Monday, September 19, 2011

ഒരു കഥ ജനിക്കുമ്പോള്‍

സീന്‍ 1 :
രംഗം - എച്ച്.ആറിന്റെ മുറി  


വേദിയില്‍ - ഉടുപ്പിനകത്ത് കരപ്പ് കയറിയ ഭാവവുമായിരിക്കുന്ന എച്ച്.ആര്‍, ആ രംഗത്തേക്ക് നടന്നടുക്കുന്ന പടന്ന പോലുള്ള കാലുകള്‍...ആ കാലുകള്‍ എന്റെയാണ്.


അണിയറയില്‍ - സഹപ്രവര്‍ത്തകയായ സുന്ദരികുട്ടിയും, അവളുടെ അധികം ഉപയോഗിക്കാത്ത കുരുട്ടുബുദ്ധിയും.


പശ്ചാത്തലം- ഓണം ഇത്തവണ കുറെ മുന്‍പ് തന്നെ വന്നെത്തി, കൃത്യമായിപ്പറഞ്ഞാല്‍ തിരുവോണത്തിന് ഏകദേശം ഒരു മാസം മുന്‍പ് തന്നെ.


അന്ന് യാദൃശ്ചികമായി ഓഫീസില്‍ നടന്ന ഒരു മീറ്റിങ്ങിലേക്ക് എന്നെ വിളിപ്പിച്ചു. പതിവില്ലാത്തതാണ്!
മേലധികാരിയുമായിട്ടുള്ള ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ അറിയാതെ ഉറങ്ങിപ്പോകാറുള്ള എന്നെപ്പോലൊരുത്തനെ വിളിച്ചിരുത്താന്‍ പറ്റിയ സ്ഥലമല്ല മീറ്റിങ്ങ് എന്നു ബോധ്യമുള്ളതുകൊണ്ടാവാം. അല്ല, ഇനി ലേണേഴ്സ് ലൈസന്‍സ് പോലുമില്ലാത്ത എന്റെ നാക്കിനെ പേടിയുള്ളതുകൊണ്ടാണോ , സാധാരണ മീറ്റിങ്ങ് നടക്കുമ്പോ എന്നെ ആ പ്രദേശത്തേക്ക് അടുപ്പിക്കാറില്ല.
ഈ മീറ്റിങ്ങ് എന്നെ ഏതായാലും ഉറക്കിയില്ല, പക്ഷേ ഉള്ള ഉറക്കം കെടുത്തി! 


സീന്‍ 2 : എച്ച്.ആറും ഓണപരിപാടിയുടെ സംഘാടകയും കൂടി എന്റെ കാര്യം കഷ്ടത്തിലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.
എച്ച്.ആറിന്റെ ശബ്ദശകലങ്ങള്‍ ചുവടെ...


'ഓണത്തോടനുബന്ധിച്ച് വമ്പിച്ച ആഘോഷങ്ങളാണ് നമ്മുടെ മുതലാളി നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്... ഓണത്തിന്റെ തലേന്ന് നീണ്ട രണ്ടുമണിക്കൂര്‍ നേരം തുടര്‍ച്ചയായ പരിപാടികളായിരിക്കും ! പിന്നെ പത്തുകൂട്ടം ഓണസദ്യ, അതുകഴിഞ്ഞ് തിരിച്ചു സ്വന്തം സീറ്റിലേക്ക് , ബാക്കി വര്‍ക്ക് ചെയ്യാന്‍.'  


മുതലാളിയോട് രണ്ടുകൂട്ടം പറയാന്‍ എന്റെ നാക്ക് ചൊറിയുന്നു...അത് എന്തായാലും തൊണ്ടയില്‍ത്തന്നെ തങ്ങി നിന്നു. 


സീന്‍ 3 :  'മേം , എന്നോടെന്തിനാണ് വരാന്‍ പറഞ്ഞത് ?'


