Friday, July 22, 2011

മാറ്റിനി

മിഥുനമാസത്തിലെ ഒരു ഞായറാഴ്ച...നേരം മദ്ധ്യാഹ്നത്തോടടുക്കുന്നു... ഫോണടിക്കുന്നത് കേട്ട് നിതിന്‍ മയക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്നു. പുറത്ത് ഇടവപ്പാതിയുടെ മിന്നലാട്ടങ്ങള്‍...

'വീണ കോളിങ്ങ്'  
നിതിന്‍ : ഹലോ
വീണ : ഹലോ
നിതിന്‍ : എന്താണ് വിശേഷംസ് ? കൊറേയായല്ലോ !
വീണ : റിസള്‍ട്ട് വന്നത് നീ അറിഞ്ഞില്ലേ ?
നിതിന്‍ : ഇന്നലേ അറിഞ്ഞു...വീണ്ടും രക്തസാക്ഷിത്വം വരിച്ചു. 
വീണ : പൊട്ടിയല്ലേ ? ആശ്വാസമായി !
നിതിന്‍ : എടീ ദരിദ്രവാസി...ഇത്രനേരം ആലോചിച്ചാലോചിച്ച് പ്രാന്തെടുത്തിട്ടു ഒന്നു കിടന്നതേ ഉള്ളൂ...നീ ആശ്വസിച്ചോ മരമാക്രി.
വീണ : ഡാ ഞാന്‍ ഇപ്പോ നിന്റെ പഴയ ക്ലാസ്സ്മേററ് മാത്രമല്ല, വേറൊരാളുടെ ഭാര്യയാണ്...ഭവ്യതയോടെ സംസാരിച്ചോ.          
നിതിന്‍ : ഓ, തന്നെ ? എന്നാല്‍ ഭവതി എന്താണ് വ്രീളാവിവശയായിരിക്കുന്നത് ?
വീണ :
ഹ ഹ ഹ...ഞാനും പൊട്ടി. ഒരെണ്ണം കിട്ടി, ഒരെണ്ണം പോയി. 
നിതിന്‍ : സന്തോഷം. അതാണ് നിനക്ക് നേരത്തെ ആശ്വാസമായത് അല്ലേ

നിന്റെ ഭര്‍ത്താവ് എന്തു പറയുന്നു ? പുള്ളി ദുഫായില്ലല്ലേ ?
വീണ : ഓ , തന്നെ തന്നെ. അതാലോചിക്കുമ്പോഴാ...പൊട്ടിയതറിഞ്ഞു എന്നെ ഡൈവോഴ്സ് ചെയ്യുമോ എന്നൊരാശങ്ക ഇല്ലാതില്ല. 
നിതിന്‍ : ഹ ഹ ഹ...ഭര്‍ത്താക്കന്മാരായല്‍ അങ്ങനെ വേണം.  
വീണ : എന്തായാലും പാസ്സാവാണ്ട് എന്നെ ദുഫായിലേക്ക് കൊണ്ടുപോകില്ല എന്നുറപ്പാ.  
നിതിന്‍ : നിന്റെ കൊച്ചിന് സുഖം തന്നെ ?
വീണ : ഇപ്പൊ ചെറുതായി സംസാരിക്കാനൊക്കെ തുടങ്ങി...എന്നെ മദര്‍, ബാഡ്  എന്നൊക്കെയാ വിളിക്കുന്നത്. ഇടക്ക് 'പുളി' എന്നൊക്കെ പറയുന്നത് കേള്‍ക്കാം...ക്ലിയറാവില്ല. 
നിതിന്‍ : നിനക്ക് ക്ലിയറായില്ല ? അവന്‍ വയറ്റിലുള്ളപ്പോഴായിരുന്നല്ലോ നമ്മുടെ 'കംപൈലറി'ന്റെ സപ്ലി ചാന്‍സ്...അപ്പോ നീ പഠിച്ചതൊക്കെ  അഭിമന്യുവിനെപ്പോലെ കേട്ട് പഠിച്ചിട്ടുണ്ടാവണം... 'മദര്‍','ബാഡ്'...ഇതൊന്നും നിന്നെ വിളിച്ചതല്ല...മദര്‍ബോര്‍ഡ് എന്നു പറഞ്ഞതാ, 'പുളി' എന്നുവെച്ചാ സപുളി അതായത് സപ്ലി...കൊച്ച് പറയുമ്പോ പുളി എന്നൊക്കെ തോന്നും. പിന്നെ, പറഞ്ഞപോലെ  ഈ  പ്രാവശ്യവും 'ക്ലിയറായില്ലല്ലോ'! സപ്ലിയടിച്ചില്ലേ അവന്റെ മദര്‍...വെരി ബാഡ്.             


