവിച്ചറിയണമെങ്കില്‍ ഞങ്ങളുടെ ഒപ്പം രണ്ടാം നിലയില്‍ ഇരിക്കണം. ചൂട് ക്രമാതീതമായി കുറയ്ക്കാന്‍വേണ്ടി എക്സ്ഹോസ്റ്റ് ഫാന്‍ വെക്കല്‍ ചടങ്ങ് അരങ്ങേറി. ഫാന്‍ വെച്ചിരിക്കുന്നത് തറയില്‍ നിന്നു ഒരടി ഉയരത്തിലാണെങ്കിലും, സമുദ്രനിരപ്പില്‍ നിന്നു 30 അടി ഉയരത്തിലായതുകൊണ്ട് അത് മുറിയിലെ താപം കുറച്ച്, മര്‍ദ്ദം കൂട്ടി, പിണ്ഡം ഇളക്കി, ഊഷ്മാവ് ഇല്ലാതാക്കി, ആത്മാവിന് മോക്ഷം നല്കും.


അതേസമയം, പുതിയ ഏ.സി 22 ആം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പ്രവര്‍ത്തിച്ചു തുടങ്ങും എന്നു അധികൃതര്‍ അറിയിച്ചു.
പിണ്ഡത്തിന്റെ കാര്യം പറഞ്ഞപ്പൊഴാ കഴിഞ്ഞ ലക്കത്തിലെ മെരുക്കുട്ടിയെ ഓര്‍മ്മ വന്നത്. അദ്ദേഹത്തിന്റെ കുട്ടികളെ കണ്ട് നിര്‍വൃതിയടയാന്‍ ഇപ്പോള്‍ അടുത്തുള്ള ഹോസ്റ്റലിലെ തരുണീമണികള്‍ പോലും ക്യൂ നില്‍ക്കുകയാണ്. ആ ക്യൂ കാണാന്‍ ഇവിടെ പലരും ക്യൂ നിന്നുകൊണ്ടിരിക്കുകയാണ് എന്ന് പാവം കുട്ടികള്‍ അറിയുന്നില്ല!




പുതുതായി വാങ്ങിയ ചക്രമുള്ള കസേരകള്‍ തൊഴിലാളികള്‍ക്കു വളരെ  ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവം സമ്മാനിക്കുന്നവയാണ്. അതില്‍ ഇരിക്കുമ്പോള്‍ ചെറുപ്പത്തില്‍ മൂന്ന്‍ ചക്രം സൈക്കിള്‍ ഓടിച്ചത് ഓര്‍മ്മ  വരുന്നു എന്ന് തൊഴിലാളി നേതാവ് മാസ്റ്റര്‍ജി അഭിപ്രായപ്പെട്ടു.


പിന്നെ, എല്ലാ കമ്പ്യൂട്ടറിലും പുതിയ പവര്‍ പ്ലാന്‍ നടപ്പിലാക്കിയിരിക്കുകയാണ്. ( പവര്‍ പ്ലാന്‍ എന്നുവെച്ചാല്‍ വൈദ്യുതി ലാഭിക്കാന്‍ വേണ്ടിയുള്ള ഒരു പഞ്ചവത്സര പദ്ധതിയാണ്). ഇത് നടപ്പിലാക്കിയതുകാരണം മിച്ചം വരുന്ന അധിക വൈദ്യുതിയുടെ അളവ് കണ്ടിട്ട് എല്ലാവരുടെയും കണ്ണുകള്‍ ബള്‍‍ബായിരിക്കുകയാണ് . അധികവൈദ്യുതി ഉപയോഗിച്ച്   കേരളത്തിലെ വൈദ്യുതിക്ഷാമം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനോടൊപ്പം തമിഴ് നാടിന് വൈദ്യുതിവില്‍ക്കാനും പറ്റും എന്ന് ജോലിക്കാരിചേച്ചി അറിയിച്ചു. പക്ഷേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിന്റെ അണപ്പല്ല് തമിഴ്നാട് ഇളക്കിയതുകൊണ്ട് തല്ക്കാലം അധികവൈദ്യുതി കര്‍ണ്ണാടകത്തിന് നാല്‍കാനാ പ്ലാന്‍. അവിടെയാവുമ്പോ എം.എല്‍.എ മാര്‍ ആ വൈദ്യുതി കൊണ്ട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്തു, ആ മൊബൈല്‍ ഉപയോഗിച്ച് പാര്‍ലമെന്റില്‍ ഇരുന്നു പല പുണ്യപ്രവര്‍ത്തികളിലും ഏര്‍പ്പെടാറുണ്ട്. കമ്പനിയിലുള്ളവര്‍ക്ക് അങ്ങനെയൊക്കെ ചെയ്യുന്നതും, ചെയുന്നവരെയും വല്യ ഇഷ്ടമാണ്!