(ഒരു പേരില്ലാതെ എനിക്കിനി മുന്നോട്ടുപോകാന്‍ പറ്റില്ല...അപ്പോ, ഇരിക്കട്ടെ നല്ല അടപ്രഥമന്‍ പോലൊരു പേര് - ശ്രീവര്‍ദ്ധന്‍. എല്ലാരും ശ്രീ എന്നു വിളിക്കും.
ശ്രീ എന്നു കേള്‍ക്കുമ്പോള്‍ മറ്റേ ലവനെ ഓര്‍മ്മവന്ന് നിങ്ങള്‍ എന്റെ നേരെ ഭാഷാശുദ്ധി നഷ്ടപ്പെട്ട തരത്തിലുള്ള പദപ്രയോഗം നടത്തരുത്. 'ശ്രീ' എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ശാന്തരാവണം) 


എച്ച്.ആര്‍. : 'ശ്രീ, നീയാണ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യേണ്ടത് '


'മേം!!!' (എന്നെ ഗോസ്റ്റ് ആക്കരുത്)                  



എച്ച്.ആര്‍ : 'പിന്നെ പരിപാടിയുടെ മൊത്തത്തിലുള്ള സംഘാടനത്തില്‍ സഹായിക്കണം' 


(ഇത് ഒരു സംഘട്ടനത്തില്‍ ചെന്നവസാനിക്കുന്ന ലക്ഷണമുണ്ട്) 


എച്ച്.ആര്‍ : 'ഇനി ഒരു മാസമേയുള്ളൂ , ഞാന്‍ ഇന്ന് തന്നെ എല്ലാവര്‍ക്കും മെയില്‍ അയക്കുന്നുണ്ട് .'


(അയ്`ക്കോ അയ്`ക്കോ എന്താന്നു വെച്ച അയ്`ക്കോ)


സീന്‍ 4: നീണ്ട രണ്ടുമണിക്കൂര്‍ വ്യാപ്തിയുള്ള കലാമാമാങ്കം! കോളേജിലുള്ളപ്പോള്‍ 3 ദിവസം നീണ്ടുനില്‍ക്കുന്ന ഫൈന്‍ ആര്‍ട്സ്  കണ്ടുശീലിച്ച എനിക്കു ഈ 2 മണിക്കൂറിന്റെ നീളം ഉള്‍ക്കൊള്ളാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു.
എന്നെ അവതാരകനാക്കിയ സ്ഥിതിയ്ക്കു ഒരു സഹ അവതാരക വേണമല്ലോ...അതാണല്ലോ നാട്ടുനടപ്പ്. 


അങ്ങനെ ഒരാളെയും അന്വേഷിച്ച് ഞാന്‍ ഓഫീസിലെ പെണ്ണുങ്ങളായപെണ്ണുങ്ങളുടേയൊക്കെ  തിണ്ണനിരങ്ങി. യാതൊരു ഗുണവുമുണ്ടായില്ല. 


സീന്‍ 5 :  രംഗം - സുഹൃത്തുമായി ആകുലതകള്‍ പങ്കുവെയ്ക്കുന്ന വ്യാകുലന്‍. തിമിര്‍ത്തുപെയ്യുന്ന മഴ പശ്ചാത്തല സംഗീതമൊരുക്കുന്നു.


'എന്താടെയ് , നിന്റെ ആങ്കറന്വേഷണം എവിടംവരെയായി ?'                


'എന്റെ ആങ്`കര്‍ നിയന്ത്രിക്കാന്‍ പറ്റാതായി' 


'നീ നമ്മുടെ ആ കുട്ടിയോട് ചോദിച്ചോ ?'    


'ചോദിച്ചു. ഞാന്‍ അവളുടെകൂടെ നിന്നാല്‍ വാഴയുടെ അടുത്ത് കവുങ്ങ്  നില്‍ക്കുന്നതുപോലെയുണ്ടാവും എന്നാണ് പൊതുജനാഭിപ്രായം'


'കവുങ്ങോ ? തെങ്ങല്ലേ ?' 


'തെങ്ങിന് കുറച്ചുകൂടി വണ്ണമുണ്ടാകുമെടാ'.   


'അപ്പോ മറ്റേ കുട്ടിയായാലോ?'