വീണ : നിന്നെ വിളിച്ച എന്നെ തല്ലണം. നീ ചാന്‍സിന് അപ്ലൈ ചെയുമ്പോ അറിയിക്കണേ... 
നിതിന്‍ : ഒക്കെ വിളിക്കാം. ഇപ്പോ മാറ്റിനിക്ക് ഇറങ്ങണം.
വീണ : വേറെ ആരൊക്കെയുണ്ട് ? 
നിതിന്‍ : നൌഷാദും, വിഷുണുവും, തടിയനും. 
വീണ : ഏതാ പടം ?
നിതിന്‍ :നൌഷാദിന്റെ 'ചെക്ക'ന്റെ പടം.
വീണ :ചെക്കനോ?
നിതിന്‍ : അതേ, പടത്തിലെ ഹീറോ...നൌഷാദിന്റെ അച്ഛനൊക്കെ ചെക്കനായിരുന്ന കാലത്ത് ഇദ്ദേഹവും ചെക്കനായിരുന്നു...പിന്നെ ചെയ്യുന്ന റോള്‍ ഇപ്പോഴും അതുപോലുള്ളതായതുകൊണ്ടു 'ചെക്കന്‍' എന്നു വിളിക്കുന്നതില്‍ തെറ്റില്ല.   
വീണ : ഓ...ശരി അവന്മാരോട് അന്വേഷണം പറ...വെക്കട്ടെ.   
വീണ : ഒക്കെ, ബൈ.

നൌഷാദും വിഷ്ണുവും...കലാലയത്തില്‍ വിദ്യാര്‍തഥികളായിരിക്കുന്ന കാലത്ത് തന്നെ മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍...എന്നിട്ടു സ്വയം പ്രതിസന്ധിയില്‍ അകപ്പെടുന്നവര്‍.
റിസള്‍ട്ടിന്റെ രൂപത്തില്‍
സര്‍വ്വകലാശാല തന്തയില്ലായ്മ കാണിക്കുമ്പോള്‍ നീതിനും അവരോടൊപ്പം ചേരും...തന്റെ പരാജയങ്ങള്‍ ആഘോഷിക്കാന്‍.
വിഷ്ണു , നഷ്ടപ്രണയം ഹൃദയത്തിലേല്‍പ്പിച്ച നഖക്ഷതങ്ങളില്‍ നിന്നുല്‍ഭവിക്കുന്ന സ്മരണകളു
ടെ നൊമ്പരവുമായി മല്ലിട്ടുകൊണ്ടിരുന്ന കാലം...പ്രകടമാക്കപ്പെടേണ്ട പൂര്‍ണ്ണതയില്‍ ആവിര്‍ഭവിച്ച മൌനങ്ങളുടെ വാചാലതകൊണ്ടു ആനുസ്യൂതം നിര്‍ഗമിക്കുവാന്‍ കഴിയാതെപോയ പ്രണയം...അതിനെ നഷ്ടപ്രണയം എന്നു വിളിക്കാമോ ?  പാടില്ലെന്നാണ് തടിയന്റെ ഭാഷ്യം 
തടിയന്‍ : ഡാ...നീ പടത്തിന് വരുന്നില്ലേ ?
വിഷ്ണു : ഒരു മൂഢില്ല.          
തടിയന്‍ : തിരിച്ചുകിട്ടാത്ത സ്നേഹം തുമ്മാന്‍ ആഞ്ഞതിന് ശേഷം പുറത്തുവരാത്ത തുമ്മല്‍ പോലെയാണ്! അത് തുമ്മിത്തന്നെ തീര്‍ക്കണം.    
വിഷ്ണു : എന്താന്ന് ???
തടിയന്‍ : അതോണ്ട്, നീ കൂടുതല്‍ ഒന്നും ആലോചിക്കണ്ട...നേരെ തിയറ്ററിലോട്ട് വാ...ഞാന്‍ നൌഷാദിന്റെ കൂടെ ബൈക്കില്‍ എത്തും.