ടേബിള്‍ ടെന്നീസ് ബാറ്റിന്റെ പിടി ഓടിച്ച നടപടിയെ തൊഴിലാളികള്‍ അപലപിച്ചു. പിടി ഓടിച്ചവന്റെ എല്ലോടിക്കാന്‍ മുറവിളി ഉയര്‍ന്ന   സാഹചര്യത്തില്‍ എല്ലാരും സംയമനം പാലിക്കണം എന്ന് മുതിര്‍ന്ന തൊഴിലാളിയായ റപ്പായി അപേക്ഷിച്ചു. കല്യാണം നിശ്ചയിച്ചിരിക്കുന്ന ഈ അവസരത്തില്‍ റപ്പായിയാണ് യഥാര്‍ഥത്തില്‍ സംയമനം പാലിക്കേണ്ടത് എന്ന് ചോട്ടാനേതാവായ അലവലാതി ഷാജി തിരിച്ചടിച്ചു. ബാറ്റ് പൊട്ടിച്ച സംഭവത്തില്‍ തീപ്പൊരി ബാലകൃഷ്ണനെ സംശയിക്കുന്നതായി മാനേജ്മെന്റിന്റെ പ്രതിനിധി അറിയിച്ചു. കളിയില്‍ എല്ലാരെയും പൊട്ടിച്ച് പൊട്ടിച്ച്, ഇനി ബാറ്റ് മാത്രമേ പൊട്ടിക്കാന്‍ ബാക്കിയുള്ളൂ എന്ന് ബാലകൃഷ്ണന്‍ ഉദ്ഘോഷിച്ചത് കേട്ടവരുണ്ട്, ഇത് സംശയം  ശക്തിപ്പെടുത്തുന്നു. പേര് ബാലകൃഷ്ണന്‍ എന്നാണെങ്കിലും താനൊരു ബാലനാണ്  എന്നാരും കരുതണ്ട എന്ന് ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. ജന്‍മനാല്‍ അഹങ്കാരിയും , വളര്‍ന്നപ്പോള്‍  തെമ്മാടിയും സര്‍വോപരി താന്തോന്നിയുമായ തന്നോടു കളിക്കരുത്, ബാറ്റ് പൊട്ടിച്ചത് ചോദിക്കാന്‍ ചെല്ലുന്നവരുടെ മുഖത്ത് പൊട്ടിക്കും എന്ന് ബാലകൃഷ്ണന്‍ ആക്രോശിച്ചത് കേട്ടു ചിരിച്ചു ചിരിച്ചു തൊഴിലാളികളുടെ വയറ് വേദനിച്ചിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ രണ്ടു ജോഡി പുതിയ ബാറ്റ് വെച്ച് ടി.ടി ഡബിള്‍സ് ആരംഭിച്ചിട്ടുണ്ട്. കളിക്കിടയില്‍ കൂട്ടിമുട്ടലും, ഉന്തും തള്ളും ഒക്കെ പതിവായിരിക്കുകയാണ് അതുകൊണ്ടു തന്നെ മിക്സഡ് ഡബിള്‍സ് എത്രയും പെട്ടെന്ന് തുടങ്ങണം എന്ന ആവശ്യം ശക്തമാണ്.  




പ്രസവവാര്‍ഡ് തൊട്ടിലുകളെക്കൊണ്ട് നിറയാന്‍ തുടങ്ങിയിട്ടുണ്ട് . എന്ന് വെച്ച് ഇനിയിപ്പോ കുറച്ചുകാലത്തേക്ക് വാര്‍ഡ് ഒഴിഞ്ഞു കിടക്കും എന്നാരും കരുതണ്ടാ! കമ്പനിയില്‍ നവദമ്പതികള്‍ ഉള്ളിടത്തോളം കാലം വാര്‍ഡില്‍ ഒഴിവുണ്ടാവില്ല എന്ന് വേണം മനസിലാക്കാന്‍. ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കായി ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം വൈകീട്ട് രണ്ടുനേരം പവര്‍ക്കട്ട് ഏര്‍പ്പെടുത്തുകയും കൂടി ചെയ്തിട്ടുണ്ട്. പവര്‍ക്കട്ട് മഴക്കാലത്തും കൂടി തുടര്‍ന്നാല്‍ അധികം വൈകാതെ നമ്മള്‍ ചൈനയുടെ ഒപ്പമെത്തും എന്ന് വേണം കരുതാന്‍.


വേനല്‍ക്കാലത്ത് വിദേശ രാജ്യങ്ങളിലുള്ള തൊഴിലാളികള്‍ എങ്ങനെ ജോലി ചെയുന്നു എന്ന് നേരിട്ട് കണ്ട് മനസിലാക്കാന്‍ വേണ്ടി , അതിനുവേണ്ടി മാത്രം മുതലാളി യൂറോപ്പിലേക്ക് പോയിരിക്കുകയാണ്. ഏ.സി ഇല്ലാത്ത മുകള്‍നിലയിലെ, തൊഴിലാളികളുടെ ദൈന്യത കാണാന്‍ കെല്‍പ്പില്ലാത്തതുകൊണ്ടാണ് ഭാരതത്തില്‍ നിന്നൊക്കെ ദൂരെ അങ്ങ് യൂറോപ്പിലേക്ക് തന്നെ പോകാം എന്നുവെച്ചത്. ഇതല്ലേ യഥാര്‍ഥ  സോഷ്യലിസം!


അവസാനമായി , ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യുകയാണെങ്കില്‍ എല്ലാ ഞായറാഴ്ചയും അവധി തരുന്നതിനെപ്പറ്റി ആലോചിക്കുന്ന കാര്യം പരിഗണിക്കണോ വേണ്ടയോ എന്നു ചിന്തിക്കാം എന്നു വാരാന്ത്യ മീറ്റിങ്ങില്‍ മാനേജ്മെന്‍റ് അറിയിച്ചു.  ഇതുകേട്ട് സന്തോഷം കൊണ്ട് മതിമറന്ന തൊഴിലാളികള്‍ പടക്കം പൊട്ടിക്കാന്‍‍ വേണ്ടി ഗുണ്ട് വാങ്ങിക്കാന്‍ പോയെങ്കിലും ശംബളം കിട്ടിയിട്ടില്ലാത്തതുകൊണ്ടു വേണ്ടെന്ന് വെച്ചു.