"കൊള്ളാം, ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നതുകണ്ടിട്ട് 'പത്ത് ' എന്നെഴുതിയപോലെയുണ്ടെന്ന് എച്ച്.ആര്‍ പറഞ്ഞു"


'എന്നാപ്പിന്നെ അവളുടെ ഫ്രണ്ട് ഒരാളുണ്ടല്ലോ, അവളെങ്ങനെ?'


" 'നൂറ്' എന്നെഴുതിയപോലെ ഉണ്ടാകും" 


'അവതാരകയ്ക്ക് നേരിട്ടക്ഷാമം കാരണം ഞാന്‍ ജമാലിനെ സഹ അവതാരകനാക്കാന്‍ തീരുമാനിച്ചു.'  (പുറത്തു ഇടി വെട്ടിയ ഒച്ച)   


'നീയങ്ങ് തീരുമാനിച്ചാ മതിയോ?'


'പോര , ഇനി ആ തീരുമാനം അവന്റെ മേത്ത് അടിച്ചേല്‍പ്പിക്കണം'


'എടാ , ഇത് ഒരുമാതിരി ശ്യാമശാസ്ത്രികളെക്കൊണ്ട് പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ പറഞ്ഞപോലിരിക്കും' 


'ബാങ്ക് കൊടുക്കുന്ന മുക്രിയെക്കൊണ്ടു കീര്‍ത്തനം പാടിക്കുന്നതുപോലെയിരിക്കും എന്നു പറ'


സീന്‍ 6 :  പെണ്‍കുട്ടികള്‍  നല്ല നല്ല പരിപാടികള്‍ പ്ലാന്‍ ചെയ്തു റിഹേഴ്സല്‍ തുടങ്ങി. ആണ്‍കുട്ടികള്‍ ഇതുവരെ പ്ലാനിങ്ങ് തുടങ്ങണോ എന്നു പോലും തീരുമാനിച്ചിട്ടില്ല.   



അപ്പോള്‍ ഉയര്‍ന്ന ചില അലയൊലികള്‍. 


'ഡാ , നമുക്ക് ഒരു സ്കിറ്റ് വേണം , പിന്നെ ഒരു സിനിമാറ്റിക്കും. നീ തിങ്കളാഴ്ച വരുമ്പോ സ്കിറ്റിന്റെ തിരക്കഥയും കൊണ്ട് വാ'


"തിങ്കളാഴ്ച വരുമ്പോ ഞാന്‍ 'തിരക്കഥ' സിനിമയുടെ സി.ഡി യും കൊണ്ട് വരാം"


'ഡാ നീ കളിക്കല്ലേ , തിങ്കളാഴ്ചത്തേക്ക് സ്ക്രിപ്റ്റ് റഡിയാക്കണം. ഡാന്‍സിന്റെ കാര്യം ഞങ്ങള്‍  നോക്കിക്കോളാം' 


'ഡാ, ജീവിതത്തില്‍ ഇന്നുവരെ ഞാനൊരു തിരക്കഥ കണ്ടിട്ടില്ല, പിന്നെ ഈ കഥ എന്നുപറയുന്നത് ഞാനെന്റെ പോക്കറ്റിലിട്ടോണ്ടു നടക്കുകയല്ല, തോന്നുമ്പോ എടുത്തു പെരുമാറാന്‍.' 


'തിരക്കഥ കൊണ്ടുവന്നില്ലെങ്കില്‍ നിന്റെ കഥ ഞങ്ങള്‍ കഴിക്കും'  


സീന്‍ 7 : ഒരു കഥയ്ക്കുവേണ്ടി ഒരാഴ്ചയോളം തലപുകച്ചു...രക്ഷയില്ല. സുകുമാരകുറുപ്പിനെപ്പോലെ കഥ പിടിതരാതെ നില്‍ക്കുകയാണ്. 