അങ്ങനെ അവര്‍ തിയറ്ററിന്റെ മുന്നില്‍ കണ്ടുമുട്ടി.
നിതിന്‍ : നീ തടിയനെ വിളിച്ചില്ലെ ?
നൌഷാദ് : അവനെ പിക്ക് ചെയ്യാന്‍ വീട്ടിനുമുന്നില്‍ എത്തിയതാ, അപ്പോ ചില ഡയലോഗുകള്‍ കേട്ടു.

"...എന്റെ
ജി.സ്പോട്ട് കാണുന്നില്ല...അമ്മേ, അച്ഛന്റെ ജി.സ്പോട്ട് കണ്ടോ ? "  
"ഞാനെങ്ങും കണ്ടില്ല ...ബെഡ്റൂമിനകത്തൊന്നു നോക്ക് "

എന്തോ എനിക്കത്ര പന്തിയായിത്തോന്നിയില്ല. ഞാന്‍ നേരെ ഇങ്ങോട്ട് പോന്നു.
വിഷ്ണു : എടാ അത് അവന്റെ വാച്ചാ...
ജി.സ്പോര്‍ട്ട് എന്നായിരിക്കും പറഞ്ഞത്.  G-Sport മനസ്സിലായോ. അവര്‍ അച്ഛനും മകനുമൊക്കെ ജി.സ്പോര്‍ട്ടിന്റെ വാച്ച് കെട്ടുന്നവരാ.      

നിതിന്‍ : എന്തായാലും ഇനി ടൈമില്ല , നമുക്ക് കയറാം.

സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.അവര്‍ ക്യൂ നിന്ന് ടിക്കറ്റെടുത്ത് പടം കണ്ടു. പുറത്തിറങ്ങിയപ്പോ തടിയന്റെ ഫോണ്‍.
തടിയന്‍ : ഡാ , എങ്ങനുണ്ട് ? നൌഷാദിനെ കണ്ടില്ല , ഞാന്‍ പിന്നെ ബസ്സ് പിടിച്ചു വരണ്ടേ...അതോണ്ട് നാളെ അഭിയുടെ കൂടെ പോകാം എന്നുവെച്ചു.  
വിഷ്ണു : സിനിമയെപ്പറ്റി പറയുകയാണെങ്കില്‍ 'രണ്ടു മണിക്കൂര്‍ തടവും നാല്‍പ്പത് രൂപ പിഴയും' കഴിഞ്ഞിറങ്ങിയ പോലുണ്ട്. ഇത് മലയാളസിനിമയുടെ  പ്രതിസന്ധിയല്ല, ദശാസന്ധിയാണ്.നാളെ നീ ഈ പ്രദേശത്തേക്ക് വരരുത്.
തടിയന്‍ : സന്തോഷം . അപ്പോ ശരി.
നൌഷാദ് : എന്താ അടുത്ത പരിപാടി.
വിഷ്ണു : ബൈക്കിന്റെ ഡിസ്ക് മാറ്റാന്‍ കൊടുത്തിട്ടുണ്ട്, അത് ശരിയായോ എന്നു നോക്കണം...പിന്നെ നേരെ വീട്ടില്‍ പോണം. ഈ മാസം തള്ളിനീക്കാന്‍ കഷ്ടിച്ച് 600 രൂപ ബാക്കിയുണ്ട്.
നിതിന്‍ : ബൈക്കിനോ ?
വിഷ്ണു : അത്, സന്ദീപ് കടമെടുത്ത 1000 കുറച്ചുമുന്‍പ് തിരിച്ചു തന്നിട്ടുണ്ട്.അത് മതിയാകും.        
നൌഷാദ് : ശരി , നീ ഒരു നൂറു തന്നെ, നാളെ തരാം.

വിഷ്ണു പേഴ്സ് തപ്പുന്നു.
"ദൈവമേ ,പേഴ്സ്..."    
നിതിന്‍ : എന്താ ?
വിഷ്ണു : പേഴ്സ് കാണുന്നില്ല
നിതിന്‍ : നീ ശരിക്കൊന്ന് നോക്കിയേ...

വിഷ്ണു : അടിച്ചെന്നു തോന്നുന്നു
നൌഷാദ് : നമ്മള്‍ ഇരുന്ന സ്ഥലത്തൊക്കെ ഒന്നു നോക്കാം, വാ.
അവര്‍ ആ തീയറ്റര്‍ മുഴുവനും അരിച്ചുപെറുക്കി നോക്കിയിടും പേഴ്സിന്റെ നിഴലുപോലുമില്ല.
നിതിന്‍ : പേഴ്സില്‍ വേറെ എന്തൊക്കെയുണ്ടായിരുന്നു ? 
വിഷ്ണു :ലൈസന്‍സ് ,എ.ടി.എം കാര്‍ഡ് , സന്ദീപ് തന്ന ആയിരം പിന്നെ എന്റെ ഒരിരുനൂറ്.
നൌഷാദ് : ക്യൂ നിന്നപ്പോ അടിച്ചതായിരിക്കും...
വിഷ്ണു : ഇനി എന്തു ചെയ്യും ?
നിതിന്‍ : പോലീസിനെ അറിയിക്കണ്ടേ ?
നൌഷാദ് : അതേ , അറിയിക്കണ്ട താമസേ ഉള്ളൂ , ആളെ പിടിക്കാന്‍.


നിതിന്‍ :  എന്തായാലും വാ , ടൌണ്‍ സ്റ്റേഷനില്‍ ഒന്നു പോകാം...നീ കസ്റ്റമര്‍ കേയറില്‍  വിളിച്ച് എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ പറ. 
വിഷ്ണു : മലയാള സിനിമയ്ക്ക് മാത്രമല്ല എനിക്കും ദശാസന്ധിയാണെന്ന് തോന്നുന്നു.
വേണ്ടതൊക്കെ ചെയ്തതിനു ശേഷം അവര്‍ വഴിപിരിയുന്നു...

വിഷ്ണു കയറിയ ബസ്സില്‍ സാമാന്യം തിരക്കുണ്ടായിരുന്നു.കൂറച്ചുകഴി
ഞ്ഞു മുന്‍വശത്ത് സീറ്റ് കിട്ടി.വീണ്ടും ഒരു പതിനഞ്ചു മിനിറ്റ് ആയപ്പോള്‍ കൈകുഞ്ഞിനെ എടുത്തോണ്ട് ഒരു സ്ത്രീ കയറി...നില്ക്കാന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ വിഷ്ണു തന്റെ സീറ്റ് അവര്‍ക്ക് ഒഴിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.
"വേണ്ട മോനേ , കൊച്ചിനെ ഒന്നു വെച്ചാ മതി.ഉറക്കത്തിലാ അതോണ്ട് മടിയിലിരുന്നോളും..."    
വിഷ്ണു കൊച്ചിനെ വാങ്ങുന്നു. ഈ ലോകത്തിന്റെ വിഹ്വലതകളുടെ ക്ഷേത്രഗണിതത്തില്‍ നിന്നുള്ള ഒരിടവേള - എല്ലാം മറന്നുള്ള ഉറക്കം, അതറിഞ്ഞിട്ട് എത്ര ദിവസമായി! കൊച്ച് ഉറങ്ങുന്നതു നോക്കികൊണ്ടിരുന്ന വിഷ്ണുവിന്റെ ഘദ്ഗദത്തില്‍ അത് വ്യക്തമായിരുന്നു.
'ദൈവമേ , ഇന്നിപ്പോ കയ്യിലുണ്ടായിരുന്ന കാശും പോയി...ഇനി ലൈസന്‍സിന് വേറെ അപേക്ഷിക്കണം, എ.ടി.എം കാര്‍ഡ് കിട്ടാന്‍ രണ്ടാഴ്ച കഴിയും...സര്‍വീസിന് കൊടുത്ത ബൈക്കും തിരിച്ചെടുത്തിട്ടില്ല... ആ സന്ദീപിന് കടം വാങ്ങിയ പൈസ രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു തന്നാ പോരായിരുന്നോ...അതും പോയി.ജീവിതത്തില്‍ ദു:സ്വപ്നങ്ങളുടെ പരേഡ് നടന്നുകൊണ്ടിരിക്കുകയാണല്ലോ'
അങ്ങനെ ഇരുന്നു സമയം പോയതറിഞ്ഞില്ല...ഇറങ്ങാനുള്ള സ്റ്റോപ്പിന് 20 മിനിറ്റ് കൂടിയുണ്ട്. കുഞ്ഞ് ഉറക്കം തന്നെ.ഏതായാലും എണീക്കാം, ഇനി ഇതിന്റെ അമ്മ ഇരുന്നോട്ടെ.