അതിനിടയ്ക്ക് നൌഷാദിന്റെ ഒരു ഡൈലോഗ്  ഓര്‍മവന്നു. 
'ടെക്നോളജിയുടെ പിറകെ പായുന്ന മനുഷ്യന്‍ , മനുഷ്യനെ ഇട്ടോടിക്കുന്ന ടെക്നോളജി'     


ഇത് ഒരു യാഥാസ്ഥിക തറവാട്ടില്‍ നടക്കുന്ന കഥയായി രൂപാന്തരപ്പെടുത്തിയാല്‍ ഒരു സ്കിറ്റിനുള്ള വകുപ്പുണ്ട്. (മോനേ, മനസ്സില്‍ ഒരു ലഡു പൊട്ടി) 


എഴുതാനുള്ള സൌകര്യം പരിഗണിച്ച് തല്ക്കാലം നമുക്ക് സ്കിറ്റിനെ നാടകം എന്നു വിളിക്കാം.



സീന്‍ 8: തിരശ്ശീലക്ക് പിന്നില്‍ - പൂര്‍ത്തിയായ കഥയും , ഞാനും പിന്നെ അത് ആദ്യമായി കേള്‍ക്കാന്‍ വിധിക്കപ്പെട്ട എന്റെ സുഹൃത്തും. 
കഥയുടെ വിവിധഭാഗങ്ങള്‍ ആഖ്യാനം ചെയുമ്പോള്‍ സുഹൃത്തിന്റെ മുഖത്ത് മിന്നിമറയുന്ന നവരസങ്ങള്‍. 


അവസാനം പറഞ്ഞു തീര്‍ന്നപ്പോള്‍.


സുഹൃത്ത്  : "എടാ ഇതിന് 'ഏ' സര്‍ട്ടിഫിക്കറ്റ് പോലും കിട്ടില്ല, അതിനേക്കാള്‍ കൂടിയ എന്തെങ്കിലും  തരേണ്ടിവരും "   


'എന്തായാലും ഇന്ന് റിഹേഴ്സല്‍ നോക്കാം'


സുഹൃത്ത്  : 'പിന്നെ ഒരു കാര്യം, മുതലാളിക്കും അഭിനയിക്കണം എന്നു പറഞ്ഞു '


'സന്തോഷം...അതിന്റെയും കൂടി കുറവുണ്ടായിരുന്നു' 


സുഹൃത്ത്  : 'ആ കര്‍ന്നോരുടെ റോള്‍ കൊടുക്കാമല്ലോ'


'അത് നൌഷാദിന് വേണ്ടി എഴുതിയ റോളാണ്, ഡാന്‍സ് കളിക്കേണ്ടിവരും. പിന്നെ അവനാവുമ്പോ ഇരുപതിന്റെ ബുദ്ധിയാണെങ്കിലും അറുപതിന്റെ വയറുണ്ട് ' 



സുഹൃത്ത്  : എടാ , അതിന് മുതലാളി ജന്മനാ ഡാന്‍സറാണ് ! 


'കാന്‍സറാണ് ! താടിക്കു തീപിടിച്ചപ്പോ അതില്‍ നിന്നും ബീഡി കത്തിക്കാന്‍ നോക്കുന്നവനെയാ എനിക്കോര്‍മ്മവരുന്നത് ' 


സീന്‍ 9 : ആദ്യത്തെ റിഹേഴ്സല്‍ നടക്കുന്ന സ്തോഭജനകമായ അന്തരീക്ഷം. 
റിഹേഴ്സല്‍ പൂര്‍വ്വാധികം നന്നായിതന്നെ കുളമാവുന്നുണ്ട്. കാഴ്ചക്കാരായി പെണ്‍കുട്ടികളടക്കം രണ്ടുമൂന്നു പേര്‍. അവസാനം മുതലാളിയുടെ നൃത്തം കഴിഞ്ഞപ്പോള്‍  അന്ന് നിര്‍ത്തി. 
കണ്ടോണ്ടിരുന്ന ഫ്രണ്ടിന്റെ മുഖത്ത് വന്ന എക്സ്പ്രഷന്‍ ഓണസദ്യക്ക് ഇലയില്‍ കറികള്‍ മുഴുവന്‍ വിളമ്പിയിട്ട് അവസാനം രി വേവിക്കാന്‍ മറന്നുപോയി എന്നു പറഞ്ഞപ്പോള്‍ ഉണ്ണാനിരുന്നവന്റെ മുഖത്ത് വന്ന എക്സ്പ്രഷന്‍ പോലിരുന്നു.      