 "ഈശ്വരാ...അവരെവിടെ ???"
"ഈ കൊച്ചിന്റെ അമ്മ എവിടെ ? അവരെ കാണുന്നില്ല!!!"
"ചേട്ടാ , ഈ കൊച്ചിനെ എന്റെ കയ്യില്‍ തന്ന സ്ത്രീയെ കണ്ടോ ? "
യാത്രികന്‍ : ഞാന്‍ കണ്ടില്ല...കണ്ടക്ടറോട് ചോദിച്ച് നോക്ക്.
കണ്ടക്ടര്‍ : ആ തമിഴത്തിയാണോ? ഇറങ്ങുന്നത് കണ്ടില്ല...തിരക്ക് കാരണം ശ്രദ്ധിച്ചില്ല..ചിലപ്പോ ഇറങ്ങിക്കാണും.
വിഷ്ണു : അയ്യോ...ഇത് അവരുടെ കൊച്ചാണല്ലോ...എന്റെ കയ്യില്‍ തന്നത് മറന്നുപോയോ ? ഞാനിനി എന്തുചെയ്യും ദൈവമേ.
കണ്ടക്ടര്‍ : നിങ്ങളുടെ കയ്യില്‍ തന്നത് മറന്നു പോയെന്നോ ? എങ്കില്‍ അവരിതിന്റെ അമ്മയല്ല.
വിഷ്ണു : പിന്നെ ഇത് എന്റെ കൊച്ചാണോ ? ഞാന്‍ തന്നെ ഒരു കൊച്ചല്ലേ ചേട്ടാ.
കണ്ടക്ടര്‍ :കൊച്ചിനെ നിന്റെ കയ്യില്‍ തന്നതാണെന്ന് നീ പറയുന്നു, ഞാന്‍ കണ്ടിട്ടില്ല. ഇവിടെ അടുത്തുള്ള സ്റ്റേഷനില്‍ പോയി പറ. വേഗം ഇറങ്ങിക്കോ.

'ഇതൊന്നും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ...കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ...
ഒന്നുമറിയാണ്ട് ഒക്കത്തിരുന്നുറങ്ങുന്നത് കണ്ടില്ലേ...
ഏതുനേരത്താണാവോ സീറ്റ് കണ്ടപ്പോ ഇരിക്കാന്‍ തോന്നിയത്...'
അങ്ങനെ അവന്‍ അവിടെയുള്ള പോലീസ് സ്റ്റേഷനില്‍ എത്തി.
വിഷ്ണു : എസ്സ്.ഐ യെ ഒന്നു കാണണം
കോണ്‍സ്റ്റബിള്‍: അകത്തോട്ട് ചെല്ലു.
എസ്സ്.ഐ : എന്താണ് കാര്യം ?
വിഷ്ണു കാര്യം പറയുന്നു.
നിന്റെ മുന്നില്‍ക്കൂടി ആ സ്ത്രീ ഇറങ്ങുന്നത് കാണാതിരിക്കാന്‍ മാത്രം നീ എന്തു സ്വപ്നമാ കണ്ടോണ്ടിരുന്നത് ?
വിഷ്ണു : ഒരു ദു:സ്വപ്നമായിരുന്നു സാര്‍...എന്റെ പേഴ്സ് ഇന്ന് പോക്കറ്റടിച്ചുപോയി , അതിനെ പറ്റി ആലോചിച്ചോണ്ടിരുന്നതായിരുന്നു.
എസ്സ്.ഐ : ഓഹോ , ആ സ്ത്രീയെക്കണ്ടാ എങ്ങനെ ഇരിക്കും ?
വിഷ്ണു : നിറം കുറവാ, പക്ഷേ തമിഴത്തിയാണെന്ന് തോന്നുന്നില്ല, നല്ല ഉയരമുണ്ട്...വില കുറഞ്ഞ തരം സാരി ഉടുത്തിരുന്നു. അത്രയൊക്കയേ ഞാന്‍ ശ്രദ്ധിച്ചുള്ളൂ.
തുടര്‍ന്ന് എസ്സ്.ഐ മറ്റ് വിവരങ്ങള്‍ തിരക്കി.
"നിന്റെ പേര് കൊള്ളാം...വിഷ്ണു...അവതാരമൊക്കെ എടുക്കുന്നവനാ..."
ആട്ടെ,കുഞ്ഞിന്റെ കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന മാലയും വളയും എവിടെടാ ?"   
( ദൈവമേ , ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണ് ,നിലത്തുകിടക്കുമ്പോ പാമ്പും കടിച്ചു അവസാനം ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ആ വണ്ടി ആക്സിഡന്റായ പോലുണ്ടല്ലോ എന്റെ കാര്യം  )
 
വിഷ്ണു : സാറേ ദൈവദോഷം പറയരുത്. എന്റെ കയ്യില്‍ തന്നപ്പോ അങ്ങനെയൊന്നും ഇല്ലായിരുന്നു.    
എസ്സ്.ഐ : നിന്റെ ഐ.ഡി കാര്‍ഡ് കാണിച്ചേ       
വിഷ്ണു :സാര്‍ അതൊക്കെ നഷ്ടപ്പെട്ട പേഴ്സിലായിരുന്നു. ടൌണ്‍ പോലീസ് സ്റ്റേഷനില്‍ കംപ്ലയിന്‍റ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സാര്‍ അന്വേഷിച്ച് നോക്കണം.
ഇതിനിടക്ക് കൊച്ച് എണീറ്റ് കരയാന്‍ തുടങ്ങി.


എസ്സ്.ഐ :നീ അവിടെ പുറത്തിരിക്ക്, ഞാനൊന്നന്വേഷിക്കട്ടെ.
കുറച്ചുകഴിഞ്ഞു കോണ്‍സ്റ്റബിള്‍ ഒരാളെ പിടിച്ചു കൊണ്ടുവന്ന് എസ്സ്.ഐ യുടെ മുന്നില്‍ നിര്‍ത്തുന്നു.

എസ്സ്.ഐ : ദേ നിന്റെ പേഴ്സ്  ഇതാണോ എന്നു നോക്ക്.