സുഹൃത്ത്  : 'റിഹേഴ്സല്‍ കണ്ട ശേഷം ഇത് ഫാമിലിയായിട്ടു ഇരുന്നു കാണാന്‍ പറ്റുമോ എന്നു സ്മിത സംശയം പ്രകടിപ്പിച്ചു'


'അത് അവള്‍ക്ക് ഫാമിലിയാവാത്തതുകൊണ്ടു തോന്നുന്നതാണ്...അങ്ങനെയൊക്കെ ആയിക്കഴിയുമ്പോള്‍ ഒന്നിച്ചിരുന്ന് കാണേണ്ട അനിവാര്യത ബോധ്യമായിക്കോളും.' 


സീന്‍ 10: അണിയറയില്‍ ഞാനും , ജമാലും കയ്യിലൊരു കടലാസ്സും.
അവതരണം തരണം ചെയ്യാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. 
ജമാലിനെക്കൊണ്ടു രണ്ടുവരി കവിത ചൊല്ലിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 


"സ്റ്റേജില്‍ നില്ക്കുമ്പോള്‍ നീ ഓഡിയന്‍സിനെ നോക്കി പറയണം 
'എവിടെത്തിരിഞൊന്ന്  നോക്കിയാലും, 
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം.' 
ഒന്നു പറഞ്ഞേ ." 


ജമാല്‍ : 'ഏടെ തെരെഞ്ഞാലും ഓടെല്ലാം പീറ്റതെങ്ങ്  മാത്രോ '


'ഗോമൂത്രം.....
നീയുണ്ടല്ലോ , വെറുതെ സ്റ്റേജില്‍ എന്റെകൂടെ നിന്നാമതി. വാപൊളിക്കരുത്. സദ്യയ്ക്കിരിക്കുമ്പോ മാത്രം വാ തുറന്നോ.' 


ജമാല്‍ : 'അവസാനം എനിക്കെല്ലാരോടും ഓണം പറേണം' 


'എന്ത് ? ഓണാശംസകളോ ? എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നു പറഞ്ഞാമതി ' 
ജമാല്‍ : 'എല്ലാ പഹേന്‍മാര്‍ക്കും വയറുനെറച്ച് ഓണംഷംസുക്ക...ബെറൈറ്റിയല്ലേ?'


'വാമനന്‍ നിന്നെയൊന്ന്  ചവിട്ടിത്താഴ്ത്തിയിരുന്നെങ്കില്‍' 



സീന്‍ 11 : രണ്ടാമത്തെ റിഹേഴ്സല്‍ കഴിഞ്ഞു സുഹൃത്തുമായുള്ള അവലോകനം പുരോഗമിക്കുന്നു . 


'നായികയും മൊതലാളിയുമൊക്കെ മെച്ചപ്പെടുന്നുണ്ടോ ?' 


'നായികയായിട്ടു സുഹൈലിനെയാ നിശ്ചയിച്ചിരുന്നത് , പക്ഷേ അവന്‍ സമ്മതിച്ചില്ല...അവനായിരുന്നെങ്കില്‍ ഈ പങ്കപ്പാടൊന്നുമില്ലായിരുന്നു. അവന്‍ നായികയാവാന്‍ വേണ്ടി ജനിച്ചവനാ, പക്ഷേ ഇത്തവണ സ്റ്റേജില്‍ കയറില്ല എന്നു തീര്‍ത്തു പറഞ്ഞു' 


'നീ പറഞ്ഞത് ശരിയാ , അവന്റെ ഭൂമിശാസ്ത്രം വെച്ച് അവനൊരൊന്നൊന്നര നായികയായേനെ...പുതിയ നായിക ? '


'വരുണ്‍'


'പുതിയനായികയുടെ നടത്തം എങ്ങനെയുണ്ട് ?' 


'നല്ല ആണത്തമുള്ള നടത്തം'


'നായികയെ സാരിയുടുപ്പിക്കുന്നതിനെപ്പറ്റി വല്ല ഐഡിയയുമുണ്ടോ ?'


'വിജയന്‍ സാറിനോട് ചോദിക്കണം, മൂപ്പര്‍ക്ക് അറിവുണ്ടാവണം'


'ഞാന്‍ ചോദിച്ചു ശ്രീ , പുള്ളിക്ക് സാരി അഴിച്ചാണ് ശീലം, അതാണെങ്കില്‍ രണ്ടുമിനിറ്റ് മതിയെന്നാ പറയുന്നത്.'


'എന്ന ആ സീനും വെച്ചാലോ?'


'വേണ്ടെടാ, അയാള് ചെയ്തു ശീലിച്ചതുപോലെ സ്റ്റേജില്‍വെച്ച് ആക്രാന്തം കാണിച്ചാല്‍ നമ്മുടെ നായികയുടെ അംഗങ്ങള്‍ക്ക് വല്ല ഭംഗവും സംഭവിക്കും, വല്ലതും വീണുടഞ്ഞാല്‍ നായിക നായികയല്ലാതാവും.'


സീന്‍ 12 : തിരക്കഥയില്‍ നടത്തിയ കൈകടത്തലുകള്‍ക്ക് ശേഷമുള്ള ഡബിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലെ ഒരിടവേള.


'മുതലാളിയുടെ ഡാന്‍സ് എത്രത്തോളമായി? ' 


'ഒരു കാര്യത്തില്‍ സംശയമില്ല, അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ കുടുംബത്തില്‍പ്പെട്ടയാളാണ്. എന്നെക്കൊണ്ടു 3 സീന്‍ മാറ്റിയെഴുതിച്ചു , ഡാന്‍സിന്റെ സ്റ്റെപ്പ് മാറ്റിച്ചു, ബാക്ഗ്രൌണ്ടിലെ പാട്ട് മാറ്റിച്ചു.   നിങ്ങളുടെ സിനിമാറ്റിക്കിന്റെ അവസ്ഥയെന്താണ് ?' 


'പാത്തെറ്റിക്കാണ്...പക്ഷേ പ്രാക്ടീസുകൊണ്ട് ശരിയാവും. അവസാനത്തെ ബിറ്റില്‍ നീയൊന്നു മുഖം കാണിക്കണം.'


'ഡാന്‍സിലോ??? ഞാനോ!!! '


'ഇല്ലെങ്കി നിന്റെ നാടകം ഞങ്ങള്‍ കൂവിക്കുളമാക്കും'


(നടുക്കം)'ഓ ഇനി ഡാന്‍സായിട്ടെന്തിനാ വേണ്ടെന്നുവയ്ക്കുന്നത് 
ഇരിക്കട്ടെ തോളിലെ ഭാണ്ഡത്തില്‍ വിഴുപ്പിന്റെ ഒരു കെട്ടുംകൂടി...'

സീന്‍ 13 : അവസാനത്തെ റിഹേഴ്സല്‍ കഴിഞ്ഞതിന്റെ ക്ഷീണം നിഴലിക്കുന്നമുഖവുമായി സംവിധായകനും , ജിജ്ഞാസയോടെ അടുത്തിരിക്കുന്ന എഡിറ്ററും. 

എഡിറ്റര്‍ ശ്രീ വിഷൂപൂക്കുറ്റി : 'ഇന്നലെയെന്താ പ്രശ്നം പറ്റിയത് ?'      

'നമ്മുടെ യോ യോ കഥാപാത്രം കുര്‍ത്തപൊക്കികാണിക്കുന്ന സീനുണ്ടല്ലോ' 

പൂക്കുറ്റി : 'ഏത് , വിജയന്‍സാറിന്റെ മകനായി അഭിനയിക്കുന്ന, തലയില്‍ പിരമിഡുള്ളവനോ?'

'അതേ , മുടി സ്പൈക്ക് ചെയ്തവന്‍ തന്നെ. അവന്‍ ടൈമിങ്ങ് തെറ്റിച്ച് കഥാപാത്രത്തെനോക്കുന്നതിന് പകരം റിഹേഴ്സല്‍ കാണാന്‍വന്നവരെ നോക്കി കുര്‍ത്തപൊക്കി.'    

പൂക്കുറ്റി :'ആരാ കാണാന്‍ വന്നത് ?'