വിഷ്ണു അകത്തുകടന്നു പേഴ്സ് വാങ്ങി നോക്കുന്നു...ക്ഷീണിച്ചുവലഞ്ഞ ഒരാള്‍  കോണ്‍സ്റ്റബിളിന്റെ അടുത്ത് നില്‍പ്പുണ്ട്.മുഖത്ത് കൈ പതിഞ്ഞ പാട്. 
വിഷ്ണു : സാര്‍ ഇതുതന്നെയാ ! പക്ഷേ ഇതിനകത്ത് പണമില്ല , കാര്‍ഡും ലൈസന്‍സും ഉണ്ട്.
എസ്സ്.ഐ : അപ്പോ ആള് ഇതുതന്നെ. എത്ര രൂപയുണ്ടായിരുന്നു 
വിഷ്ണു : ആയിരത്തിയിരുനൂറ്.
എസ്സ്.ഐ എണീറ്റ് പേഴ്സ് മോഷ്ടിച്ചയാളുടെ അടുത്തേക്ക് ചെന്ന് 
മുഖത്ത് ശക്തിയായി അടിക്കുന്നു.
"പറയെടാ നായിന്റെ മോനേ, നീ അതെന്തു ചെയ്തു ? " 
മോഷ്ടാവ് : ആദ്യമായിട്ടാണ്
സാര്‍ ഞാന്‍ ഇങ്ങനെ ചെയുന്നത്. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്
എസ്സ്.ഐ : ആദ്യത്തേതാണെന്ന് മനസ്സിലായി. അതുകൊണ്ടാണല്ലോ ഇത്ര പെട്ടെന്ന് പിടിയിലായത്.
മോഷ്ടാവ് : സാര്‍ , എനിക്കു കൂലിപ്പണിയാണ്. എന്റെ ഭാര്യക്ക് അസുഖം വന്നിട്ട് ആശുപത്രിയിലാ. എത്രയും പെട്ടെന്ന് രണ്ടായിരം രൂപയുടെ ഒരിഞ്ചക്ഷന്‍ എടുക്കണം...പണം തികയാതെ വന്നപ്പോ ചെയ്തുപോയതാണ്...മരുന്നും വാങ്ങി ആശുപത്രിയിലേക്ക് പോകും വഴിക്കാണ് ഈ സാറ് വന്നു എന്നെ പിടിച്ചത്.ഞാന്‍ ഈ മരുന്നൊന്ന് കൊണ്ടുകൊടുത്തോട്ടേ എന്നിട്ട് സാറ് എന്നെ എന്തുവേണമെങ്കിലും  ചെയ്തോ.(അയാള്‍ കരയാനാരംഭിച്ചു)
എസ്സ്.ഐ : (വിഷ്ണുവിനോട്) പേഴ്സിന്റെ കാര്യം തീരുമാനമായല്ലോ...ഇനി ഈ കുഞ്ഞിന്റെ കാര്യം...അത് തീരുമാനമാവാണ്ട് നിനക്കു ഏതായാലും പോകാന്‍ പറ്റില്ല.
വിഷ്ണു : സാര്‍, എനിക്കു എന്റെ കാര്‍ഡും, ലൈസന്‍സും തിരിച്ചുകിട്ടി...പണം പോയതില്‍ എനിക്കു പരാതിയില്ല...അയാളെ വിട്ടേക്കു സാര്‍...അയാള്‍ പോയി ആ മരുന്ന് കൊടുക്കട്ടെ.            
എസ്സ്.ഐ വിഷ്ണുവിന്റെ കണ്ണുകളിലേക്ക് അന്തം വിട്ടു നോക്കുന്നു... "അങ്ങനെ വിടാനൊന്നും പറ്റില്ല, ഇതിനൊക്കെ അതിന്റെതായ നിയമങ്ങളുണ്ട് "
വിഷ്ണു : എനിക്കു ഏതായാലും പരാതിയില്ല...വിടാന്‍ പറ്റുമെങ്കില്‍ വിടൂ. അയാള്‍ക്ക് ആദ്യമായിട്ട് പറ്റിപ്പോയ ഒരു തെറ്റല്ലേ.
മോഷ്ടാവ് : അവസാനമായിട്ടും...സാര്‍, ഇനി ഇങ്ങനെ ഉണ്ടാവില്ല. ഇ
ഞ്ചക്ഷന്‍ എടുത്താല്‍ ഭാര്യയുടെ അസുഖം കുറയും പിന്നെ എനിക്കു പഴയ പോലെ പണിക്ക് പോകാം. ഞാനിതൊന്ന് അവിടെ എത്തിച്ചോട്ടെ... വെണെങ്കില്‍ സാറും എന്റെ കൂടെ വന്നോ...

എസ്സ്.ഐ ക്കു ഫോണ്‍ വരുന്നു

"അതേ...ഓഹോ...പിങ്ക് നിറമുള്ള ഉടുപ്പ്...അതേ...വെളുത്ത നിറം...മാലയും വളയും...ജോലിക്ക് നിന്ന പെണ്ണ്...ഒക്കെ"
എസ്സ്.ഐ : (മോഷ്ടാവിനോട്) ഉം...പൊയ്ക്കൊ...വേഗം ആ മരുന്ന് കൊണ്ടുകൊടുക്ക്.   
മോഷ്ടാവ് : (വിഷ്ണുവിനോട് )പണിക്കു പോയിതുടങ്ങിയാല്‍ ഞാന്‍ ഈ പൈസ സാറിന് തിരിച്ചു തരും...സത്യം.
വിഷ്ണു : അതൊന്നും വേണ്ട , താന്‍ വേഗം പോകാന്‍ നോക്ക്... കാര്‍ഡൊക്കെ കിട്ടിയത് തന്നെ വല്യ കാര്യം. 

മോഷ്ടാവ് : സാറിനെ ദൈവം അനുഗ്രഹിക്കും
വിഷ്ണു : നിഗ്രഹിക്കാതിരുന്നമതിയായിരൂന്നു!        
എസ്സ്.ഐ : (വിഷ്ണുവിനോട്) മോനേ കുഞ്ഞിനെ അവരുടെ കയ്യില്‍ കൊടുത്തിട്ടു നീയും പൊയ്ക്കൊ
(വനിതാ പോലീസ് വന്നു കുഞ്ഞിനെ വാങ്ങുന്നു)

നിന്റെ അഡ്രസ് ഇവിടെ കൊടുക്കണം. പേര് പോലെ തന്നെ നീ ഒരവതാരമാണ് , മനുഷ്യത്വത്തിന്റെ അവതാരം !

വിഷ്ണു : താങ്ക്`യു  സാര്‍. (അഡ്രസ് എഴുതികൊടുത്തിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് പോകുന്നു)


ഇപ്പോ  എന്തെന്നില്ലാത്ത  ഒരു  സമാധാനം...ആ കൊച്ചിന്റെ കാര്യം എന്താവുമോ എന്തോ ? എന്തായാലും എന്റെ തലയില്‍ നിന്നൊഴിവായല്ലോ...വേഗം വീട് പിടിക്കണം.


രണ്ടാഴ്ചയ്ക്കു ശേഷം ഒരു ദിവസം...വിഷ്ണുവിന്റെ വീട്... പുറത്ത്, കര്‍ക്കിടകത്തിന്റെ വര്‍ഷ ഋതു ചിങ്ങത്തിന്റെ വസന്തത്തെ വരവേല്‍ക്കാനെന്നപോലെ ഒളിഛിമ്മിക്കൊണ്ടിരുന്നു...രജിസ്റ്റേഡില്‍ ഒരു കവര്‍ വരുന്നു...വിഷ്ണു തുറന്നു നോക്കി...വെള്ളകടലാസ്സില്‍ ഇങ്ങനെ എഴുതിയിരുന്നു

പ്രിയപ്പെട്ട വിഷ്ണു ,
         അന്ന് മോന്‍ ഞങ്ങള്‍ക്ക് തിരിച്ചു തന്നത് ഞങ്ങളുടെ മോളെയല്ല , ഞങ്ങളുടെ ജീവന്‍ തന്നെയായിരുന്നു...മോനെ ദൈവം അനുഗ്രഹിക്കട്ടെ...ദയവായി ഞങ്ങളുടെ ആത്മാര്‍ഥമായ സ്നേഹത്തില്‍ ചാലിച്ച നന്ദിയുടെ ഈ മുല്ലപ്പൂക്കള്‍ സ്വീകരിക്കുക...മറ്റൊന്നും വിചാരിക്കരുത്.
                                      എന്ന്
                                      നെജു മോളുടെ അച്ഛനും അമ്മയും.

വിഷ്ണു കവര്‍ തുറന്നു നോക്കുന്നു , അതില്‍ ആയിരത്തിന്റെ അഞ്ചു നോട്ടുകള്‍.

പുറത്ത് മഴ പെയ്തൊഴിഞ്ഞു.
ഇതുപോലെ പ്രണയത്തിന്റെ മുല്ലപ്പൂകളുമായി അവളും ഒരു ദിവസം തിരിച്ചു വരുമോ...തിരിച്ചു വരട്ടെ...നമുക്ക് കാത്തിരിക്കാം.    
 
 

4 comments:

Unknown said...

തിരിച്ചുകിട്ടാത്ത സ്നേഹത്തിന്റെ വര്‍ണ്ണന നനായിടുണ്ട്... പിന്നെ മദര്‍ ബോര്‍ഡും സുപ്ലിയും കലക്കി :)

Ranjith said...

kalakki..
aareda ninte aa kadhaapathram?

Raj said...

@Sandeep
Thankyou.

Raj said...

@Ranjith
thanks da...kathapatram sankalpikamalla !