'മുതലാളിയുടെ ഭാര്യ...ഡാന്‍സ് കാണാന്‍ വന്നതാ'

പൂക്കുറ്റി : 'ഇപ്പോ അവര്‍ ശരിക്കും ഡാന്‍സ് കണ്ടു.' 

"വിജയന്‍ സാറ് കുറച്ചു 'ധൈര്യം' അകത്താക്കിയിട്ടേ പരിപാടിക്ക് സ്റ്റേജില്‍ കയറൂ എന്നാണ് പറയുന്നത് . അവസാനം അരയില്‍ നിന്നു വാള്‍ വലിച്ചൂരുന്ന സീനില്‍ സ്റ്റേജിലോട്ട് വാള് വെക്കുമോ എന്നാ പേടി."

പൂക്കുറ്റി : 'ഇനി വരുന്നിടത്തുവെച്ചു കാണാം'

സീന്‍ 14 : അങ്ങനെ ആ സുദിനം വന്നെത്തി. ഞാനും ജമാലും ചേര്‍ന്ന് ആങ്കറിന്റെ ധര്‍മ്മങ്ങളൊക്കെ ഞങ്ങളാലാവുംവിധം കാറ്റില്‍പ്പറത്തി. 

നാടകം അനൌണ്‍സ് ചെയ്തു.

അണിയറയില്‍ ഞാനും എന്റെ ചെവിയില്‍ മുഴങ്ങുന്ന ഹൃദയമിടിപ്പും മാത്രം...സംഭരിച്ചുവെച്ച ധൈര്യമൊക്കെ ആവിയായിപ്പോകുന്നതുപോലെ...
പഴയ ഒരു രംഗം ഓര്‍മ്മ വന്നു.       




കോളേജില്‍, ഇലഞ്ഞിമരച്ചുവട്ടില്‍, മനസ്സിന്റെ ജാലകം അവള്‍ക്കുമുന്നില്‍ തുറക്കുവാനായി കാത്തുനിന്നപ്പോള്‍ അനുഭവിച്ച ആത്മസംഘര്‍ഷം..അവളുടെ കണ്ണിലേക്ക് നോക്കി 'നിന്നെ എനിക്കു ജീവനാണ്'എന്നു പറഞ്ഞുതീര്‍ക്കാനുള്ള വ്യഗ്രത... വാക്കുകളെ വാക്യങ്ങളാക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥ... 


വേദിയില്‍ നിന്നു നിര്‍ഘമിക്കുന്ന ദ്യുതിയില്‍ ആ അവസ്ഥയുടെ നിഴലുകള്‍ വീണ്ടും മനസ്സില്‍ നൃത്തം വയ്ക്കുന്നത് കണ്ടു. 



അവസാനം ലാബിന്റെ ഇടനാഴിയില്‍വെച്ചു അവളോടു പറഞ്ഞ 'നിന്റെ നുണക്കുഴികള്‍ എനിക്കു തരുമോ'എന്ന പ്ലാന്‍ ചെയ്യാത്ത ഡൈലോഗ് പോലെ , അതുകേട്ടപ്പോള്‍ അവളുടെ കണ്ണില്‍ തെളിഞ്ഞ ആ കുഞ്ഞ് നക്ഷത്രം പോലെ, സ്ക്രിപ്റ്റിലില്ലാത്ത സീനിന് ലഭിച്ച കരഘോഷത്തോടെ നാടകം അവസാനിച്ചു.    



സീന്‍ 15 : തിരശ്ശീല വീഴുകയാണ്...രംഗത്ത് വിളക്കണയുന്നു... ഇനി മറ്റൊരു ഓണക്കാലം വരെയുള്ള ഇടവേള... പശ്ചാത്തലത്തില്‍ സംഗീതം നേര്‍ത്തു നേര്‍ത്തു വരുന്നു... മേക്കപ്പഴിക്കാനുള്ള നടന്മാരുടെ പരക്കംപാച്ചില്‍... അതിനിടയ്ക്ക് നാടകത്തിന്റെ പേര് ആരോ മന്ത്രിക്കുന്നുണ്ട് - അന്‍ഡ്രോയിഡ്.






No comments: